കേന്ദ്രത്തിന്റെ കത്രികവെക്കലിന് കേരളം വഴങ്ങില്ല, എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Full View


കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകളും പ്രദർശിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ‘ഫലസ്‌തീൻ 36’ ഉൾപ്പെടെയുള്ള എല്ലാ സിനിമകളും പ്രദർശിപ്പിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് അനുമതി നൽകി സാംസ്‌കാരിക വകുപ്പ്‌ ഉത്തരവിറക്കി.മേള കൊടിയിറങ്ങാൻ മൂന്ന്‌ ദിവസം മാത്രം ശേഷിക്കെ പ്രദർശനത്തിന്‌ സൗകര്യമൊരുക്കുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് മുന്നിലുള്ളത്‌. ഫലസ്‌തീൻ പാക്കേജടക്കം 19 സിനിമകൾക്കാണ്‌ കേന്ദ്രത്തിന്റെ പ്രദർശനാനുമതി ലഭിക്കാതിരുന്നത്‌. തുടർന്ന്‌ രണ്ട്‌ ദിവസങ്ങളിലായി 14 ഓളം പ്രദർശനങ്ങൾ മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതിയെ തുടർന്ന്‌ തടഞ്ഞ ചിത്രങ്ങളിൽ നാലെണ്ണം ചൊവ്വാഴ്ച പ്രദർശിപ്പിച്ചു.

സെൻസർ ബോർഡ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത സിനിമകൾ പ്രദർശിപ്പിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയത്തിന്റെ എക്‌സംപ്‌ഷൻ സർട്ടിഫിക്കറ്റ്‌ വേണം. ഇതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും 187 ചിത്രങ്ങളിൽ 168 എണ്ണ‌ത്തിന്‌ മാത്രമേ അനുമതി ലഭിച്ചുള്ളൂ. ഇതേതുടർന്നാണ്‌ തിങ്കളാഴ്‌ച വൈകീട്ടോടെ 19 സിനിമകളുടെ പ്രദർശനം മുടങ്ങിയത്‌. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്ത്‌ പ്രതിഷേധം ശക്‌തമാണ്.

കേന്ദ്രത്തിൽ നിന്ന്‌ ചൊവ്വാഴ്‌ച രാവിലെയോടെ നാല്‌ ചിത്രങ്ങൾക്ക്‌ കൂടി പ്രദർശനാനുമതി ലഭിച്ചെങ്കിലും മറ്റ്‌ ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. ഇതേത്തുടർന്നാണ്‌ സംസ്ഥാനം സ്വന്തം നിലയ്‌ക്ക്‌ പ്രദർശനം നടത്താൻ തീരുമാനിച്ചത്‌. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യവിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല.

കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരും. 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ട്​ പൂർത്തിയാക്കുന്ന ഐ.എഫ്‌.എഫ്‌.കെയിൽ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ്, മുൻകൂർ ഷെഡ്യൂൾ ചെയ്ത പ്രകാരം എല്ലാ സിനിമകളും മേളയിൽ മുടക്കമില്ലാതെ പ്രദർശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്.   

Tags:    
News Summary - Chief Minister Pinarayi Vijayan says the central government's action of denying permission for screening is unacceptable.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.