വിവാഹം കഴിഞ്ഞാൽ അടുക്കളയിൽ സജീവമാകണമെന്ന പാരമ്പര്യ സങ്കല്പങ്ങളോട് തനിക്ക് താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ശോഭിത ധൂലിപാല. തന്റെ ദാമ്പത്യജീവിതത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും വളരെ രസകരമായ കാര്യങ്ങളാണ് ശോഭിത ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. വിവാഹശേഷം അടുക്കളയിൽ താൻ കാര്യമായ പരീക്ഷണങ്ങൾക്കൊന്നും മുതിരാറില്ലെന്ന് ശോഭിത സമ്മതിക്കുന്നു. പകരം ഇഷ്ടമുള്ള ഭക്ഷണം പുറത്തുനിന്ന് ഓർഡർ ചെയ്യാനാണ് താരം താല്പര്യപ്പെടുന്നത്. പാചകം ഒരു സമ്മർദമായി കാണുന്നതിനേക്കാൾ, ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിലാണ് തനിക്ക് സന്തോഷമെന്ന് ശോഭിത പറയുന്നു.
ശോഭിതയുടെ ഭർത്താവും നടനുമായ നാഗചൈതന്യക്ക് സ്വന്തമായി ഒരു ഫുഡ് ബിസിനസ്സ് ഉണ്ടല്ലോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ശ്രദ്ധേയമാണ്. ‘സ്വന്തം ബ്രാൻഡിൽ നിന്നുള്ള ഭക്ഷണം മാത്രമല്ല ഞങ്ങൾ കഴിക്കുന്നതെന്നും, ആ സമയത്ത് എന്ത് കഴിക്കാനാണോ തോന്നുന്നത് അതനുസരിച്ച് പലയിടങ്ങളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കി. എന്റെ ക്രേവിങ്സ് ആണ് മെനു തീരുമാനിക്കുന്നത്’ ശോഭിത പറഞ്ഞു.
ഹൈദരാബാദിലെ പ്രാദേശിക രുചികൾ എനിക്ക് പുതിയ ഭക്ഷണാനുഭവങ്ങളാണ് നൽകുന്നത്. അവിടുത്തെ പ്രാദേശിക വിഭവങ്ങളായ പുനുഗുലു, സമോസ, മിർപകായ് ബജ്ജി എന്നിവയോട് പ്രത്യേക താല്പര്യമുണ്ട്. എവിടെയാണ് ഏറ്റവും നല്ല ഭക്ഷണം ലഭിക്കുക എന്നറിയാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും നിർദേശങ്ങൾ ചോദിക്കാനും എനിക്ക് ഇഷ്ടമാണെന്ന് ശോഭിത പറയുന്നു. ഭക്ഷണത്തോടുള്ള ഈ ഇഷ്ടം തന്റെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശോഭിത പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കൃത്യമായ വർക്കൗട്ടുകൾ തന്റെ ദിനചര്യയുടെ ഭാഗമാണെന്നും, ഇഷ്ടമുള്ള ഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.
2024ലാണ് ശോഭിതയും തെലുങ്ക് താരം നാഗചൈതന്യയും വിവാഹിതരായത്. വിവാഹശേഷം തന്റെ പ്രൊഫഷണൽ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ശോഭിത മനസ്സ് തുറക്കുകയാണ്. തെലുങ്ക് സിനിമയിലെ വലിയൊരു പാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് ശോഭിത എത്തിയത് എങ്കിലും, തന്റെ ജോലി തികച്ചും വ്യക്തിപരമായ പരിശ്രമത്തിലൂടെ നേടിയതാണെന്ന് താരം വിശ്വസിക്കുന്നു. ‘ഭർത്താവിന്റെ കുടുംബം സിനിമയിൽ വലിയ സ്വാധീനമുള്ളവരാണെങ്കിലും, അവരെ വെറുമൊരു ഇൻഡസ്ട്രിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വീട്ടിൽ എത്തുമ്പോൾ അവർ എന്റെ കുടുംബം മാത്രമാണ്. എന്റെ കരിയറിലെ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. വിവാഹം അതിനെ ബാധിച്ചിട്ടില്ല’ ശോഭിത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.