'നവരസ' റിലീസിന്​ പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ബാൻനെറ്റ്​ഫ്ലിക്​സ്'; കാരണം ഇതാണ്​

ന്യൂഡൽഹി: ഒമ്പത്​ സിനിമകൾ ഉൾകൊള്ളുന്ന ആന്തോളജിയായ 'നവരസ' ആഗസ്റ്റ്​ ആറിനാണ്​ നെറ്റ്​ഫ്ലിക്​സിലൂടെ പ്രേക്ഷകരിലേക്കെത്തിയത്​. ചിത്രത്തിന്​ സമ്മിശ്ര പ്രതികരണമാണ്​ ലഭിച്ചത്​. റിലീസിന്​ പിന്നാലെ നെറ്റ്​ഫ്ലിക്​സ് നിരോധിക്കണമെന്നാവശ്യപ്പെട്ട്​ '​ബാൻനെറ്റ്​ഫ്ലിക്​സ്​' ട്വിറ്ററിൽ ട്രെൻഡിങ്ങായി.

നവരസയിലെ ഒരു ചിത്രത്തിന്‍റെ പരസ്യത്തിനായി ഖുർആൻ വചനങ്ങൾ ഉപയോഗപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഒ.ടി.ടി റിലീസായ ചിത്രത്തിലെ 'ഇൻമൈ'യുടെ പരസ്യമാണ്​ 'ഡെയ്​ലി തന്തി'യെന്ന തമിഴ്​ പത്രത്തിൽ വന്നത്​. രതീന്ദ്രൻ ആർ. പ്രസാദ്​ സംവിധാനം ചെയ്​ത ചിത്രത്തിൽ സിദ്ധാർഥും പാർവതിയുമാണ്​ പ്രധാന വേഷങ്ങളിലെത്തിയത്​.

പരസ്യചിത്രത്തിൽ ഖുർആൻ വചനം പ്രസിദ്ധീകരിക്കുക വഴി വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചുവെന്നും അതിനാൽ ​െനറ്റ്​ഫ്ലിക്​സ്​ ഇന്ത്യക്കെതിരെ കടുത്ത നടപടി സ്വീകരിക്ക​ണമെന്നും 'റാസ അക്കാദമി' ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതിന്​ പിന്നാലെ നിരവധി ആളുകൾ ഇതേ ആവശ്യം ഉന്നയിച്ച്​ ട്വീറ്റ്​ ചെയ്​തു.

ഒമ്പത്​ വികാരങ്ങളെ അടിസ്​ഥാനപ്പെടുത്തിയാണ്​ 'നവരസ' നിർമിച്ചിരിക്കുന്നത്​. സംവിധായകന്‍ മണിരത്‌നത്തിൻെറയും ജയേന്ദ്ര പഞ്ചപകേശൻെറയും നിര്‍മാണം. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കോവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

Tags:    
News Summary - After Navarasa release BanNetflix trending on Twitter reason is this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.