വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം; പ്രിയപ്പെട്ടവന്റെ മരണം നേരിട്ട് കണ്ടവൾ, കൗസല്യയുടെ സംരംഭത്തിന് പിന്തുണയുമായി പാർവതി

ജാതി വെറിയുടെ പേരിൽ ജീവിതം നഷ്ടപ്പെട്ട കൗസല്യ എന്ന തമിഴ് പെൺകുട്ടിയെ അത്രവേഗം ജനങ്ങൾക്ക് മറക്കാൻ കഴിയില്ല. ജാതിയുടെ പേരിൽ ഭർത്താവ് ശങ്കറിനെ കൺമുന്നിലിട്ടാണ് വെട്ടികൊലപ്പെടുത്തിയത്. ജീവിതം കരഞ്ഞു തീർക്കാതെ സ്വന്തം വീട്ടുകാർക്കെതിരെ നിയമപോരാട്ടം നടത്തി വിജയം നേടുകയായിരുന്നു.

ഇപ്പോഴിതാ  ജീവിതത്തിൽ പുതിയൊരു തുടക്കത്തിനൊരുങ്ങുകയാണ് കൗസല്യ. കോയമ്പത്തൂരിലെ വെള്ളാലൂരില്‍ സ്വന്തമായൊരു ബ്യൂട്ടിപാർലർ തുടങ്ങിയിരിക്കുകയാണ്. നടി പാർവതി തിരുവോത്താണ് കൗസല്യയുടെ പുതിയ പാർലർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. കൗസല്യക്ക് എല്ലാവിധത്തിലുള്ള ആശംസയും നേർന്നിട്ടുണ്ട്

''കൗസല്യക്കും അവളെപ്പോലുള്ള നിരവധി സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. എല്ലാ സ്ത്രീകൾക്കും സ്നേഹിക്കാനുള്ള അവകാശവും അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്. എന്നാൽ ഈ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്ന ആളുകളുണ്ട്. ഇത്തരക്കാർക്കെതിരെ കൗസല്യ നിരന്തരമായ പോരാട്ടം നടത്തി. തന്‍റേതായ ഇടം കണ്ടെത്താന്‍ അവള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്'' പാര്‍വതി പറഞ്ഞു.

തേവർ വിഭാഗത്തിൽപ്പെട്ട കൗസല്യയും ദളിത് യുവാവായ ശങ്കറും പൊള്ളാച്ചിയിലെ എഞ്ചിനിയറിങ് കൊളജിൽ പഠിക്കാനായി എത്തിയപ്പോഴാണ് പ്രണയത്തിലാവുന്നത്. ശങ്കറുമായുള്ള ബന്ധം കൗസല്യയുടെ കുടുംബത്തെ ചൊടിപ്പിച്ചിരുന്നു. ബന്ധത്തിൽ പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും കൗസല്യ തയാറായില്ല. വീടും കുടുംബത്തെ ഉപേക്ഷിച്ച് ശങ്കറിനോടൊപ്പം പോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് ശങ്കറിനെ ഉദുമല്‍പേട്ട നഗരത്തില്‍ വച്ച് ക്വട്ടേഷന്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ കൗസല്യക്കും പരിക്കേറ്റിരുന്നു. കേസില്‍ കൗസല്യയുടെ പിതാവ് ചിന്നസ്വാമിയടക്കം 6 പേര്‍ക്ക് കോടതി വധശിക്ഷയും വിധിച്ചിരുന്നു.

Tags:    
News Summary - Actor Parvathy Thiruvothu Support Activist Kausalya's New Business in coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.