നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിയത് അഞ്ചിലധികം സിനിമ താരങ്ങൾ...

കേരളത്തെയാകെ ഞെട്ടിച്ച, നടിയെ ആക്രമിച്ച കേസിൽ നാളെ വിധി വരുകയാണ്. 2017 ഫെബ്രുവരിയിൽ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ക്രൂരമായി ആക്രമിക്കുകയും വിഡിയോയും പകർത്തുകയും ചെയ്തു അക്രമികൾ. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നൽകുകയും അതിനുശേഷം ഇന്നോളം ധീരമായി പോരാടുകയും ചെയ്തു.

കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്. 261 സാക്ഷികളാണ് കേസിൽ ആകെ ഉണ്ടായിരുന്നത്. എന്നാൽ വിചാരണ പുരോഗമിക്കുന്തോറും ദിലീപിന്‍റെ പങ്ക് തെളിയിക്കാൻ കഴിയുന്ന തരത്തിൽ സാക്ഷി പറഞ്ഞവരൊക്കെ പിൻമാറുന്ന കാഴ്ചയാണ് നാം കണ്ടത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്. ഇതിൽ പ്രമുഖരായ ചില സിനിമ താരങ്ങളും ദിലീപിന്‍റെയും കാവ്യയുടെയും ബന്ധുക്കളും ഉൾപ്പെടുന്നുണ്ട്.

മൊഴി മാറ്റിയ താരങ്ങൾ

നടി ഭാമയും നടൻ സിദ്ദിഖും ആദ്യം ദിലീപിന്‍റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തിൽ മൊഴി നൽകിയവരാണ്. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതിൽ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നു എന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പറഞ്ഞു. എന്നാൽ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്നായിരുന്നു ഇവരുടെ മൊഴി. അതിജീവിത തന്‍റെയും ദിലീപിന്‍റെയും ചിത്രങ്ങൾ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്‍റെ പേരിൽ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്‍റെ മൊഴി. എന്നാൽ വിചാരണ വേളയിൽ കാവ്യ മൊഴിയിൽ നിന്ന് പിന്മാറി.

അതിജീവിതയും ദിലീപും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അറിയാമെന്നായിരുന്നു നടി ബിന്ദു പണിക്കർ ആദ്യം പറഞ്ഞത്. അതിജീവിതയിൽ നിന്നും കാവ്യയിൽ നിന്നും ഈക്കാര്യങ്ങൾ അറിയാമെന്നും അവർ പറഞ്ഞു. എന്നാൽ വിചാരണയിൽ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. ദിലീപിന്‍റെ സുഹൃത്തും നടനുമായ നാദിർഷയും മൊഴി മാറ്റിയവരുടെ കൂട്ടത്തിൽ ഉണ്ട്. ആദ്യം ദിലീപിനെതിരെ പറഞ്ഞ മൊഴി പിന്നീട് വിചാരണ വേളയിൽ നാദിർഷ മാറ്റി പറയുകയായിരുന്നു.

ദിലീപ് തന്‍റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു, ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് അതിജീവിത പരാതി നൽകിയിരുന്നു എന്നാണ് താരസംഘടനയായ എ.എം.എം.എയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരിക്കെ വിഷയത്തിൽ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ബാബു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നൽകിയില്ലെന്നും മാറ്റി പറഞ്ഞു.

Tags:    
News Summary - Actress attack case; popular film actors who change their statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.