അമൽ കെ. ജോബി

വിവാദങ്ങൾ സിനിമയെ വിജയിപ്പിക്കില്ല -അമൽ കെ. ജോബി

പുതിയ സംവിധായകരിൽ ശ്രദ്ധേയനാണ് അമൽ കെ. ജോബി. അദ്ദേഹം സ്ക്രിപ്റ്റ് ചെയ്യുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്ത സിനിമകളാണ് 2012ലിറങ്ങിയ ബാങ്കിംഗ് ഹൗവേഴ്സ് ടെൻ ടു ഫോർ, 2022ലെ സാന്‍റാ മരിയ, 2024ലെ ഗുമസ്തൻ എന്നിവ. ഇപ്പോൾ അമൽ സംവിധാനം ചെയ്ത ആഘോഷം എന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തി ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. അമൽ കെ. ജോബി 'മാധ്യമ'ത്തോട് സംസാരിക്കുന്നു.

? സിനിമ വളരെ മുന്നേ മനസ്സിലുണ്ടായിരുന്നോ?

തീർച്ചയായും. നാലാം ക്ലാസിലും അഞ്ചാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ടീച്ചേഴ്സ് ഭാവിയിൽ ആരാകണം എന്ന് ചോദിക്കുമ്പോൾ എല്ലാവരും ഡോക്ടർ, എൻജിനീയർ എന്നൊക്കെ പറയുമ്പോൾ ഞാൻ അന്നേ പറഞ്ഞത് സിനിമ സംവിധായകനാവണം എന്നായിരുന്നു. അപ്പോൾ വിദ്യാർഥികൾ കളിയാക്കി ചിരിക്കുമായിരുന്നു. അവരെ സംബന്ധിച്ച് സിനിമ എന്തോ അപ്രാപ്യമായ ഒന്നാണെന്നായിരുന്നു. കാരണം ഞാൻ അങ്ങനെ സിനിമ ബാക്ക്ഗ്രൗണ്ടുള്ള സ്ഥലത്തുനിന്ന് വന്ന ആളല്ല. അന്ന് സിനിമയിൽ ആരെയെങ്കിലും പിടിച്ച് എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്നായിരുന്നു. കാരണം എനിക്ക് അന്ന് തൊട്ടേ മനസ്സിൽ സിനിമയായിരുന്നു.

?ഇപ്പോൾ സിനിമയിൽ ട്രെൻഡ് ക്രൈം ത്രില്ലർ ജോണർ ആണെന്ന് തോന്നുന്നു?

ട്രെൻഡ് എന്നൊന്നില്ല. എല്ലാ കാലത്തും ത്രില്ലറുകളും കോമഡി പടങ്ങളും ഫീൽഗുഡ് ചിത്രങ്ങളും റൊമാൻസ് ഒക്കെ ഉണ്ടായിട്ടുണ്ട്. 2024ൽ തിയറ്ററുകളിൽ ഒരേസമയം ഓടിക്കൊണ്ടിരുന്ന നാല് ചിത്രങ്ങൾ നാല് സബ്ജക്ട് ആയിരുന്നു. ഒന്ന് മമ്മൂക്കയുടെ ചിത്രമായ ഭ്രമയുഗം. മറ്റൊന്ന് മഞ്ഞുമ്മൽ ബോയ്സ്. വേറെ ജോണറിലുള്ള രണ്ട് ചിത്രങ്ങൾ. ഇതെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. അപ്പോൾ ഏത് ജോണർ ആണ് വിജയിക്കുക എന്ന് നമുക്ക് പറയാൻ കഴിയില്ല. റൊമാൻസ്, ത്രില്ലർ, ഹൊറർ ആണെങ്കിലും നല്ല കണ്ടന്‍റാണെങ്കിൽ എല്ലാ കാലത്തും ഓഡിയൻസ് ഏറ്റെടുക്കും.

സിനിമ ജനങ്ങളെ തെറ്റായി സ്വാധീനിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ?

ഒരു പരിധി വരെ ശരിയാണ്. അതേസമയം സിനിമയിലൂടെ കാണിക്കുന്ന കാഴ്ചകൾ കണ്ടു മാത്രം ജനങ്ങൾ മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയെങ്കിൽ എത്രയോ നല്ല കാര്യങ്ങൾ സിനിമ പറയുന്നുണ്ട്. അതും ജീവിതത്തിൽ പകർത്തണമല്ലോ. ഒരു മാസ് മീഡിയമാണ് സിനിമ. അതിൽ നെഗറ്റീവുകളും പോസിറ്റീവുകളുമുണ്ട്. നെഗറ്റീവ് മാത്രം ജീവിതത്തിൽ പകർത്തുമെന്ന് എനിക്ക് വിശ്വാസമില്ല. പിന്നെ സിനിമയെ സിനിമയായി കാണാൻ ബോധമുള്ള ഒരു ഓഡിയൻസാണ് കേരളത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഇല്ലെന്നല്ല. അങ്ങനെയെങ്കിൽ സോഷ്യൽ മീഡിയകളായ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം ഒക്കെ സിനിമയേക്കാൾ സ്വാധീനം ചെലുത്തുന്നുണ്ട്. അപ്പോൾ ആദ്യം സെൻസർ ചെയ്യേണ്ടത് അതൊക്കെയാണ്. ന്യൂസ് ചാനലുകളിലും എന്തൊക്കെ കാണിക്കുന്നുണ്ട്.

പുതിയ സിനിമകളിൽ കഥകൾക്ക് പ്രാധാന്യമില്ലെന്ന് തോന്നുന്നു?

കാലം മാറിയതോടെ ടെക്നിക്കലായും കഥപറച്ചിലുകളിലായാലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു 15 വർഷം മുമ്പ് നോക്കുകയാണെങ്കിൽ ഇൻസ്റ്റഗ്രാമും മറ്റു സോഷ്യൽ മീഡിയകളും ഒന്നുമില്ല. അതിനാൽ അന്നത്തെ കഥ പറച്ചിലുകൾക്ക് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. 20 വർഷങ്ങൾക്കിപ്പുറം പല പുതിയ സംഭവങ്ങളും വന്നു. അപ്പോൾ കഥ പറച്ചിലുകൾക്കും സിനിമയുടെ സമീപനങ്ങൾക്കും മാറ്റം വന്നു. ദൂരദർശൻ വന്ന കാലത്ത് ആഴ്ചയിൽ ഒരിക്കൽ കാണുന്ന സിനിമയായിരുന്നു ഉണ്ടായിരുന്നത്. അന്ന് അതിന് വാല്യൂ ഉണ്ടായിരുന്നു. ഇന്ന് എപ്പോൾ വേണമെങ്കിലും ഒരു സിനിമ കാണണം എന്ന് കരുതിയാൽ നമ്മൾക്ക് ആക്സസ് ചെയ്യാം. ഏതു ഭാഷയിൽ വേണമെങ്കിലും കാണാം. അപ്പോൾ കണ്ടൻറ്റുകൾ കൂടുതലായി. അതിനനുസരിച്ച് ഓഡിയൻസിലും മാറ്റം വന്നു. അത് സിനിമയിലും വരുത്തേണ്ടി വന്നു.

അതിനാൽ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ സ്ക്രിപ്റ്റിലും ടെക്നിക്കൽ ആയും വന്നു. എന്നിരുന്നാലും ഏതു കാലഘട്ടത്തിലായാലും ഹിറ്റാകുന്ന ഒരു സിനിമ എടുത്തു നോക്കിയാൽ അതിൽ കണ്ടൻ്റും ത്രഡും ഒക്കെയുണ്ടാകും. ആ ത്രഡ് വർക്കൗട്ട് ചെയ്താലാണ് ആ സിനിമ വിജയിക്കുക. നമ്മൾ വീട് പണിയുമ്പോൾ പറയാറുണ്ട് ബേസ്മെൻറ് നന്നാകണമെന്ന്. അതു നന്നായാൽ മാത്രമേ എത്ര വലിയ കൊട്ടാരവും കെട്ടാൻ കഴിയൂ. സ്ക്രിപ്റ്റ്, കഥ എന്നതൊക്കെ അതിന്‍റെ ബേസ്മെന്റ് ആണ്. എന്നു കരുതി പ്രേക്ഷകരെ പ്രവചിക്കാൻ നമുക്ക് കഴിയണമെന്നില്ല. സസ്പെൻസ്, ആക്ഷൻ, ത്രില്ലർ, റൊമാൻസ് എന്നിവയെല്ലാം ഉണ്ടാകുന്നുണ്ട്.

ഏതു സിനിമ എപ്പോൾ വർക്കൗട്ട് ആകും എന്ന് മുൻകൂട്ടി പ്രവചിക്കുക വയ്യ. നല്ല സിനിമ ഉണ്ടാക്കിയാൽ നല്ല കണ്ടന്റ് ഉണ്ടെങ്കിൽ ഏത് ജോണറിലുള്ളതാണെങ്കിലും വിജയിക്കും. പണ്ടത്തെപ്പോലെ നമുക്ക് പ്രേക്ഷകരെ പറ്റിക്കാൻ പറ്റില്ല. പണ്ട് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ സ്ലോമോഷൻ നടന്നുവരുമ്പോൾ നമ്മൾക്ക് കൗതുകമായിരുന്നു. ഇന്ന് വിവാഹ വിഡിയോ എടുക്കുന്നവർ പോലും അതിനേക്കാൾ മനോഹരമായി ചെയ്യുന്നുണ്ട്. അപ്പോൾ ഇതിന്‍റെ ടെക്നിക്കൽ വശം എല്ലാവരിലും എത്തിക്കഴിഞ്ഞു. അതിനാൽ ഭാഗ്യം കൊണ്ട് ഒരു സിനിമയും രക്ഷപ്പെടില്ല. ഓടിയ സിനിമകൾക്കൊക്കെ എന്തെങ്കിലും ഒരു പ്രത്യേകതകൾ ഉണ്ടാകും. അത് ഓഡിയൻസുമായി എവിടെയെങ്കിലും കണക്ട് ചെയ്യുന്നുണ്ടാകും. അല്ലാതെ ഭാഗ്യംകൊണ്ടോ സഹതാപംകൊണ്ടോ ഒന്നും ഒരു സിനിമ വിജയിക്കുന്നില്ല.

? കുറച്ചുമുമ്പ് നടന്ന വേടന്റെ പാട്ടുകളെ കുറിച്ച വിവാദങ്ങളെയൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

വേടന്‍റെ പാട്ടുകൾ എനിക്കിഷ്ടമാണ്. ഞാൻ ഇടക്ക് കേൾക്കാറുണ്ട്. വളരെ ഫയർ ആണ് പാട്ടുകൾ. നാം കേട്ടു ശീലിച്ച വാക്കുകൾക്കും ശീലുകൾക്കുമപ്പുറം ഒരുപാട് കാര്യങ്ങൾ അതിലുണ്ട്. വേടന്റെ പേഴ്സണൽ ലൈഫ് അല്ല ഞാൻ നോക്കി കാണുന്നത്. അയാളിലെ കലാകാരനെയാണ്.

? മലയാള സിനിമകളിലെ വിവാദങ്ങളെയോ?

മലയാളസിനിമകളിൽ ഉണ്ടാകുന്ന പല വിവാദങ്ങളും അനാവശ്യമാണ്. ചിലപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ കിട്ടാൻ വേണ്ടി വലിയ രീതിയിൽ കത്തിക്കുന്ന സംഭവങ്ങളുണ്ട്. അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് തോന്നിപ്പോകും. കാരണം സോഷ്യൽ ആയിട്ട് നമ്മുടെ ശ്രദ്ധ പതിയേണ്ട എത്രയോ കാര്യങ്ങൾ ഇവിടെയുണ്ട്. അത് ശ്രദ്ധിക്കാതെ വെറുതെ മസാലകൾ കയറ്റി വിവാദങ്ങൾ ഉണ്ടാക്കുന്നതിനോട് എനിക്ക് താല്പര്യമില്ല.

? എമ്പുരാൻ ഇറങ്ങിയ സമയത്തുണ്ടായ വിവാദങ്ങൾ?

എമ്പുരാൻ ആണെങ്കിലും സിനിമയെ സിനിമയായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാശുകൊടുത്ത് കാണുമ്പോൾ അത് അഭിനയിക്കുന്നത് കഥാപാത്രങ്ങളാണ് എന്ന് മനസ്സിലുണ്ടായാൽ മതി. സിനിമയെ സിനിമയായി കണ്ടാൽ ഒരിക്കലും വിവാദത്തിന് ഇടമില്ല. സിനിമയിൽ പല ആംഗിളുകളും ഉണ്ടാകും. പക്ഷേ നമ്മൾ സിനിമയെ സിനിമയായി കണ്ടാൽ മതി. എന്നെ സംബന്ധിച്ച് എമ്പുരാൻ്റ മേക്കിങ്ങ്, അതിലെ ടെക്നിക്കൽ വശം അതൊക്കെയാണ് ഞാൻ ശ്രദ്ധിക്കുന്നത്. അത് ഭയങ്കരമായി ഇൻസ്പെയർ ചെയ്യുന്ന വിധത്തിലുള്ളതാണ്. എന്നെങ്കിലും അങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ളതാണ്. അതിനപ്പുറമുള്ള വിവാദങ്ങളൊന്നും ഒരു സിനിമയെ സംബന്ധിച്ച് ഞാൻ ശ്രദ്ധിക്കാറില്ല.

? സിനിമയിൽ സംഗീതത്തിന് പ്രാധാന്യമുണ്ടോ?

കണ്ടൻ്റിനനുസരിച്ച് മ്യൂസിക്കിന് വലിയ ഇമ്പോർട്ടൻസ് ഉണ്ട്. ആഘോഷത്തിൽ അത് ഉപയോഗിച്ചിട്ടുണ്ട്. കാരണം കാമ്പസ് പശ്ചാത്തലത്തിൽ ഒരു ഫീൽഗുഡ് അടിപൊളി സിനിമയാണ്. ഇതിൽ ഒരു മൂന്ന് സോങ്സ് ഉണ്ട്. അത് ഫെസ്റ്റിവൽ മൂഡിലുള്ളതാണ്. മൂന്ന് സോങ്ങ്സും ചെയ്തത് സ്റ്റീഫൻ ദേവസിയാണ്. അത് നന്നായി ചെയ്തിട്ടുണ്ട്. ഷൂട്ട് ചെയ്തപ്പോൾ തന്നെ ഞങ്ങൾക്ക് ഫീൽ ചെയ്തിരുന്നു. അതിലൊരു സോങ് വളരെ സർപ്രൈസ് ഉള്ളതാണ്. നായിക റോസ്മിയാണ്. ദിലീപിൻ്റെ പവി കെയർടേക്കർ എന്ന സിനിമയിലെ നായികയാണ്. കോളജ് അധ്യാപികയാണ്. നരേൻ്റെ പെയറാണ്. റോസ്മിൻ ഗംഭീരമായി ചെയ്തിട്ടുണ്ട്.

? ആഘോഷം എന്ന പേര് ബോധപൂർവമാണോ?

അല്ല. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ആഘോഷം എന്റെ നാലാമത്തെ ചിത്രമാണ്. ഞാൻ ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങളൊക്കെയും ത്രില്ലർ മൂഡിലുള്ളതായിരുന്നു. ഗുമസ്തൻ ഒരു ത്രില്ലർ മൂഡിലുള്ള സിനിമയായിരുന്നു. എന്നാൽ ആഘോഷം ഇതിന്‍റെ പ്രൊഡ്യൂസർ പറഞ്ഞൊരു നോട്ടാണ്. അത് വളരെ കളർഫുൾ ആയിട്ട് തോന്നുകയും അതിനു പറ്റിയ പേര് നൽകുകയുമായിരുന്നു. ഈ സിനിമക്ക് ആപ്റ്റ് ആയിട്ടുള്ള പേരാണതെന്ന് തോന്നി. കാരണം കളർഫുൾ ആയിട്ട് ലൈഫ് എൻജോയ് ചെയ്യുന്ന ഒരു കാമ്പസ് മൂഡിലുള്ള സിനിമയാണിത്. സെലിബ്രേഷൻ മൂഡിൽ മുമ്പോട്ട് പോകുന്ന ഒരു കഥയാണ്. അപ്പോൾ സെലിബ്രേഷൻ എന്ന ഇംഗ്ലീഷ് വാക്ക് ആഘോഷം എന്നാക്കി മാറ്റി എന്നേയുള്ളൂ. അതു തന്നെയാണ് ഈ സിനിമക്ക് അനുയോജ്യമായ പേര് എന്ന് കരുതുന്നു. അത്തരം ഒരു സബ്ജക്ട് വന്നപ്പോൾ എല്ലാവർക്കും ഇഷ്ടമായൊരു ടൈറ്റിൽ നൽകി. അത്രമാത്രം.

? ഗുമസ്തനിലുള്ള ആർട്ടിസ്റ്റുകൾ തന്നെയാണല്ലോ ആഘോഷത്തിലും അതെങ്ങനെ സംഭവിച്ചു?

ആർട്ടിസ്റ്റുകൾ മാത്രമല്ല ടെക്നീഷ്യന്മാരും എന്‍റെ സിനിമകളിൽ ഉള്ളവർ തന്നെയാണ്. ഞാൻ വിശ്വസിക്കുന്നത് സിനിമ എന്നത് ഒരാളുടെ കഴിവുകൊണ്ട് മാത്രം വിജയിക്കുന്ന ഒന്നല്ല. ഡയറക്ടർ മാത്രം വിചാരിച്ചതുകൊണ്ട് ഒരു സിനിമ വിജയിപ്പിക്കാനാകില്ല. നല്ലൊരു പ്രൊഡ്യൂർ, കഥ, കാമറ, ആർട്ടിസ്റ്റ് ഒക്കെ ഉണ്ടായതുകൊണ്ട് മാത്രം ഒരു സിനിമ വിജയിക്കില്ല. എല്ലാം ഒത്തുചേരുന്നതിന്റെ വിജയമാണ് ഒരു സിനിമയുടെ വിജയം. എന്നെ സംബന്ധിച്ചിടത്തോളം ഇതിനുമുമ്പ് വർക്ക് ചെയ്തിട്ടുള്ള ടെക്നിഷ്യന്മാർ ആണെങ്കിലും ഇപ്പോൾ പുതുതായി ഈ സിനിമയിലേക്ക് എത്തിപ്പെട്ടവരാണെങ്കിലും കംഫർട്ടബിൾ ആണ്. അങ്ങനെ സിനിമ ചെയ്യുമ്പോൾ കുറച്ചുകൂടി ഫ്രണ്ട്‌ലി ആയിരിക്കും. ഞാൻ ഉദ്ദേശിക്കുന്ന വൈബ് നിലനിർത്താൻ കഴിയും എന്നൊക്കെയാണ് എൻ്റെ വിശ്വാസം. ഗുമസ്തനിലെ ആർട്ടിസ്റ്റുകളായതുകൊണ്ട് ഈ സിനിമയിൽ അവർ എത്തിപ്പെട്ടതല്ല. ആഘോഷം എന്ന സിനിമക്ക് പറ്റിയ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവർ അനുയോജ്യരാണ് എന്നതാണ് ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടാനുള്ള കാരണം. ഗുമസ്തനിൽ ഇല്ലാത്ത ആർട്ടിസ്റ്റുകളും ഇതിൽ അഭിനയിക്കുന്നുണ്ട്. ഉദാഹരണമായി വിജയരാഘവൻ, അജു വർഗീസ് തുടങ്ങിയവർ.

Tags:    
News Summary - Director Amal K. Joby Inteview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.