ഈ വർഷം നടൻ മോഹൻലാലിന് മികച്ച വർഷമായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളും റി-റിലീസ് ചിത്രങ്ങളും തിയറ്ററിൽ ഓളം സൃഷ്ടിച്ചു. അഞ്ച് സിനിമകളാണ് മോഹൻലാലിന്‍റെതായി തിയറ്ററിലെത്തി തുടർ വിജയങ്ങൾ സ്വന്തമാക്കിയത്.
പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ L2: എമ്പുരാനാണ് വർഷത്തിന്‍റെ തുടക്കത്തിൽ കളംപിടിച്ചത്. മാർച്ച് 27ന് റിലീസ് ചെയ്ത ചിത്രം ഖുറേഷി അബ്രാം എന്ന ഇരട്ടജീവിതം നയിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന വ്യക്തിയുടെ യാത്രയെ ചുറ്റിപ്പറ്റിയാണ്. മോഹൻലാലിന് പുറമെ പൃഥ്വിരാജ് സുകുമാരൻ, റിക്ക് യൂൺ, മഞ്ജു വാര്യർ, കരോലിൻ കോസിയോൾ എന്നിവർ പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തി.
180 കോടി രൂപ ബജറ്റിൽ നിർമിച്ച എമ്പുരാൻ 106.77 കോടി രൂപയുടെ നെറ്റ് കലക്ഷനും വേൾഡ് വൈഡായി 268.23 കോടി രൂപയും നേടി. ചിത്രം വിവാദങ്ങളിൽ ഉൾപ്പെട്ടെങ്കിലും അതൊന്നും ചിത്രത്തിന്‍റെ കുതിപ്പിനെ തടയാനായില്ല. ഒതു തരത്തിൽ വിവാദങ്ങൾ ചിത്രത്തിന്‍റെ വമ്പൻ വിജയത്തിന് കാരണമാവുകയും ചെയ്തു.
തരുൺ മൂർത്തി സംവിധാനം ചെയ്ത് 2025ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘തുടരും’. ഏപ്രിൽ 25ന് റിലീസ് ചെയ്ത ഈ ചിത്രത്തിൽ പ്രകാശ് വർമ, ശോഭന, തോമസ് മാത്യു, ആർഷ ചാന്ദിനി ബൈജു, ബിനു പപ്പു എന്നിവർ പ്രധാന വേഷങ്ങളിലെത്തി.
തന്‍റെ പഴയ അംബാസഡർ കാറിനെ വിലമതിക്കുന്ന ഒരു ടാക്സിയായി കാണുന്ന ഷൺമുഖത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ചിത്രം കലക്ഷൻ നേടി. ആഗോള കലക്ഷനായി 232.25 കോടിയും സ്വന്തമാക്കി. കേരള ബോക്സ് ഓഫിസിൽ മാത്രമായി ചിത്രം നൂറ് കോടി പിന്നിട്ടു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മലയാളത്തിലെ സമീപകാല റിലീസുകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു ഹൃദയപൂര്‍വം. മലയാളി സിനിമ പ്രേമികളെ ഒട്ടേറെ രസിപ്പിച്ചിട്ടുള്ള സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോ ഇടവേളക്കുശേഷം ഒരുമിച്ച ചിത്രവുമായിരുന്നു ഇത്. ഓഗസ്റ്റ് 28ന് പുറത്തിറങ്ങിയ ചിത്രം, ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ച
സന്ദീപ് ബാലകൃഷ്ണനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മോഹൻലാൽ, മാളവിക മോഹനൻ, സംഗീത മാധവൻ നായർ, സംഗീത് പ്രതാപ്, മീര ജാസ്മിൻ, ആന്റണി പെരുമ്പാവൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. റിപ്പോർട്ടുകൾ പ്രകാരം 30 കോടി ബജറ്റിൽ നിർമിക്കപ്പെട്ട ചിത്രം കേരളത്തിൽ നിന്നും മാത്രം 42.20 കോടിയും വേൾഡ് വൈഡായി 75.60 കോടിയും നേടി. വിദേശത്ത് നിന്നും മാത്രം ചിത്രം 29.30 കോടിയും നേടി.
മംഗലശ്ശേരി നീലകണ്ഠനായും കാർത്തികേയനായും വാസ്കോ-ഡ-ഗാമയായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രങ്ങൾ തിയറ്ററിൽ ആഘോഷങ്ങൾ തീർത്തു. ഛോട്ടാ മുംബൈ 4.37 കോടിയും രാവണപ്രഭു 4.73 കോടിയുമാണ് നേടിയത്. മികച്ച കലക്ഷൻ നേടിയാണ് രണ്ടു സിനിമകളും തിയറ്റർ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.