സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജൂഡ് ആന്റണി ചിത്രത്തിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നു. എഴുത്തിലും ചിത്രകലയിലും ആയോധനകലകളിലും ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ച വിസ്മയ, ആദ്യമായാണ് കാമറക്ക് മുന്നിലെത്തുന്നത്. സിനിമയിലേക്കുള്ള ഈ കടന്നുവരവിനൊപ്പം തന്നെ, ഈയിടെ നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഥികളെ പിന്തുണച്ചുകൊണ്ട് താരം നടത്തിയ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അഭിനയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വിശേഷങ്ങളും മുൻപ് ഉയർന്ന വിവാദങ്ങളിലെ നിലപാടുകളെക്കുറിച്ചും ‘ഗലാട്ട പ്ലസില്‍’ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ വിസ്മയ തുറന്നുപറഞ്ഞു.
താരപുത്രിയായതിനാൽ ജീവിതം ഒരു മൈക്രോസ്‌കോപ്പിന് കീഴിലാണെന്നോ ഗോൾഡ് ഫിഷ് ജീവിതം പോലെയാണെന്നോ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിസ്മയ മനസ്സ്തുറന്നത്. ‘ഞാൻ കേരളത്തിലല്ല, കൂടുതലും പുറത്തായിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ അത്രത്തോളം ആ ആഘാതം അനുഭവിക്കേണ്ടി വന്നിട്ടില്ല. ആളുകൾ തീർച്ചയായും ജഡ്ജ് ചെയ്യും. കാരണം ഞാൻ മോഹൻലാലിന്റെ മകളാണ്. അതുവഴിയുള്ള പ്രതീക്ഷകളും സ്വാഭാവികമാണ്. അച്ഛനെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമൊക്കെയുണ്ട്. ആ സ്നേഹവും എതിർപ്പുമെല്ലാം എന്നിലേക്കും വരും. പക്ഷെ ഞാൻ സാധാരണയായി സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കാറില്ല," വിസ്മയ പറഞ്ഞു.
ജന്തർമന്തറിലെ വിദ്യാർഥി സമരത്തിന് അനുകൂലമായി പോസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ ആരും പ്രത്യേകമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ സുഹൃത്തുക്കൾ താൻ സാധാരണയൊരാളല്ലെന്നും തന്റെ പോസ്റ്റുകൾക്ക് വലിയ ശ്രദ്ധ കിട്ടുമെന്നും ഓർമിപ്പിച്ചിരുന്നുവെന്നും വിസ്മയ പറഞ്ഞു. ‘ഞങ്ങളെ വളരെ സ്വതന്ത്രമായിട്ടാണ് അച്ഛൻ വളർത്തിയത്. ഒന്നും ഇങ്ങനെ ചെയ്യണമെന്ന് അദ്ദേഹം എപ്പോഴും നിർബന്ധം പിടിക്കാറില്ല. സ്വയം കാര്യങ്ങൾ കണ്ടെത്താനും സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനുമാണ് അച്ഛൻ ഞങ്ങളെ പഠിപ്പിച്ചത്.’- വിസ്മയ പറഞ്ഞു.
തിയറ്ററിൽ അഭിനയിക്കാൻ തനിക്ക് എന്നും വലിയ താൽപ്പര്യമായിരുന്നുവെന്നും എന്നാൽ കടുത്ത സഭാകമ്പം ഉണ്ടായിരുന്നുവെന്നും വിസ്മയ പറഞ്ഞു. സ്റ്റേജിൽ നിൽക്കുമ്പോൾ, പെർഫോം ചെയ്യുമ്പോഴാണ് താൻ ജീവിക്കുന്നതായി അനുഭവപ്പെട്ടത്. അങ്ങനെയാണ് അഭിനയത്തോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത്. തിയറ്ററുകൾ ഇഷ്ടപ്പെടുമ്പോഴും ഒരു സിനിമ ചെയ്തു നോക്കണമെന്ന് മനസ്സിലുണ്ടായിരുന്നെങ്കിലും, പുറത്ത് പറയാനുള്ള ആത്മവിശ്വാസം ആദ്യമുണ്ടായിരുന്നില്ല. കുറേ വർഷങ്ങൾക്ക് ശേഷമാണ് അമ്മയോട് ഈ ആഗ്രഹം തുറന്നുപറഞ്ഞതെന്ന് വിസ്മയ പറഞ്ഞു.
"ഇപ്പോൾ ഈ സിനിമ സംഭവിച്ചു. 'ഇപ്പോഴല്ലെങ്കിൽ പിന്നെയില്ല' എന്ന തോന്നലായിരുന്നു മനസ്സിൽ. ഈ കഥയുമായി ജൂഡ് ചേട്ടൻ വന്നപ്പോൾ, ഞാൻ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചുകൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയെക്കുറിച്ചും മലയാളം ശരിയായി സംസാരിക്കാൻ അറിയാമോ എന്നതിനെക്കുറിച്ചുമൊക്കെ ഞാൻ ഒരുപാട് ഓവർ തിങ്ക് ചെയ്തിരുന്നു. ഒടുവിൽ അതൊക്കെ മാറ്റിവെച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു."
ആദ്യ ദിവസത്തെ ഷൂട്ടിന്റെ തലേന്ന് രാത്രി തനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും സൂപ്പർ നർവസായിരുന്നുവെന്നും വിസ്മയ ഓർക്കുന്നു. എങ്കിലും പോകെപ്പോകെ കാര്യങ്ങൾ എളുപ്പമായി. എനിക്കിത് ചെയ്യാനാകുമോ എന്നൊക്കെയുള്ള ചിന്തകൾ ഉണ്ടായിരുന്നുവെങ്കിലും സ്വയം വിശ്വസിച്ച് മുന്നോട്ട് പോവുകയായിരുന്നു.
സഹോദരൻ പ്രണവിനെക്കുറിച്ചും അഭിമുഖത്തിൽ വിസ്മയ വാചാലയായി. ചേട്ടൻ പ്രത്യേകിച്ചൊരു ഉപദേശങ്ങളും തരാറില്ലെങ്കിലും എല്ലാ കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. "ഇതാണ് ജീവിതം, നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും. പോയി അടിച്ചു പൊളിക്ക്" എന്നാണ് സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ചേട്ടൻ നൽകിയ മറുപടിയെന്ന് വിസ്മയ ഓർത്തു. ഞങ്ങൾ തമ്മിൽ ഇടയ്ക്ക് വഴക്കൊക്കെ ഉണ്ടാകാറുണ്ടെങ്കിലും കുറച്ചുനേരത്തേക്ക് മാത്രമേ ഉണ്ടാകൂവെന്നും വിസ്മയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.