ഫെർണാണ്ടോ
ബ്രന്നർ
‘ല വിദ സിൻ അമിഗോസ് നൊ മെരെചെ ലാ പെന’ -സ്പാനിഷിലെ ഈ ചൊല്ലോടുകൂടിയാണ് അർജന്റീനയിൽനിന്നുള്ള പ്രശസ്ത ലാറ്റിനമേരിക്കൻ ഫിലിം ക്യുറേറ്റർ ഫെർണാണ്ടോ ബ്രന്നർ ഒരു മലയാളിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ‘സുഹൃത്തുക്കളില്ലാത്ത ജീവിതം അർഥശൂന്യമാണ്’ എന്നാണ് ഈ ചൊല്ലിന്റെ അർഥം. ലോകമെമ്പാടുമുള്ള സൗഹൃദങ്ങളെ എന്നും നെഞ്ചോടുചേർക്കുന്ന ബ്രന്നറുടെ മലയാളി സുഹൃത്ത് ഇന്ന് നമുക്കൊപ്പമില്ല. ലോക സിനിമാ തിരശ്ശീലയിൽ മലയാളത്തിന്റെ ഫ്രെയ്മുകൾക്ക് മേൽവിലാസമൊരുക്കി കൊടുത്ത വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ ആണ് ആ സുഹൃത്ത്. ‘വളരെ കുറച്ചുനാളത്തെ സൗഹൃദമേ ഞാനും ഷാജിയും തമ്മിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സിനിമ ഞങ്ങളെ ആത്മബന്ധത്തിലാക്കിയെന്നു തന്നെ പറയാം. ചലച്ചിത്ര മേഖലയിലെ ഉന്നതിയിൽ നിൽക്കുമ്പോഴും സംസാരത്തിലും പെരുമാറ്റത്തിലും അദ്ദേഹം പുലർത്തിയിരുന്ന ലാളിത്യമാണ് എന്നെ സ്പർശിച്ചത്. എന്റെ മൂന്നാമത്തെ കേരള സന്ദർശനമാണിത്. ഇതിനുമുമ്പ് രണ്ടുതവണ വന്നപ്പോഴും ഷാജി ഉണ്ടായിരുന്നു. ജെ.സി. ദാനിയേൽ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഇത്രത്തോളം വഷളായെന്ന് അറിയുന്നത്. അദ്ദേഹവുമായി നടത്തിയ ചർച്ചകളും യാത്രകളും ഒരുമിച്ച് ഭക്ഷണം കഴിച്ചതുമെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ട്.’ -സുഹൃത്തിന്റെ ഓർമയിൽ ഒരു നിമിഷം ബ്രന്നർ മൗനത്തിലാണ്ടു.
ബ്രന്നറും മൊളിനയും
(1995ലെ ചിത്രം)
‘മനുഷ്യജീവിതങ്ങളെയും അതിലെ അഭിവാഞ്ഛകളെയും ദുഃഖത്തെയും കഷ്ടപ്പാടിനെയുമൊക്കെ ചിത്രീകരിക്കുന്നതിന് നിറം, പ്രകൃതി, നിഴലുകൾ എന്നിവയുടെ അനന്ത സാധ്യതകൾ ഉപയോഗിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ. കരുൺ. സിനിമയോടുള്ള അദ്ദേഹത്തിന്റെ ദർശനവും സമർപ്പണവും ഏറെ പേർക്ക് പ്രചോദനമായതാണ്. സിനിമയുള്ള കാലത്തോളം ആ വെളിച്ചം നിലനിൽക്കും’ -
ഷാജി എൻ. കരുണിനെ അനുസ്മരിച്ച് സ്പാനിഷ് വെബ്സൈറ്റായ https://www.escribiendocine.comൽ ബ്രന്നർ എഴുതി. ‘ആ ലേഖനം വായിച്ച് ഷാജിയെ കുറിച്ച്, അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് അറിയാൻ നിരവധി ലാറ്റിനമേരിക്കൻ ചലച്ചിത്ര പ്രവർത്തകർ എന്നെ ബന്ധപ്പെട്ടിരുന്നു. അതിൽ ഞാൻ പരാമർശിച്ച ഷാജിയുടെ വർക്കുകൾ കണ്ടശേഷം ഇന്ത്യൻ സിനിമയെ കുറിച്ചുള്ള ധാരണ തന്നെ മാറിയെന്ന് പറഞ്ഞവരുണ്ട്. ലാറ്റിനമേരിക്കൻ സിനിമകളെ കുറിച്ചുള്ള ഷാജിയുടെ നിരീക്ഷണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ സിനിമകളെ ലാറ്റിനമേരിക്കൻ ചലച്ചിത്ര പ്രവർത്തകർ ഇത്രയും ആഴത്തിൽ പഠിച്ചിട്ടില്ലല്ലോയെന്ന് ഞാൻ വിസ്മയപ്പെടുകയും ചെയ്തിട്ടുണ്ട്’ -ബ്രന്നർ പറയുന്നു.
ബ്രന്നറും മൊളിനയും 2025ലെ ഐ.എഫ്.എഫ്കെയിൽ
2023ലെ ഐ.എഫ്.എഫ്.കെ കാലത്താണ് ബ്രന്നറും ആ മേളയിലെ ജനറൽ ഫിലിം ക്യുറേറ്റർ ഗോൾഡ സെല്ലവുമൊക്കെ ഷാജി എൻ. കരുണുമായുള്ള സൗഹൃദം ശക്തമാക്കുന്നത്. മോഹൻലാലുമായി വീണ്ടും ഒന്നിക്കാനിരുന്ന ‘ഗാഥ’ (ടി. പദ്മനാഭന്റെ ‘കടലി’ന്റെ ചലച്ചിത്രാവിഷ്കാരം) എന്ന സിനിമ നടക്കാതെ പോയതിനെ കുറിച്ചും പോളണ്ട് സംഗീതകാരൻ സ്ബിഗ്ന്യു പ്രൈസ്നറുമായി അത് സംബന്ധിച്ച ചർച്ചകൾ നടത്തിയതിനെ കുറിച്ചും അർജന്റീനിയൻ സംവിധായകൻ ഹെക്ടർ ബാബെൻകോയുമായി സഹകരിച്ച് പ്രവർത്തിച്ച നാളുകളെ കുറിച്ചുമൊക്കെ അന്ന് അദ്ദേഹം വാചാലനായ കാര്യവും ബ്രന്നർ ഓർത്തെടുത്തു. ‘സിനിമയായിരുന്നു അദ്ദേഹത്തിന്റെ ജീവൻ. ഓരോ ശ്വാസവും സിനിമക്കായി അർപ്പിച്ച ചലച്ചിത്രകാരനാണ്. ഷാജി, സിയെംപ്രെ സെറാസ് റെക്കോഡാഡോ’ -സിനിമയുള്ള കാലത്തോളം ഷാജി ഓർമിക്കപ്പെടുമെന്ന് അടിവരയിടുന്നു ബ്രന്നർ.
എറെസ് മി മെഹോർ അമിഗ
ഇത്തവണ ഐ.എഫ്.എഫ്.കെയുടെ മുപ്പതാം പതിപ്പിൽ ബ്രന്നറിനെ കാത്തിരുന്നത് 30 വർഷത്തിനു ശേഷമുള്ള ഒരപൂർവ സ്നേഹസംഗമമായിരുന്നു. മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള രണ്ട് സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ. പ്രമുഖ സ്പാനിഷ് നടിയും ഇത്തവണത്തെ ഐ.എഫ്.എഫ്.കെ ജൂറി അംഗവുമായ എയ്ഞ്ചല മൊളിനയുമായുള്ള സൗഹൃദം പുതുക്കലിനും തിരുവനന്തപുരം വേദിയായി. 1995ൽ സ്പാനിഷ് നഗരമായ ഡൊണോസ്റ്റിയ-സാൻ സെബാസ്റ്റ്യനിൽ നടക്കുന്ന സാൻ സെബാസ്റ്റ്യൻ ചലച്ചിത്ര മേളയുടെ 43ാം പതിപ്പിലാണ് ഇവർ ഇതിനു മുമ്പ് കണ്ടത്. അന്ന് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായിരുന്നു ബ്രന്നർ. ഒരു അഭിമുഖത്തിലൂടെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.
മൊളിന വരുന്നതറിഞ്ഞ് അന്നെടുത്ത അവരുടെ മനോഹര ചിത്രങ്ങളുമായിട്ടാണ് ബ്രന്നർ തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. ആ ഫോട്ടോകൾ കണ്ടപ്പോൾ മൊളിനക്കും ഏറെ സന്തോഷം. ‘ഏറെ ഹൃദ്യമായിരുന്നു ഈ കൂടിക്കാഴ്ച. ഞങ്ങൾ ഇരുവരും 30 വർഷം പിന്നിലേക്ക് പോയി. സാൻ സെബാസ്റ്റ്യൻ മേളക്കുശേഷം ഞങ്ങൾ രണ്ടാൾക്കും ഒരുമിച്ചൊരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും സൗഹൃദം നിലനിന്നിരുന്നു. മൊളിനയുടെ കരിയറിലെ ഉയർച്ചതാഴ്ചകളും നേട്ടങ്ങളുമൊക്കെ അറിയുകയും വിലയിരുത്തുകയും ചെയ്യുന്നുമുണ്ടായിരുന്നു. എങ്കിലും മറ്റൊരു ഭൂഖണ്ഡത്തിലെ, ഞങ്ങൾക്ക് അജ്ഞാതമായ ഭാഷയും സംസ്കാരവുമുള്ളൊരു ദേശത്തെ കൂടിക്കാഴ്ച ഒരു പ്രത്യേക അനുഭവമായി’ -പ്രിയ സ്നേഹിതയെ നേരിൽ കണ്ട സന്തോഷം ബ്രന്നർ പങ്കുവെച്ചു. 30 കൊല്ലം മുമ്പ് താൻ പകർത്തിയ മൊളിനയുടെ ഫോട്ടോയും ബ്രന്നർ സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടത്തെ സൗഹൃദകാലം ആ ഫോട്ടോയിൽ ഇങ്ങനെയെഴുതി -എയ്ഞ്ചല, എറെസ് മി മെഹോർ അമിഗ (എയ്ഞ്ചല, നീ എന്റെ അടുത്ത സുഹൃത്താണ്).
‘എൻസോ’ എപിസോഡ്
തിരുവനന്തപുരത്തെ ബ്രന്നറിന്റെ മറ്റൊരു അപ്രതീക്ഷിത സൗഹൃദമായിരുന്നു ‘എൻസോ’യുമായുള്ളത്. ഐ.എഫ്.എഫ്.കെ രാത്രികളിലൊന്നിൽ മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയറ്ററിന് മുന്നിലെ റോഡിൽനിന്ന് രണ്ട് ഡെലിഗേറ്റുകൾക്ക് കിട്ടിയ സുന്ദരൻ പൂച്ചക്കുട്ടിയാണ് എൻസോ. അവരതിനെ മീഡിയ സെല്ലിലെ മാധ്യമ വിദ്യാർഥി നവനീതിന് കൈമാറി. വൈകാതെ മീഡിയ സെല്ലിലെ 15ഓളം വരുന്ന വളന്റിയർമാരുടെ ചെല്ലക്കുട്ടിയായി മാറി ഈ പൂച്ചക്കുട്ടി. ചലച്ചിത്ര മേളക്കിടെ ലഭിച്ച പൂച്ചക്കുഞ്ഞായതുകൊണ്ട് മേളയിൽ പ്രദർശിപ്പിച്ച, റോബിൻ കാമ്പില്ലോ സംവിധാനം ചെയ്ത ഫ്രഞ്ച് പടം ‘എൻസോ’യുടെ ഉഗ്രൻ പേരുമിട്ടു. ‘ഹോം റൂളർ’ എന്നാണ് എൻസോ എന്ന ഇറ്റാലിയൻ വാക്കിന്റെ അർഥം. അങ്ങനെ മീഡിയ സെല്ലിലെ റൂളറായി വാഴുന്ന എൻസോയെ ബ്രന്നറിനും നന്നായി ബോധിച്ചു. ഇടക്ക് മീഡിയ സെല്ലിലെത്തി പൂച്ചക്കുഞ്ഞിനെ കളിപ്പിക്കുന്ന ബ്രന്നറും മേളയിലെ കൗതുകക്കാഴ്ചയായി. വളന്റിയർമാർ മൃഗസ്നേഹികളുമായി ബന്ധപ്പെട്ട് പൂച്ചക്കുഞ്ഞിനെ ദത്ത് നൽകാൻ തീരുമാനിച്ചതോടെ തിരുമലയിലെ കുടുംബമെത്തി എൻസോയെ കൊണ്ടുപോകുകയും ചെയ്തു. ‘ഇനി എൻസോ ആ വീട്ടിലെ ഹോം റൂളർ ആകട്ടെ’ - ഇതറിഞ്ഞ ബ്രന്നറിന്റെ പ്രതികരണം ഇതായിരുന്നു.
കോവിഡിന് ശേഷം മാറിയ ലോക സിനിമ
കോവിഡ് കാലത്തിനുശേഷം ലോക സിനിമയിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് ഇരു കാലയളവിലെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ക്യുറേറ്ററായ അനുഭവത്തിന്റെ വെളിച്ചത്തിൽ ബ്രന്നർ വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും സിനിമ സ്വാഭാവിക മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പലതും ഗുണകരമായ മാറ്റങ്ങളാണ്. കോവിഡ് മഹാമാരിക്കുശേഷമുള്ള മാറ്റങ്ങൾ ഏറെ പ്രകടമാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന സാഹചര്യവും സിനിമകളുണ്ടാകുന്നതിനെ തടസ്സപ്പെടുത്തിയില്ല. ലോകത്ത് കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സിനിമക്ക് ഗുണകരമായ മാറ്റങ്ങളാണുണ്ടായത്. കലാമൂല്യമുള്ള മികച്ച സിനിമകള്‍ ചെലവു കുറച്ച് നിർമിക്കാൻ കഴിയുമെന്ന് കോവിഡ് കാലം തെളിയിച്ചു. തിയറ്ററുകളില്‍നിന്നും കൈയിലുള്ള മൊബൈല്‍ ഫോണിലേക്കും സ്വീകരണ മുറിയിലെ ടി.വികളിലേക്കും ലോക സിനിമ വന്നു. പലപ്പോഴും ഒരു രാജ്യത്തെ സിനിമ ആ രാജ്യത്തെ തിയറ്ററുകളില്‍ മാത്രം പ്രദര്ശിപ്പിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ സജീവമായി. ഇതോടെ എവിടെ ഇരുന്നും എവിടത്തെയും സിനിമകള്‍ കാണാന്‍ കഴിയുകയും ചെയ്തു. ഇപ്പോഴും അത് തുടരുകയാണ്.
എല്ലാക്കാലത്തും ഇത്തരം പുതിയ പ്രവണതകൾ തന്നെയാണ് സിനിമയെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ആവിഷ്കാരത്തിലും അവതരണത്തിലും പ്രമേയത്തിലുമൊക്കെ പുതിയ സമീപനങ്ങള്‍ വരുന്നത് സിനിക്ക് ഗുണമേ ചെയ്യൂ. പുതിയ പുതിയ സമീപനങ്ങള്‍ വരട്ടെ. സിനിമ വളരട്ടെ.
ഓരോ കാലഘട്ടത്തിലും പുതിയ സാങ്കേതിക വിദ്യകള്‍ സിനിമക്കായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ചെലവ് കുറക്കാനും സമയം ലാഭിക്കാനുമൊക്കെ കഴിയുന്നവ. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ കലാമേന്മയും സ്വാഭാവികത്വവും നഷ്ടമാകാതെ നോക്കണം. സൃഷ്ടിപരമായ കഴിവിനെ അത് മറികടക്കരുത്. കൃത്രിമത്വം സിനിമയെ നശിപ്പിക്കും. ചെറിയൊരു കാലയളവില്‍ മേധാവിത്വം നേടാനായേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണകരമല്ല. ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്പോലും സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പക്ഷേ, സിനിമയെടുക്കാന്‍ മൊബൈല്‍ ഫോണ്‍ മതിയെന്ന ചിന്തയുണ്ടായാല്‍ അവിടെ സിനിമ തകര്‍ന്നു തുടങ്ങും.
ലാറ്റിനമേരിക്കൻ സിനിമകളെ പ്രണയിക്കുന്ന കേരളം
സിനിമ, സംഗീതം, ഫുട്ബാൾ. ലാറ്റിനമേരിക്കക്കാരും മലയാളികളും തമ്മിൽ ഈ മൂന്ന് കാര്യങ്ങളിലും ഇഴപിരിയാത്ത ഒരു ബന്ധമുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതു മനസ്സിലാക്കിയാണ് മെസ്സി വരേണ്ടത് കേരളത്തിലായിരുന്നെന്ന് ഞാൻ അഭിപ്രായപ്പെട്ടത്. നാട്ടുകാരനായതിനാൽ മെസ്സി ഞങ്ങളുടെ ആവേശമാണ്, വികാരമാണ്. സോക്കർ സ്നേഹികളല്ലാത്ത ആരുമില്ല ഞങ്ങളുടെ നാട്ടിൽ. അതിനു സമാനമാണ് കേരളത്തിലെ ഫുട്ബാൾ ആരാധകരും. ലോകകപ്പ് മത്സരമൊക്കെ നടക്കുമ്പോള്‍ കേരളത്തിൽ നടക്കുന്ന ആഘോഷങ്ങളെ അത്ഭുതത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ നാട്ടിൽപോലും ഇത്രയും വലിയ കട്ടൗട്ടുകൾ ഉണ്ടാകില്ല. അത്രമാത്രം ആരാധന ഇവിടുള്ളവർക്കുണ്ട്. അങ്ങനെയുള്ളവരെ നിരാശപ്പെടുത്താതെ മെസ്സി കേരളത്തിലേക്ക് വരുമെന്നു തന്നെയാണ് വിശ്വാസം.
ലാറ്റിനമേരിക്കന്‍ സിനിമകളെ പ്രണയിക്കുന്ന നിരവധി മലയാളികളെ ഇവിടെ കാണാൻ കഴിഞ്ഞു. ഇപ്പോൾ ലാറ്റിനമേരിക്കന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും കേരളത്തിനെ കുറിച്ച് നല്ല മതിപ്പാണ്. ഐ.എഫ്.എഫ്.കെയില്‍ സ്വന്തം സൃഷ്ടികളെത്തിക്കുന്നതിനെ കുറിച്ച് അവർ സംസാരിക്കാറുണ്ട്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരന്തരം എന്നെ ബന്ധപ്പെടാറുണ്ട്. അവര്‍ ഇന്ത്യന്‍ സിനിമകള്‍ കാണും. പഴയകാല ക്ലാസിക്കുകള്ക്കൊക്കെ അവിടത്തെ സിനിമാക്കാര്‍ക്കിടയില്‍ നല്ല പ്രചാരമുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിനിമകള്‍ക്കെന്ന പോലെ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും വലിയ സ്വീകാര്യതയാണുള്ളത്. ഇവിടത്തെ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്ര മേളയുടെയത്ര പ്രതിനിധികള്‍ വരില്ലെന്നത് സങ്കടകരമാണ്.
ഏകദേശം 50 വർഷം മുമ്പ് ലാറ്റിനമേരിക്കൻ സിനിമകൾ ശക്തമായ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. പിന്നീട് അവ മൂർച്ച കുറഞ്ഞ ഫാന്റസി കഥകൾക്ക് വഴിമാറി. 90കളുടെ മധ്യത്തിൽ ആരംഭിച്ച നൂവോ സിനെ അർജന്റീനോ പ്രസ്ഥാനമാണ് അർജന്റീന സിനിമയിൽ നിർണായക വഴിത്തിരിവായത്. കുറഞ്ഞ ബജറ്റുകളെയും പ്രഫഷനൽ അല്ലാത്ത അഭിനേതാക്കളെയും സ്വീകരിച്ചതിലൂടെ പ്രസ്ഥാനം അർജന്റീന സിനിമയുടെ മുഖം തന്നെ മാറ്റി. ആ ഒരു പ്രവണത അടുത്തിടെയായി ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ച് മലയാളം സിനിമയിൽ കണ്ടുവരുന്നുണ്ടെന്നത് ആശാവഹമാണ്. താരങ്ങളില്ലാത്ത സിനിമകളും ഇവിടെ ഇപ്പോൾ സ്വീകരിക്കപ്പെടുന്നു. മലയാള സിനിമയുടെ കരുത്ത് ആഴമേറിയ പ്രമേയങ്ങളും വിഷയ വൈവിധ്യവുമാണ്. ഇന്ത്യൻ സിനിമയെ ബോളിവുഡ് വാർപ്പുമാതൃകയിൽ കാണുന്നവർ ഇന്നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, ബോളിവുഡ്, മലിനജലമുള്ള സ്ഥലം എന്നൊക്കെ ഇന്ത്യയെ വിലയിരുത്തുന്നവർ ഇന്നുമുണ്ട്. എന്നാൽ, ഇന്ത്യൻ സിനിമ എന്താണെന്നും ഐ.എഫ്.എഫ്.കെ എന്താണെന്നുമൊക്കെ വ്യക്തമായ ധാരണ എനിക്കുണ്ട്. സത്യജിത് റായ്, മീര നായർ എന്നിവരെയൊക്കെ ഗൗരവമായി കാണുന്ന തലമുറ അവിടെ ഉണ്ടായിരുന്നു. പുതിയ തലമുറക്ക് മീരയെ ഇപ്പോൾ സൊഹ്റാൻ മംദാനിയുടെ മാതാവായി കാണുന്നതിൽ സങ്കടമുണ്ട്.
ഷാജി, നിങ്ങൾ എന്നെന്നും ഓർമിക്കപ്പെടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.