രൺവീറും സാറയും തമ്മിലുള്ള പ്രായവ്യത്യാസം; കാരണം രണ്ടാം ഭാഗത്തിൽ വെളിപ്പെടുത്തുമെന്ന് കാസ്റ്റിങ് ഡയറക്ടർ

ഡിസംബർ അഞ്ചിന് ആദിത്യ ധറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന ചിത്രം മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ ഇതിനോടകം മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ആഭ്യന്തര ബോക്സ് ഓഫിസിൽ 350 കോടി രൂപ കടന്നിട്ടുണ്ട്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങിയത് മുതൽ പ്രധാന അഭിനേതാക്കളായ രൺവീർ സിങ്ങും സാറ അർജുനും തമ്മിലുള്ള 20 വയസ്സിന്റെ പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

പ്രായവ്യത്യാസം വിവാദമായ പശ്ചാത്തലത്തിൽ ചിത്രത്തിന്‍റെ കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്രീ പ്രസ് ജേണലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്‍റെ കഥക്ക് പ്രായവ്യത്യാസം അനാവശ്യമായ തീരുമാനമായിരുന്നില്ലെന്നും അത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ധുരന്ധർ സിനിമയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോൾ ഈ കഥാപാത്ര തെരഞ്ഞെടുപ്പ് എന്തുകൊണ്ടെന്ന് പ്രേക്ഷകർക്ക് മനസിലാകുമെന്നും പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചർച്ച അർത്ഥവത്താകുമെന്നുമാണ് മുകേഷ് ഛബ്ര പറയുന്നത്.

സിനിമയിലെ ആഖ്യാന ആവശ്യകതകൾക്ക് മാത്രമാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തതെന്നും ഈ ഘട്ടത്തിൽ തനിക്ക് കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. 20-21 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രം സിനിമയിൽ അനിവാര്യമായിരുന്നു. അതിനാലാണ് സാറ അർജുനെ തെരഞ്ഞെടുത്തത്, നമുക്ക് നല്ല അഭിനേതാക്കൾ ഇല്ലാഞ്ഞിട്ടല്ലെന്നും പക്ഷേ പ്രായവ്യത്യാസം സിനിമയിൽ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാറയുടെ കഥാപാത്രത്തിനായുളള ഓഡിഷനിൽ 1300ലധികം പെൺകുട്ടികളാണ് പങ്കെടുത്തതെന്ന് നേരത്തെ സംവിധായകൻ ആദിത്യ ധർ വെളിപ്പെടുത്തിയിരുന്നു. തങ്ങൾ നടത്തുന്ന സർപ്രൈസ് കാസ്റ്റിങിൽ പുതുമുഖ നടിയെയായിരുന്നു ആവശ്യമെന്നും സാറ മുമ്പ് ബാലതാരമായി രണ്ട് മൂന്ന് സിനിമകൾ ചെയ്തിരുന്നെങ്കിലും പുതിയ തുടക്കം നൽകാൻ ആഗ്രഹിച്ചു. അവർ അത്ഭുതകരമായ നടിയാണെന്നും രണ്ടാം ഭാഗത്തിൽ തീർച്ചയായും അത് കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽമീഡിയയിൽ നിന്നും ഉയർന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഇത്തരം പ്രതികരണങ്ങൾ തമാശയായിട്ടാണ് തോന്നുന്നതെന്നും കഥ മുന്നോട്ട് പോകുമ്പോൾ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രൺവീർ സിങ്, സാറ അർജുൻ എന്നിവർക്ക് പുറമെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപൽ എന്നിവരെല്ലാം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധുരന്ധർ രണ്ടാം ഭാഗം അടുത്തവർഷം മാർച്ച് 19ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - The casting director says that the reason for the age difference between Ranveer and Sara will be revealed in the second part

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.