യൂട്യൂബറായി തുടക്കം, ആദ്യ ചിത്രം മുടങ്ങി, ഹൈപ്പുകളില്ലാതെ എത്തിയിട്ടും ടൂറിസ്റ്റ് ഫാമിലി നേടിയത് കോടികൾ; ആരാണ് അഭിഷാൻ ജിവിന്ത്

റെട്രോ, ഹിറ്റ് 3 തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തിട്ടും അധികം ഹൈപ്പുകളില്ലാതെ എത്തിയ ടൂറിസ്റ്റ് ഫാമിലി ബോക്സ് ഓഫിസ് വിജയമായി. 25 ദിവസം പൂർത്തിയാക്കി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. നവാഗതനായ അഭിഷാൻ ജിവിന്താണ് ചിത്രം സംവിധാനം ചെയ്തത്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് അഭിഷൻ ജിവിന്ത്. വിഷ്വൽ കമ്യൂണിക്കേഷൻ ബിരുധധാരിയാണ്. പറ‍യത്തക്ക സിനിമ പാരമ്പര്യമൊന്നും അഭിഷാന് ഇല്ല എന്നത് ശ്രദ്ധേയം. യൂട്യൂബറായിയാണ് അഭിഷാൻ തന്‍റെ ക്രിയേറ്റീവ് യാത്ര ആരംഭിച്ചത്. തഗ് ലൈറ്റ് എന്ന ചാനലിലൂടെ അദ്ദേഹം ശ്രദ്ധ നേടി.

കഥ പറയാനുള്ള അഭിനിവേശമാണ് അഭിഷാനെ ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നതിലേക്ക് നയിച്ചത്. 2019ലാണ് ഡോപ് എന്ന ആദ്യ ഹ്രസ്വചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ഒരു വർഷത്തിനുശേഷം 'നൊടികൾ പിറക്കഥ' പുറത്തിറക്കി. അത് യൂട്യൂബിൽ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി വൻ വിജയമായി.

മുഖ്യധാര സിനിമയിൽ എത്തുന്നതിന് മുമ്പ് അഭിഷാന് നിരവധി തടസങ്ങൾ നേരിടേണ്ടി വന്നു. കോളേജിലെ അവസാന വർഷത്തിൽ പഠിക്കുമ്പോൾ, കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പ്ലാൻ ചെയ്ത ഫിലിം പ്രോജക്റ്റ് റദ്ദാക്കിയിരുന്നു. പിന്നിടാണ് കമൽഹാസന്‍റെ തെനാലി എന്ന ക്ലാസിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെടുന്ന തമിഴ് കുടുംബത്തെ കേന്ദ്രീകരിച്ച് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി നിർമിക്കുന്നത്.

ടൂറിസ്റ്റ് ഫാമിലിയുടെ ഇതുവരെയുള്ള മൊത്തം കളക്ഷൻ 56.50 കോടി രൂപ കടന്നു എന്നാണ് റിപ്പോർട്ട്. അഭിഷാനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ഫാമിലിയുടെ പ്രൊമോഷണൽ ഇവന്‍റിൽ, അഭിഷാൻ സുഹൃത്തായ അഖില ഇളങ്കോവനോട് പ്രണയാഭ്യർഥന നടത്തിയ വിഡിയോ വൈറലായിരുന്നു. തന്‍റെ യാത്രയിലുടനീളം പിന്തുണ നൽകിയ അഖിലയോട് അദ്ദേഹം വൈകാരികമായി നന്ദി പറഞ്ഞു.

Tags:    
News Summary - Who is Abishan Jeevinth? Meet Tourist Family director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.