12,490 കോടിയുടെ ആസ്തിയുമായി കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയയിരിക്കുകയാണ് ബോളിവുഡ് താരം ഷാറൂഖ് ഖാൻ. തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ വ്യക്തിപരമായ ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സത്യസന്ധതയോടെ സംസാരിച്ചിട്ടുണ്ട്. 2012ൽ തെഹൽക്ക ടിവിയുമായുള്ള ഒരു സംഭാഷണത്തിൽ, ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തെക്കുറിച്ച് നടൻ തുറന്നുപറഞ്ഞിരുന്നു. അത് തന്നെയും സഹോദരിയെയും ആഴത്തിൽ ബാധിച്ച നഷ്ടമാണ് ഷാറൂഖ് പറഞ്ഞു.
'അതിനുശേഷം രണ്ട് വർഷത്തേക്ക് അവൾ കരഞ്ഞില്ല, സംസാരിച്ചില്ല, മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു. ആ നഷ്ടം അവളുടെ ലോകത്തെ മാറ്റിമറിച്ചു. മാഷാഅല്ലാഹ്, ഇപ്പോൾ അവൾ സുഖമായിരിക്കുന്നു. 'ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷേ അവൾ രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു'.
'തുജെ ദേഖ തോ യേ ജാന സനം' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെ ഞാൻ അവളെ സ്വിറ്റ്സർലൻഡിലേക്ക് കൊണ്ടുപോയി അവിടെ ചികിത്സ നൽകി. പത്ത് വർഷത്തിന് ശേഷം എന്റെ അമ്മ മരിച്ചതോടെ അത് കൂടുതൽ വഷളായി. എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചതുപോലെ അവൾ ഉയർന്ന യോഗ്യതയുള്ളവളായിരുന്നു. എം.എ എൽ.എൽ.ബി പൂർത്തിയാക്കിയിരുന്നു. വളരെ ബുദ്ധിമതിയായിരുന്നു. പക്ഷേ, മാതാപിതാക്കളെ നഷ്ടപ്പെടുന്നതിന്റെ യാഥാർഥ്യത്തെ നേരിടാൻ അവൾക്ക് കഴിഞ്ഞില്ല' -ഷാറൂഖ് പറഞ്ഞു.
മാതാപിതാക്കളുടെ വിയോഗത്തെ തുടർന്നുണ്ടായ വൈകാരിക സംഘർഷങ്ങളെക്കുറിച്ചും സഹോദരിയുടെ ആരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും ഷാറൂഖ് പങ്കുവെച്ചു. ജീവിതത്തെ ബാധിക്കുന്ന ദുഃഖവും സഹോദരിയെപ്പോലെയാകുമോ എന്ന ഭയവും മറച്ചുവെക്കാനാണ് വ്യാജമായ ധൈര്യവും നർമബോധവും അഭിനയവുമൊക്കെ വികസിപ്പിച്ചെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. സഹോദരിയെ സ്നേഹിക്കുന്നതായും ദൈവത്തിന്റെ കുട്ടിയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു നടൻ എന്ന നിലയിൽ ജോലി പലപ്പോഴും വ്യക്തിപരമായ ബുദ്ധിമുട്ടുകളെ നേരിടാനുള്ള മാർഗമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു. 'എന്റെ കുട്ടികൾ എന്നെയും എന്റെ ഭാര്യയെയും സ്നേഹിക്കുന്നതിനേക്കാൾ അവളെ സ്നേഹിക്കുന്നു. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. പക്ഷേ, ഇത്രയും ലളിതമാകാനും, ഇത്ര വേദനിക്കാനും, ഇത്ര അസ്വസ്ഥനാകാനും എനിക്ക് ധൈര്യമില്ല. അതിനാൽ ഞാൻ മുഴുവൻ സമയവും ജോലി ചെയ്യുന്നു. വിഷാദം ഒഴിവാക്കാനാണ് ഞാൻ അഭിനയിക്കുന്നത്' -ഷാറൂഖ് കൂട്ടിച്ചേർത്തു.
ഷാറൂഖിന്റെ മൂത്ത സഹോദരിയാണ് ഷഹനാസ് ലാലാറുഖ് ഖാൻ. പ്രശസ്തിയിൽ നിന്ന് അകന്നു നിൽക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഷാറൂഖിന്റെ കുടുംബത്തോടൊപ്പം മുംബൈയിലെ വീട്ടിലാണ് ഷഹനാസ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.