രാവണപ്രഭുവിലെ ജാനകി, ഷക്കലക ബേബി പാടിയ വസുന്ധര ദാസ് ഇപ്പോൾ എവിടെയാണ്?

ർഷങ്ങൾക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ രാവണപ്രഭു ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. 4K ദൃശ്യ മികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയുമാണ് ചിത്രം റീ മാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ ജാനകിക്കും ഇവരുടെ അത്ര ഫാൻ ബേസുണ്ട്. മലയാളികൾക്കിടയിൽ ഡോ. ജാനകി നമ്പ്യാർ ആണ് അവർ. മുണ്ടക്കൽ ശേഖരന്റെ ഏക മകൾ. എന്നാൽ ചിത്രത്തിലെ നായിക വസുന്ധര ദാസ് ഇപ്പോൾ എവിടെയാണ്?

1977 ഒക്ടോബർ 27ന് ബംഗളൂരിവിലാണ് വസുന്ധര ജനിച്ചത്. 1999ൽ കമൽഹാസൻ സംവിധാനം ചെയ്ത 'ഹേ റാം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും, എ.ആർ. റഹ്മാൻ സംഗീതം നൽകിയ തമിഴ് ചിത്രം 'മുതൽവനിലെ ‘ഷക്കലക ബേബി’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. ഗായികയായും അഭിനേത്രിയായും ഒരുപോലെ തിളങ്ങിയ താരമാണ് വസുന്ധര ദാസ്. ഗായികയായിട്ടാണ് വന്നത്. പിന്നീട് കാമറക്ക് മുമ്പിലേക്കും വസുന്ധര വന്നു.

സംഗീതത്തിനാണ് അവർ പ്രധാനമായും പ്രാധാന്യം നൽകിയിരിക്കുന്നത്. ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മുത്തശ്ശി ആയിരുന്നു ആദ്യഗുരു. പിന്നീട് ലളിത് കലാ അക്കാദമിയില്‍ ചേര്‍ന്നു. പഠനകാലത്ത് കോളേജ് ഗേള്‍സ് ബാന്റിലെ പ്രധാനഗായികയായി അവര്‍. കോളേജ് കാലത്തുതന്നെയാണ് 'ആര്യ' എന്ന പേരില്‍ ഒരു ബാന്‍ഡും തുടങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2004-ല്‍ ബാന്‍ഡ് പിരിച്ചുവിട്ടു. ബംഗളൂരുവില്‍ 'ദ ആക്ടീവ്' എന്ന പേരില്‍ ഒരു മ്യൂസിക് സ്റ്റുഡിയോയുമുണ്ട്.

ഷക്കലക ബേബി എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. എ.ആർ.റഹ്മാൻ സംഗീതം കൊടുത്ത ആ ഒറ്റ പാട്ടിലൂടെ തന്നെ സിനിമാമേഖലയിൽ അറിയപ്പെടുന്ന പേരായി മാറി വസുന്ധരയുടേത്. തൊട്ടുപിന്നാലെ റഹ്മാന്റെ സംഗീതത്തിൽ റിഥം, ലഗാൻ, ബോയ്സ് തുടങ്ങിയ സിനിമകളിലെല്ലാം അവർ പാടി. കട്ടിപ്പുടി കട്ടിപ്പുടി ടാ, ഓ രേ ഛോരി, പൂക്കാരി പൂക്കാരി, സരിഗമേ, ഡേറ്റിങ്, ഇറ്റ്സ് ദ ടൈം ടു ഡിസ്‌കോ അങ്ങനെ കുറേ സൂപ്പർഹിറ്റ് പാട്ടുകളുടെ ഭാഗമായി. ഷാറൂഖ് ഖാൻ പ്രധാന വേഷത്തിലെത്തിയ കൽ ഹോ ന ഹോയിലെ ഇറ്റ്സ് ദ ടൈം ടു ഡിസ്കോ, കഭി അൽവിദാ ന കഹ്‌നായിലെ വേർ ഈസ് ദ പാർട്ടി ടുനൈറ്റ് എന്നീ ഗാനങ്ങളും വസുന്ധരയുടെ കരിയറിലെ ഹിറ്റ് നമ്പറുകളാണ്.

ഹേ റാമിൽ കമൽഹാസന്റെ നായികമാരിലൊരാളായിട്ടാണ് അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നാലെ മൺസൂൺ വെഡിങ്ങിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളസിനിമയിലേക്ക് കടക്കുന്നത് രാവണപ്രഭുവിലൂടെയാണ്. അതിലെ 'പൊട്ടുകുത്തെടീ' എന്ന പാട്ടാണ് ആദ്യമായി ഷൂട്ട് ചെയ്തത്. അഞ്ച് ദിവസത്തോളം ആ പാട്ടിനുവേണ്ടി ഓടിനടക്കുകയായിരുന്നുവെന്നും അതിലെ വേഷം ഏറെ കംഫർട്ടബിൾ ആയിരുന്നെന്നും താരം തന്നെ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. പിന്നീട് മമ്മൂട്ടി ചിത്രമായ വജ്രത്തിലും അഭിനയിച്ചു. പെട്ടെന്നൊരുനാൾ വസുന്ധര അഭിനയത്തിൽനിന്ന് പിൻമാറുകയായിരുന്നു. ഡ്രമ്മറായ റോബർട്ടോ നാരായൺ ആണ് ഭർത്താവ്. സിനിമാപിന്നണിയിൽനിന്നും മാറിനിന്നെങ്കിലും സംഗീതത്തിൽ സജീവമാണ് വസുന്ധര. അവരുടെ ബാൻഡുമായി സംഗീതപരിപാടികൾ നടത്തുന്നു. അതിനൊപ്പം മ്യൂസിക് തെറാപ്പിയിലും സജീവമാണ്.

Tags:    
News Summary - where is Vasundhara Das now?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.