അഭിഷേക് ബച്ചൻ ഐശ്വര്യ റായ് വിവാഹത്തിൽ നിന്ന്

അഭിഷേകിന്‍റെ പക്കൽ അപൂർവ ആഭരണ ശേഖരം ഉണ്ടായിരുന്നു, കല്ല്യാണത്തിന് ധരിച്ചത് പവിഴം പതിപ്പിച്ച ഷർവാണി -ഓർമ പങ്കുവച്ച് ഡിസൈനർമാർ

പതിനെട്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ഒട്ടാകെ ഏറ്റെടുത്ത ഒരു വിവാഹ വാർത്തയായിരുന്നു ഐശ്വര്യ റായ് അഭിഷേക് ബച്ചൻ വിവാഹം. ഇരുവരും യൂത്ത് ഐക്കണായി കത്തിനിന്ന കാലത്താണ് വിവാഹം നടക്കുന്നത്. അതിനുശേഷവും ഒരുപാട് താര വിവാഹങ്ങൾ നടന്നുവെങ്കിലും ഇപ്പോഴും ഈ താരദമ്പതികളുടെ വാർത്തകളറിയാൻ ആരാധകർ ഏറെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ബോളിവുഡ് താരങ്ങൾ പൊതുവെ ട്രെൻഡ് മേക്കേഴ്സ് ആണ്. അവരുടെ വസ്ത്രധാരണവും സ്റ്റൈലും ഏറെ ശ്രദ്ധ നേടാറുണ്ട്, പ്രത്യേകിച്ച് വിവാഹ വേഷങ്ങൾ.

ഇപ്പോഴിതാ, ഫാഷൻ ഡിസൈനർ ജോഡിയായ അബു ജാനിയും സന്ദീപ് കോസ്ലയും അഭിഷേക് ബച്ചനായി തയാറാക്കിയ വസ്ത്രങ്ങളെകുറിച്ച് നമ്രത സക്കറിയ ഷോയിൽ ഓർമ പങ്കുവച്ചിരിക്കുകയാണ്. അഭിഷേകിന്‍റെ വിവാഹ സമയത്ത് ഇവർ പല തരം വസ്ത്രങ്ങൾ താരത്തിനായി ഒരുക്കിയിരുന്നു. തങ്ങൾ ആദ്യമായ് ബച്ചൻ കുടുബത്തിനുവേണ്ടി വർക്ക് ചെയ്യുന്നത് ശ്വേത ബച്ചന്‍റെ വിവാഹത്തിനായിരുന്നെന്ന് അവർ പറഞ്ഞു. വളരെ പ്രത്യേകതകൾ നിറഞ്ഞ വസ്ത്രങ്ങളായിരുന്നു ശ്വേതക്കായി ഒരുക്കിയത്. മെറൂൺ നിറത്തിലായിരുന്നു വിവാഹ ലഹങ്ക. അതിൽ സ്വർണ്ണം കൊണ്ടുള്ള എംബ്രോയ്ഡറി മുഴുവനായി സർഡോസി രീതിയിൽ ചെയ്തെടുത്തു. പിന്നീടാണ് എന്തുകൊണ്ട് മണ്ഡപം മുഴുവനായി സർഡോസി രീതിയിൽ അലങ്കരിച്ചുകൂടാ എന്ന ആശയം തോന്നിയത്. അത് വളരെ മനോഹരമായിരുന്നെന്ന് അബു പറഞ്ഞു. വിവാഹ വേദിയിലേക്ക് ഒരു ബംഗാളി വധുവിനെ പോലെ തന്‍റെ സഹോദരന്‍റെ തോളിലേറിയാണ് ശ്വേത എത്തിയത്.

ഐശ്വര്യ അഭിഷേക് വിവാഹത്തെകുറിച്ച് സംസാരിക്കവെ, അപൂർവമായ ഒരുപാട് ആഭരണ ശേഖരം അഭിഷേകിന്‍റെ പക്കൽ ഉണ്ടായിരുന്നുവെന്നും അതിൽ തന്നെ ഞങ്ങൾ തെരഞ്ഞടുത്ത വളരെ ആകർഷണീയമായ പീസുകളാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും അബു പറഞ്ഞു. 'ആദ്യമായിട്ടായിരുന്നു ഒരാൾ മുഗൾ ബീഡ് നെക്ലേസ് ധരിക്കുന്നത്. അഭിഷേകിന്റെ ഷെർവാണിയിൽ റൂബി ബട്ടണുകൾ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനും നല്ല വസ്ത്രവും ചെറിയ ആഭരണങ്ങളും ധരിക്കാൻ ഇഷ്ടമാണ്. അവർ മനോഹരമായി വസ്ത്രങ്ങൾ ധരിക്കുന്നതിനാൽതന്നെ അത് കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് പ്രചോദനം ലഭിച്ചു. ആ കുടുംബം, പ്രത്യേകിച്ച് ജയ, ഒരാളിൽ വിശ്വാസം വളർത്തിയാൽ, അത് തകർക്കുക അസാധ്യമാണ്. വിശ്വാസം അചഞ്ചലമാണ്' -അബുവും സന്ദീപും പറഞ്ഞു.

ബച്ചൻ കുടുംബം മുഴുവനും എളിമയുള്ളവരാണെന്ന് സന്ദീപ് പറഞ്ഞു. 'അവരെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യം, അമിതാഭും ജയയും ആയാലും നവ്യയും അഗസ്ത്യ നന്ദയും ആയാലും, അവർ നല്ല പെരുമാറ്റമുള്ളവരാണ്. വളരെ മര്യാദയുള്ളവരും. അവർ വളരെ പരിഷ്കൃതരുമാണ്'. അമിതാഭിന്റെ അമ്മയും സാമൂഹിക പ്രവർത്തകയുമായ തേജി ബച്ചനുമായി പോലും സമയം പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

Tags:    
News Summary - Abhishek Bachchan wore sherwani with ruby buttons for his wedding with Aishwarya Rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.