സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, ആമീർ ഖാൻ

ബോളിവുഡിന്റെ നിയമപുസ്തകങ്ങളെല്ലാം തിരുത്തിയെഴുതിയ ആ മൂന്നു പേരുകളും ഇനി സീനിയർ സിറ്റിസൺ പട്ടികയിൽ. ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകങ്ങളായി ഹിന്ദി സിനിമയുടെ മുഖങ്ങളായി മാറിയ സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരെല്ലാം 60 കടന്നിരിക്കുന്നുവെന്നതാണ് 2025 അവസാനിക്കുമ്പോഴുള്ള ഏറ്റവും ഒടുവിലെ വിശേഷം. കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാൻ അറുപതാം പിറന്നാൾ ആഘോഷിച്ചത്.

എന്നാൽ, മൂവരിൽ ഒരാൾപോലും ‘നായക’ലോകത്തുനിന്ന് പിൻവാങ്ങുന്നില്ലെന്നത് മാത്രമല്ല കൂടുതൽ സജീവമാകുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. 1965ൽ ജനിച്ച മൂവർക്കും ഇപ്പോൾ വയസ്സ് 60. ഡിസംബർ 27 ആണ് സൽമാന്റെ ജന്മദിനം. നവംബർ രണ്ട് ഷാറൂഖിന്റെയും മാർച്ച് 14 ആമിറിന്റെയും പിറന്നാളുകളാണ്. സാധാരണഗതിയിൽ അമ്പതു കഴിഞ്ഞ നായകരെ പതിയെ മാറ്റിനിർത്തി യുവരക്തങ്ങൾ കടന്നുവരുന്നതാണ് ബോളിവുഡിന്റെ പതിറ്റാണ്ടുകളായുള്ള പതിവ്. എന്നാലീ മൂന്ന് ഖാൻമാരുടെയും കാര്യത്തിൽ ആ പതിവ് തെറ്റി.

എൺപതുകളും തൊണ്ണൂറുകളും യുവത്വത്തിന്റെ പകിട്ടിൽ അടക്കിവാണ അതേ താരപദവി രണ്ടായിരത്തിലും ഇന്ന് 2025ലും കാത്തുസൂക്ഷിക്കുന്നത് അമ്പരപ്പോടെയാണ് ഇന്ത്യൻ സിനിമ നോക്കിക്കാണുന്നത്. തങ്ങളുടെ സിനിമകൾ വ്യാപാരവിജയം കാണാതാകുന്നതോടെയാണ് മിക്ക സിനിമതാരങ്ങളും തങ്ങൾക്ക് പ്രായമായെന്ന് തിരിച്ചറിയാറുള്ളത്. എന്നാൽ, ഖാൻമാർക്ക് അത്തരം തിരിച്ചടികൾ ഈ കാലഘട്ടത്തിൽ വളരെ കുറവായിരുന്നുവെന്നും കാണാം. അതുകൊണ്ടുതന്നെ റിട്ടയർമെന്റ് എന്നത് അവരുടെ വിദൂര ചിന്തയിൽപോലും ഉണ്ടാവില്ലെന്നാണ് ബോളിവുഡ് പണ്ഡിറ്റുകൾ പറയുന്നത്.

അറുപതാം പിറന്നാൾ ആഘോഷിച്ച സൽമാൻ ഖാന്റെ നിരവധി പ്രോജക്ടുകളാണ് വരാനിരിക്കുന്നത്. ഒപ്പം വമ്പൻ ജനപ്രിയ ടി.വി ഷോകളും നയിക്കുന്നു. ജന്മദിനത്തിൽ പനവേലിലെ ഫാംഹൗസിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ അദ്ദേഹത്തിന്റെ ജനപ്രിയതയുടെ തെളിവാണ്. ജവാനും പത്താനുമെല്ലാം ബോളിവുഡിനെകൂടി തകർച്ചയിൽനിന്ന് കരകയറ്റിയ ചിത്രങ്ങളാണെന്നത് ഷാറൂഖ് ഖാന്റെ ബോളിവുഡിന്റെ കിങ് പദവിക്ക് അടുത്ത കാലത്തൊന്നും ഇളക്കം തട്ടില്ലെന്നതിന്റെ തെളിവായി പലരും ചൂണ്ടിക്കാട്ടുന്നു.

മൂവരിൽ, സിനിമയെ കൂടുതൽ ഗൗരവതരമായി സമീപിക്കുന്ന ആമിർ ഖാനാകട്ടെ, തന്റെ പരീക്ഷണങ്ങൾ തുടരുകയുമാണ്. ‘സിത്താരെ സമീൻ പർ’ വഴി പ്രബുദ്ധ പ്രേക്ഷകരുമായി അദ്ദേഹം സംവാദം തുടരുകയാണ് 2025ലും. യുവത്വം നിലനിർത്തുന്നതു മാത്രമല്ല, കാലത്തിന് അനുസരിച്ച് സ്വയം മാറാനും അതിജീവിക്കാനും മൂവർക്കുമുള്ള അസാമാന്യ കഴിവുകൂടിയാണ് ഈ വിജയത്തിന് പിന്നിൽ. തൊണ്ണൂറുകളിലെ റൊമാന്റിക് കാലം മുതൽ 2020നുശേഷമുള്ള ബ്രഹ്മാണ്ഡ ആക്ഷൻ കാഴ്ചവിരുന്നുകളിലും ഖാൻ ത്രയം ഒരേ താരത്തിളക്കത്തിൽ നിൽക്കുകയാണ്. 

Tags:    
News Summary - When the Khan trio became senior citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.