'പേട്രിയറ്റിൽ കഥയാണ് ഹീറോ, സ്റ്റാര്‍ഡം ചുമലിലേറ്റി കൊണ്ടു നടക്കുന്നവരല്ല ഞങ്ങൾ'; ലാലുമായുള്ള ആത്മബന്ധത്തിന്റെ വിശേഷവുമായി മമ്മൂട്ടി

മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ ആരാണ് ഹീറോ എന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലുമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങൾ മമ്മൂട്ടി പങ്കുവെക്കുന്നത്.

പേട്രിയറ്റിൽ ആരാണ് ഹീറോ എന്ന അവതാരകയുടെ ചോദ്യത്തിന് കഥയാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. "പേട്രിയറ്റ് താരമൂല്യത്താൽ മാത്രം മുന്നോട്ട് പോകുന്ന ഒരു സിനിമയല്ല. ഞങ്ങൾ രണ്ടുപേരും രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന് മാത്രം. ഇതിലെ യഥാർത്ഥ ഹീറോ സിനിമയുടെ ഉള്ളടക്കവും കഥയുമാണ്. ഞങ്ങൾക്കിടയിൽ അത്തരം ഈഗോ പ്രശ്നങ്ങളില്ല. മോഹൻലാൽ എന്റെ സിനിമകളിൽ അഭിനയിക്കാറുണ്ട്, ഞാൻ അദ്ദേഹത്തിന്റെ സിനിമകളിലും. പേട്രിയറ്റ് ഒരുപാട് കഥാപാത്രങ്ങളുള്ള കണ്ടന്റിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്" മമ്മൂട്ടി പറഞ്ഞു. സ്റ്റാർഡം തലയിൽ കയറ്റി നടക്കുന്നവരല്ല തങ്ങളെന്നും സാധാരണ മനുഷ്യരായാണ് ജീവിക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ട്. സൗഹൃദത്തിനപ്പുറം ഒരു സഹോദര തുല്യമായ ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. കൂടാതെ പേട്രിയറ്റിന്റെ ആദ്യ ഷെഡ്യൂളിൽ എനിക്കൊപ്പം മാനേജരായി ഉണ്ടായിരുന്നത് ലാലിന്റെ മാനേജർ ആന്റണി പെരുമ്പാവൂരാണ്. ആ സമയത്ത് എന്റെ മാനേജർ ആന്റോ ജോസഫ് മോഹൻലാലിനൊപ്പം ശ്രീലങ്കയിലായിരുന്നു. അത്തരത്തിലാണ് ഞങ്ങളുടെ ഒത്തൊരുമയെന്നും മമ്മൂട്ടി വിശദീകരിച്ചു.

കൂടാതെ സീരിയസ് റോളുകളിൽ തിളങ്ങുന്ന തനിക്ക് കോമഡി കൈകാര്യം ചെയ്യാൻ ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് താരം വെളിപ്പെടുത്തി. 'പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് എനിക്ക് പ്രയാസമുള്ള കാര്യമാണ്. കോമഡി എന്റെ മുഖത്തിന് ചേരാത്തതുപോലെ തോന്നും. ഞാൻ കോമഡി ചെയ്താലും അതൊരു സീരിയസ് കഥാപാത്രമായിരിക്കും. പക്ഷേ പ്രേക്ഷകർക്ക് അത് തമാശയായി അനുഭവപ്പെടണം' മമ്മൂട്ടി പറഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ഈ സ്പൈ ത്രില്ലറിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ.  

Tags:    
News Summary - 'we are not the ones carrying stardom on our shoulders'; Mammootty reveals his bond with Lal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.