69ാം മത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങൾ തലപൊക്കിയിരുന്നു. പല മികച്ച ചിത്രങ്ങളേയും താരങ്ങളേയും അണിയറപ്രവർത്തകരേയും തഴഞ്ഞതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു മുൻപ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. നടൻ രൺബീർ കപൂറിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിൽ നിരാശയുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.
'രൺബീറിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് റോക്ക്സ്റ്റാർ. ഇന്നും നടന്റെ കഥാപാത്രവും പ്രകടനവും പ്രേക്ഷകർ ഓർക്കുന്നുണ്ട്. എന്നാൽ രൺബീറിനോ ആ ചിത്രത്തിനോ ദേശീയ അവാർഡ് ലഭിച്ചില്ല. അതിൽ തനിക്ക് ഏറെ നിരാശയുണ്ട്. ഈ ചിത്രം മാത്രമല്ല രൺബീറിന്റെ എല്ലാ സിനിമകൾക്കും ദേശീയ അവാർഡ് ലഭിക്കാൻ അർഹതയുണ്ട്'- ഖുശ്ബു പറഞ്ഞു. രൺബീറിന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു നിരാശ പ്രകടിപ്പിച്ചത്.
സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമൽ' ആണ് ഇനി പുറത്തുവരാനുള്ള രൺബീറിന്റെ ചിത്രം. രശ്മിക , അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂഷൺ കുമാറിന്റെ ടി-സീരീസാണ് ചിത്രം നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.