തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് വിജയ് ദേവരകൊണ്ട.യുവാക്കൾക്കിടയിൽ വൻ ആരാധക നിരയാണ് താരത്തിനുള്ളത്. പലപ്പോഴും പൊതുവേദികളിലും അഭിമുഖങ്ങളിലുമൊക്കെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വിജയ്‌യ്ക്ക് മുന്നിലെത്താറുണ്ട്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ഖുശി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു വിജയ് ചോദ്യങ്ങളോട് പ്രതികരിച്ചത്.
‘ഞാൻ വിവാഹമെന്ന സങ്കൽപ്പത്തിന് എതിരല്ല. എന്നാൽ ഞാൻ മാനസികമായി തയ്യാറായിരിക്കണം. എനിക്ക് അറേഞ്ച്ഡ് മാരേജിനോട് ഒരു താത്പ്പര്യവുമില്ല. വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് എനിക്ക് ആ പെൺകുട്ടിയെ മുൻകൂട്ടി അറിയുകയും അവളോടൊപ്പം സമയം ചെലവഴിക്കുകയും വേണം. കൂടാതെ, അവൾക്ക് എന്റെ കുടുംബവുമായി, പ്രത്യേകിച്ച് എന്റെ അമ്മയുമായി അടുപ്പം വരേണ്ടതുണ്ട്.
‘നേരത്തെ, ഞാൻ കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കായിരുന്നു വിവാഹം. അത് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അങ്ങിനെയല്ല. താമസിയാതെ സ്വന്തമായി ഒരു വിവാഹ ജീവിതം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’-വിജയ് പറഞ്ഞു.
മുമ്പ് പലപ്പോഴും വിവാഹത്തേക്കുറിച്ച് ചോദിക്കുമ്പോൾ വിജയ് അതിനോട് മുഖം തിരിക്കുകയായിരുന്നു പതിവ്. ഇപ്പോൾ അതല്ല സ്ഥിതി. ഖുശിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിലും താരം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു. ‘വിവാഹം എന്ന ആശയത്തിൽ ഞാനിപ്പോൾ കൂടുതൽ കംഫർട്ടബിൾ ആണെന്ന് തോന്നുന്നു, പ്രത്യേകിച്ച് എന്റെ സുഹൃത്തുക്കളുടെയൊക്കെ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം അത്തരം ചോദ്യങ്ങൾക്കൊക്കെ മറുപടി പറയാൻ ഞാനൊരുക്കമാണ്. ഇപ്പോൾ ഞാനതിനേക്കുറിച്ച് സംസാരിക്കാറുണ്ട്. എന്റെ സുഹൃത്തുക്കളുടെ വിവാഹം ഞാൻ ആഘോഷിക്കുന്നു. സന്തോഷം നിറഞ്ഞ ആ മുഹൂർത്തങ്ങളൊക്കെ ഞാൻ ആസ്വദിക്കുന്നു. എനിക്ക് ഒരു ദാമ്പത്യ ജീവിതം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും കടന്നുപോകേണ്ട ഒരു ഘട്ടമാണിതെന്ന് കരുതുന്നു. - വിജയ് അന്ന് പറഞ്ഞു.
പങ്കാളിയെ കണ്ടെത്തിയോ എന്ന ചോദ്യത്തിന് ഞാൻ പങ്കാളിയെ കണ്ടെത്തികൊണ്ടിരിക്കുകയാണ് എന്നായിരുന്നു മറുപടി. ഉടനെ വിവാഹത്തിന് ഒരുക്കമല്ല. പക്ഷേ ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാകും- വിജയ് ദേവരകൊണ്ട മറുപടി പറഞ്ഞു.
വിജയ് ദേവരകൊണ്ടയും നടി രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ നേരത്തേ പരന്നിരുന്നു. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇരുവരുടേയും ഓൺസ്ക്രീൻ കെമിസ്ട്രി കാണാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളുമാണ്.
എന്നാൽ രണ്ട് പേരും തങ്ങളുടെ വ്യക്തിജീവിതം വളരെ സ്വകാര്യമായാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമാന്തയ്ക്കൊപ്പം ഖുശി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടെയുടേതായി പുറത്തുവരാനുള്ളത്. സെപ്റ്റംബർ 1ന് ചിത്രം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.