സുനോ മേരി ആവാസ്

ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഫീൽ ഗുഡ് മൂവി ശ്രേണിയിലേക്ക് മെറ്റാരു പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടുകൂടി എത്തുകയാണ്, 'മേരീ ആവാസ് സുനോ'. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയെക്കുറിച്ച് സംവിധായകൻ ജി. പ്രേജേഷ് സെന്നും നടി മഞ്ജുവാര്യരും സംസാരിക്കുന്നു.

റേഡിയോ ജോക്കിയുടെ ജീവിതം

''നന്ദിതാ റോയിയുടെ കഥയാണ് ചിത്രത്തിനാധാരം. ജയസൂര്യയാണ് ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നത്. യഥാർഥ കഥയിൽനിന്നും ഏറെ മാറ്റങ്ങൾ വരുത്തി എന്റേതായ ഒരു ശൈലിയിലേക്ക് മാറ്റിയെഴുതിയപ്പോൾ അദ്ദേഹത്തിനും അതിഷ്ടപ്പെട്ടു. ഒരു റേഡിയോ ജോക്കിയുടെ ജീവിതമാണ് പ്രമേയം. ആ‍ർ.ജെ. ശങ്കറും അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ജോലിയും തക‍ർച്ചയും അതിജീവനവും ഒക്കെയാണ് സിനിമ.


 



എന്റെ ആദ്യ ചിത്രം ക്യാപ്റ്റനിൽ വി.പി. സത്യനായി ജയസൂര്യ ജീവിക്കുകയായിരുന്നു. ആ കഠിനാധ്വാനത്തിനും കഴിവിനുമുള്ള അംഗീകാരമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ക്യാപ്റ്റനുശേഷം നല്ലൊരു സൗഹൃദം ജയേട്ടനുമായുണ്ടായി. അങ്ങനെ 'വെള്ളം' സിനിമയും പിറവിയെടുത്തു. ആ ചിത്രത്തിലെ അഭിനയത്തിനും ജയസൂര്യ സംസ്ഥാന സർക്കാറിന്റെ പുരസ്കാരം നേടി. രണ്ടു ചിത്രവും ബയോപിക്കുകളായിരുന്നു.

മഞ്ജുവാര്യരെപോലെ വളരെ കഴിവുള്ള താരത്തിനൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആദ്യം മറ്റു പലരെയുമാണ് പരിഗണിച്ചതെങ്കിലും ഡോ. രശ്മിയായി മഞ്ജുവാര്യർ വന്നാൽ നന്നാകുമെന്ന് തോന്നി. ജയേട്ടൻ മഞ്ജുവാര്യരുമായി സംസാരിച്ചു. കഥ കേട്ടപ്പോൾ അവർക്കിഷ്ടപ്പെട്ടു. അങ്ങനെ ജയസൂര്യ- മഞ്ജു വാര്യർ കോന്പോയിലെ ആദ്യ സിനിമയുണ്ടായി.




 

പോസിറ്റിവ് സിനിമ

''മേരീ ആവാസ് സുനോ എന്നത് ജയസൂര്യ പ്രജേഷ് സെൻ സിനിമയാണ്. അങ്ങനെ പറയാനാണ് എനിക്ക് ഇഷ്ടം. ആ സിനിമയിൽ ഞാൻ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എനിക്ക് വലിയ സംതൃപ്തി നൽകിയ ഒരു കഥാപാത്രം. പല സമയത്തും അതൊരു എക്സാജിറേറ്റഡ് കഥാപാത്രമായി എനിക്ക് തോന്നിയിരുന്നു. പക്ഷേ, ചെയ്തുവന്നപ്പോൾ വളരെ വ്യത്യസ്തമായി തോന്നി. മനോഹരമായി ചെയ്യാൻ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ടാക്കിയ കഥാപാത്രമാണ് ഡോ. രശ്മി പാടത്ത്. സ്വന്തമായ അഭിപ്രായമുള്ള, സ്വാതന്ത്ര്യമുള്ള, വളരെ ബോൾഡായ, ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് രശ്മി പാടത്തിന്റേത്. വളരെ സന്തോഷമുള്ള ഒരു കാര്യമായിരുന്നു അത്. പ്രജേഷിന് കഥ സജസ്റ്റ് ചെയ്യുന്നത് ജയസൂര്യയാണ്. എന്നോട് ഈ കഥ ആദ്യം പറയുന്നതും ജയസൂര്യയാണ്. കഥ എനിക്ക് ഇഷ്ടപ്പെടുകയും പ്രജേഷ് എന്നെ വിളിച്ചപ്പോൾ ഞാനത് ചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു.

നായിക നായകൻ എന്നതിനപ്പുറം ഒരു ഐഡന്റിറ്റി ഉള്ള സ്ത്രീയുടെ കഥാപാത്രമായിരുന്നു ഡോ. രശ്മിയുടേത്. അതുകൊണ്ടുതന്നെയാണ് കഥ കേട്ടപ്പോൾ ചെയ്യാമെന്ന് സമ്മതിച്ചത്. പ്രജേഷിനും ജയസൂര്യയ്ക്കുമൊപ്പമുള്ള ഈ സിനിമ വളരെ സന്തോഷവും എനർജിയും തന്ന ഒരു ചിത്രമായിരുന്നു. ഒരുപാട് പോസിറ്റിവ് എനർജി തന്ന സെറ്റായിരുന്നു. സിനിമക്കും ആ പോസിറ്റിവിറ്റി ഉണ്ടായിരുന്നു. സിനിമ റിലീസായ ശേഷം ഒരുപാടുപേർ വിളിക്കുകയും നല്ല അഭിപ്രായങ്ങൾ പറയുകയും മെസേജുകൾ അയക്കുകയും ചെയ്യുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും മേരി ആവാസ് സുനോ നിനിമയുടെ വിജയവും.''


ശിവദയുടെ തിരിച്ചുവരവ്

''ജയസൂര്യയുടെ ഭാര്യയായി എത്തിയത് ശിവദയാണ്. അവർ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. എല്ലാവരും ആ കഥാപാത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ശരിക്കും പറഞ്ഞാൽ ആ‍ർ.ജെ. ശങ്കറിനെ താങ്ങിനിർത്തുന്നത് അവരാണ്. അവരുടെ സംഘർഷങ്ങൾ കൂടിയാണ് സിനിമ. ജോണി ആന്റണിയും വ്യത്യസ്തമായ വേഷം ചെയ്യുന്നു. ഗൗതമി നായരുടെ കഥാപാത്രം, സോഹൻ സീനുലാൽ, മിഥുൻ വേണുഗോപാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ എല്ലാവർക്കും കുറച്ച് സീനുകളേ ഉള്ളൂവെങ്കിലും കഥാഗതിയിൽ വലിയ പ്രാധാന്യമുണ്ട് . അതിഥിയായെത്തിയ സംവിധായകൻ ശ്യാമപ്രസാദ്സാറിനുപോലും അതുണ്ടെന്ന് സിനിമ കണ്ടാൽ മനസ്സിലാവും.''

ബയോപിക്കുകൾ

''ഒരു മാധ്യമപ്രവർത്തകനായിരുന്നു ഞാൻ. ജോലിചെയ്യുന്ന കാലത്ത് ഒരുപാട് പേരുടെ പലതരം കഥകൾ കേട്ടിട്ടുണ്ട്. അങ്ങനെ ചിലതൊക്കെ മനസ്സിൽ പതിയും. അങ്ങനെ യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങൾ പറയുന്പോൾ നമുക്ക് കുറച്ചുകൂടി നീതി പുലർത്താനാകും എന്നു തോന്നുന്നു. അങ്ങനെയാണ് സിനിമകൾ സംഭവിച്ചത്. പക്ഷേ, എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തെറ്റുകുറ്റങ്ങളില്ലാതെ, ആരെയും വേദനിപ്പിക്കാതെ അവതരിപ്പിക്കുക എന്നതും വലിയ ഉത്തരവാദിത്തമാണ്.


ബയോപിക് അല്ലെങ്കിലും ക്യാപ്റ്റനിലെയും വെള്ളത്തിലെയും പോലെ 'മേരി ആവാസ് സുനോ'യിലും ഒരു യഥാർഥ വ്യക്തിയുണ്ട്. തിരുവനന്തപുരം സ്വദേശിയായ മാഹിർ ഖാൻ. അദ്ദേഹം സിനിമയിലെ നായകൻ ആ‍ർ.ജെ. ശങ്കറിന് സംഭവിച്ചതുപോലെ ജീവിതത്തിൽ വെല്ലുവിളികൾ നേരിട്ടയാളാണ്. ഈ ചിത്രത്തിലെ പല സീനുകളും അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നും എടുത്തതാണ്. ബയോപിക്കുകളേ ചെയ്യൂ എന്ന വാശിയൊന്നുമില്ല. വരാനിരിക്കുന്ന 'സീക്രട്ട് ഓഫ് വിമൻ' ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ്.

'റോക്കട്രി ദ നന്പി ഇഫക്ട്'

''അടുത്ത വലിയ സന്തോഷം 'റോക്കട്രി ദ നന്പി ഇഫക്ട്' കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു എന്നതാണ്. ശരിക്കും ഡ്രീം കംസ് ട്രൂ മൊമന്റ് ആണെന്ന് അതിനെ വിശേഷിപ്പിക്കാം. ശാസ്ത്രജ്ഞൻ നന്പിനാരായണന്റെ ജീവിതമാണ് ആ സിനിമ. 'ഓർമകളുടെ ഭ്രമണപഥം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ എഴുതുന്പോൾ അദ്ദേഹത്തെക്കുറിച്ച് സിനിമ ചെയ്യുന്നത് ഒരിക്കലും ആലോചിച്ചിരുന്നില്ല. പിന്നീട് നടൻ ആർ. മാധവൻ പല ഭാഷകളിലായി വലിയ ഒരു തലത്തിൽ അത് സിനിമയാക്കാൻ തീരുമാനിച്ചു. അപ്രതീക്ഷിതമായാണ് ഞാൻ അതിന്റെ ഭാഗമാകുന്നത്. ക്യാപ്റ്റൻ കഴിഞ്ഞ സമയത്താണ് റോക്കട്രിയിൽ കോ ഡയറക്ടറായി പ്രവർത്തിക്കാനായി പോകുന്നത്.

പല ഘട്ടങ്ങളെ പല രാജ്യങ്ങളിലായി പുനരാവിഷ്കരിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. മൂന്നു ഭാഷകളിൽ ഒരുമിച്ച് ഷൂട്ട് ചെയ്തു. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു. ടൈറ്റാനിക്കിലടക്കം പ്രവർത്തിച്ച ഹോളിവുഡ് താരങ്ങൾ ഉൾെപ്പടെ സഹപ്രവർത്തകരായി. സിങ്ക് സൗണ്ട് ഉൾെപ്പടെ പല പുതിയ സാങ്കേതിക വിദ്യകളും പഠിക്കാനായി. അങ്ങനെ നോക്കിയാൽ കുറെ ഗുണങ്ങൾ ഒരു ടെക്നീഷ്യൻ എന്ന നിലയിൽ ഉണ്ടായി. എടുത്തുപറയേണ്ടത് മാധവന്റെ ഡെഡിക്കേഷൻ തന്നെയാണ്. കാമറക്ക് മുന്നിലും പിന്നിലും ഒരേസമയം നിൽക്കുക എന്നത് ശരിക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം അത് വളരെ നന്നായി കൈകാര്യം ചെയ്തു. ഈ ചിത്രത്തിൽ ഷാരൂഖ് ഖാനും സൂര്യക്കുമൊക്കെ ഒപ്പം പ്രവർത്തിക്കാനായി എന്നതും വലിയ ഭാഗ്യമാണ്. കാൻ പോലെ വലിയ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു എന്നത് ചെറിയ കാര്യമല്ല. ജൂലൈ ഒന്നിനാണ് ഒഫീഷ്യൽ റിലീസ്.''

Tags:    
News Summary - Meri awas suno interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.