ബുധനാഴ്ച്ചയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താൻ റിലീസിനെത്തിയത്. അഞ്ച് വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് ഷാരൂഖിന്റെ സിനിമ തീയറ്റിൽ എത്തുന്നത്. സിനിമ ആദ്യ ദിനം ആഗോളതലത്തിൽ വാരിക്കൂട്ടിയത് 100 കോടി രൂപയാണ്.
ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ആദ്യ ദിനം 100 കോടിയിലേറെ കലക്ഷൻ നേടുന്നത്. ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് മാത്രം ഫസ്റ്റ് ഡേ 57 കോടിയിലേറെയാണ് ചിത്രം നേടിയത്. ഓവർസീസ് കലക്ഷനടക്കം ചിത്രം 100 കോടി നേടിയതായി ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖ് ഖാൻ-ദീപിക പദുകോൺ ചിത്രം നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി ഓപണറായി മാറിയിരിക്കുകയാണ്.
പ്രീ ബുക്കിങ്ങിൽ തന്നെ കോടികളാണ് ചിത്രം കൊയ്‌തത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് നടി പത്മപ്രിയ. ഡൽഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസിലാണ് താരമെത്തിയത്. തീയറ്ററിലെ ആവേശവും നടി വിഡിയോയിലാക്കി പങ്കുവച്ചിട്ടുണ്ട്.
2005 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റീലിസ് സമയത്താണ് താൻ ഇതിനു മുൻപ് ആർപ്പു വിളികൾക്ക് മുൻപിലിരുന്നതെന്ന് പത്മപ്രിയ പറയുന്നു.
യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂനിവേഴ്സിലെ മൂന്നാമത്തെ അവതാരമായാണ് ഷാരൂഖ് ഖാൻ പത്താനിലെത്തിയത്. സൽമാൻ ഖാന്റെ ടൈഗർ, ഹൃത്വികിന്റെ കബീർ, ഇപ്പോൾ കിങ് ഖാന്റെ പത്താനും ചേരുന്നതോടെ, ബ്രഹ്മാണ്ഡ സിനിമകളുടെ നിര തന്നെയാണ് ഇനിയങ്ങോട്ട് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പത്താനിൽ അതിന്റെ സൂചനയും നൽകുന്നുണ്ട്. സൽമാന്റെ ഗസ്റ്റ് റോളിന് മികച്ച കൈയ്യടിയാണ് ലഭിച്ചത്.
ചിത്രത്തിൽ, പ്രതിനായകനായി എത്തിയ ജോൺ എബ്രഹാമിന് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ് ലഭിച്ചത്. നായകനോളം തന്നെ വില്ലനായി പത്താനിൽ ജോൺ തകർത്താടിയിട്ടുണ്ട്. ദീപിക പദുകോണും തന്റെ റോൾ അതിഗംഭീരമാക്കി. ഡിംപിൾ കപാഡിയയും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.