ഈ ആഴ്ച തിയറ്ററിൽ എത്തുന്നത് മൂന്ന് മലയാള ചിത്രങ്ങൾ; പ്രതീക്ഷയോടെ ആരാധകർ

മൂന്ന് മലയാള ചിത്രങ്ങളാണ് ഈ ആഴ്ച പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ് ഈ മൂന്ന് ചിത്രങ്ങളും. രണ്ട് ചിത്രങ്ങൾ ഏപ്രിൽ 25നും ഒരെണ്ണം ഏപ്രിൽ 24നും തിയറ്ററിൽ എത്തും.

തുടരും

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തുടരും' ആണ് ആദ്യ ചിത്രം. ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, തോമസ് മാത്യു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിൽ 25നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 21 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍. സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഹാൽ

വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉള്ളവർ തമ്മിലുള്ള പ്രണയകഥയാണ് 'ഹാൽ' പറയുന്നത്. ഷൈൻ നിഗം, സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഏപ്രിൽ 24ന് റിലീസ് ചെയ്യും. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കും ഇത്. നിഷാദ് കോയയുടേതാണു തിരക്കഥ.

ദി പെറ്റ് ഡിറ്റക്ടീവ്

ഷറഫുദീന്‍ നായകനാകുന്ന 'ദി പെറ്റ് ഡിറ്റക്ടീവ്' ഏപ്രില്‍ 25നാണ് പ്രദര്‍ശനത്തിനെത്തുന്നത്. അനുപമ പരമേശ്വരനാണ് നായിക. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ്. സി ചന്ദ്രനാണ് ഛായാഗ്രഹണം. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

Tags:    
News Summary - 3 Malayalam movies releasing in theaters this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.