ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ ദക്ഷിണേഷ്യൻ മേയറായ സൊഹ്‌റാൻ മംദാനിക്ക് ബോളിവുഡുമായുള്ള ബന്ധം മാതാവ് മീര നയ്യാറിലൂടെ ഇതിനകം പ്രസിദ്ധമാണ്. എന്നാൽ, അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലും ബോളിവുഡിന്റെ കാര്യമായ സ്വാധീനം കാണാനാവും.
മേയറായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയുടെ വിജയം ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ ആഘോഷിക്കപ്പെട്ടത് ഒരു ബോളിഡുവ് ട്രാക്കിന്റെ അകമ്പടിയോടെയായിരുന്നു. ഋത്വിക് റോഷൻ, ജോൺ എബ്രഹാം, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച 2004ലെ ഹിറ്റ് ചിത്രമായ ‘ധൂമി’ലെ ‘ധൂം മച്ചാലെ’യുടെ പശ്ചാത്തലത്തിൽ അനുയായികളുടെ ഇടയിലേക്ക് അദ്ദേഹം കൈവീശി സ്റ്റേജിലേക്ക് നടന്നുവന്നു. സദസ്സിൽ നിന്നുള്ളവർ പകർത്തിയ ആ വിഡിയോ സമൂഹ മാധ്യമത്തിൽ കാട്ടു തീപോലെ പടർന്നു.
ആ പ്ലേലിസ്റ്റിനേക്കാൾ വളരെ ആഴമുള്ളതാണ് ഇന്ത്യൻ സിനിമയുമായുള്ള സൊഹ്‌റാന്റെ ബന്ധം. അദ്ദേഹത്തിന്റെ മാതാവ് പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നയ്യാർ, സലാം ബോംബെ (1988), മൺസൂൺ വെഡ്ഡിംഗ് (2001), ദി നെയിംസേക്ക് (2006) തുടങ്ങിയ ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ട ചലച്ചിത്രങ്ങൾക്ക് പേരുകേട്ട പ്രതിഭയാണ്.
നസീറുദ്ദീൻ ഷാ, ഷെഫാലി ഷാ, തബു, ഇർഫാൻ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ കഴിവുകളിലൂടെ ഇന്ത്യൻ കുടുംബങ്ങളുടെ സൂക്ഷ്മമായ തലങ്ങൾ ഈ ചിത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. മറുവശത്ത്, അദ്ദേഹത്തിന്റെ പിതാവ് മഹ്മൂദ് മംദാനി ആദരിക്കപ്പെടുന്ന ഒരു അക്കാദമിക് വ്യക്തിത്വമാണ്. കൊളോണിയലിസം, സ്വത്വം, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം തുടങ്ങിയവ അദ്ദേഹത്തിന്റെ എഴുത്തുകൾ വിശകലനം ചെയ്യുന്നു.
1991ൽ പുറത്തിറങ്ങിയ ‘മിസിസിപ്പി മസാല’ എന്ന ചിത്രത്തിനായി ലൊക്കേഷനുകൾ അന്വേഷിക്കുന്നതിനിടെയാണ് മീര മഹ്മൂദ് മംദാനിയെ കണ്ടുമുട്ടിയത്. ഡെൻസൽ വാഷിങ്ടണും സരിത ചൗധരിയും അഭിനയിച്ച ഈ ചിത്രം ഈദി അമീന്റെ ഭരണകാലത്ത് ഉഗാണ്ടയിൽ നിന്ന് ഇന്ത്യക്കാരെ പുറത്താക്കിയതിനെക്കുറിച്ച് ചർച്ച ചെയ്ത ഒരു ക്രോസ്-കൾച്ചറൽ പ്രണയകഥയായിരുന്നു. അന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാളായിരുന്നു മഹ്മൂദ്. അവരുടെ കൂടിക്കാഴ്ച ഒടുവിൽ വിവാഹത്തിലേക്ക് നയിച്ചു. ന്യൂയോർക്കിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ദമ്പതികൾ അക്കാദമിക് ജോലികൾക്കായി പലയിടങ്ങളിലും മാറിത്താമസിച്ചുപോന്നു.
തന്റെ കരിയറിലെ ക്രിയാത്മകമായ പല തീരുമാനങ്ങളും രൂപപ്പെടുത്തി തന്നതിന് മീര പലപ്പോഴും മകനെ പ്രശംസിച്ചിട്ടുണ്ട്. ഒരു ഹാരി പോട്ടർ സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ ഉപദേശത്തിനായി അവർ സൊഹ്‌റാനെ സമീപിച്ചു. ‘നിരവധി നല്ല സംവിധായകർക്ക് ഹാരി പോട്ടർ നിർക്കാൻ കഴിയും. പക്ഷേ നിങ്ങൾക്ക് മാത്രമേ ‘ദി നെയിംസേക്ക്’ നിർമിക്കാൻ കഴിയൂ എന്നായിരുന്നു’ സൊഹ്റാന്റെ മറുപടി.
‘ദി നെയിംസേക്കി’ലെ സോഹ്‌റാന്റെ ഇടപെടൽ അവിടെയും അവസാനിച്ചില്ല. കൽ പെന്നിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചത് മകനാണെന്ന് മീര ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. തബു, ഇർഫാൻ ഖാൻ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ഗൗരവമുള്ള ബോളിവുഡ് അരങ്ങേറ്റത്തിലൂടെ കൽ പെന്നിന് വൻ സ്വീകാര്യത ലഭിച്ചു. സൊഹ്റാന്റെ ആ തെരഞ്ഞെടുപ്പും പിഴച്ചില്ല.
മീര നയ്യാരുടെ ‘ക്വീൻ ഓഫ് കാറ്റ്്വ’യിൽ അസിസ്റ്റന്റ് ഡയറക്ടർമാരിലെരാളായും മ്യൂസിക് കോ-ഓഡിനേറ്ററായും സൊഹ്‌റാൻ സംഭാവന നൽകി. ഒരു സ്റ്റുഡന്റ് ബുക്ക്‌മേക്കറായി അദ്ദേഹം സ്‌ക്രീനിൽ ക്ഷണനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ ‘യങ് കാർഡമം’ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ട്രാക്കിനായി ‘സ്‌പൈസ്’ എന്ന റാപ്പ് ട്രാക്കും അവതരിപ്പിച്ചു.
തന്റെ പ്രചാരണത്തിലുടനീളം പഴയ ഇന്ത്യൻ ക്ലാസിക്കുകളിലൂടെ വോട്ടർമാരെ സൊഹ്റാൻ ആകർഷിച്ചു. ഹിന്ദിയിൽ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത് മുതൽ ക്ലാസിക് ബോളിവുഡ് ഡയലോഗുകൾ വരെ നീണ്ടു അത്. അതേസമയം, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പലപ്പോഴും ‘ഭായി ഔർ ബെഹ്നോം’ ഉപയോഗിച്ച് ആരംഭിച്ചു.
ഒരു വൈറൽ ക്ലിപ്പിൽ, അമിതാഭ് ബച്ചന്റെ ഇതിഹാസ ചിത്രമായ ‘ദീവാറി’ലെ രംഗമായ ‘ആജ് മേരെ പാസ് ബിൽഡിങ് ഹേ, പ്രോപ്പർട്ടി ഹേ, ബംഗ്ലാ ഹേ...’ എന്ന് അദ്ദേഹം പുനഃസൃഷ്ടിച്ചു. ഷാരൂഖ് ഖാന്റെ ഐക്കണിക് പോസിനെയും സ്പർശിച്ചു. മറ്റൊന്നിൽ, റാങ്ക് ചോയ്‌സ് വോട്ടിങിനെ വിശദീകരിക്കാൻ അദ്ദേഹം ‘ഓം ശാന്തി ഓമി’ന്റെ സൗണ്ട് ട്രാക്കും ‘കർസി’ ലെ ഒരു രംഗവും സമർത്ഥമായി ഉപയോഗിച്ചു.
റെട്രോ ബോളിവുഡ് പോസ്റ്ററുകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ ദൃശ്യങ്ങൾ. എല്ലാം കടും നിറങ്ങൾ, ബോൾഡ് ഫോണ്ടുകൾ, സിനിമാറ്റിക് ഫ്ലെയർ. പലപ്പോഴും വിന്റേജ് ബോളിവുഡ് പോസ്റ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു അവ. തന്റെ ദക്ഷിണേഷ്യൻ ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുന്നതിന് മഞ്ഞയും ചുവപ്പും കലർന്ന ഊർജ്ജസ്വലമായ നിറങ്ങളും പ്രകടമായ ടൈപ്പോഗ്രാഫിയും സ്വീകരിക്കുന്നതിൽ കാമ്പയ്നിൽ അദ്ദേഹം ഒരു പിശുക്കും കാണിച്ചില്ല.
ഇങ്ങനെയെല്ലാം ന്യൂയോർക്ക് രാഷ്ട്രീയത്തിലേക്ക് സൊഹ്റാൻ ഒരു സവിശേഷമായ ‘സിനിമാ’ ഊർജം കൂടി കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.