നടൻ സൂര്യയോടുള്ള ആരാധന പങ്കുവെച്ച് വിജയ് ദേവരകൊണ്ട. താൻ സൂര്യയുടെ കടുത്ത ആരാധകനാണെന്നും നല്ല മനുഷ്യനാണെന്നും വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ടീസറിന് ശബ്ദം നൽകിയിരിക്കുന്നത് സൂര്യയാണ്. നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യയെക്കുറിച്ച് നടൻ വാചാലനായത്.
' സൂര്യയോടുള്ള എന്റെ ഇഷ്ടം എല്ലാവർക്കും അറിയാം. വർഷങ്ങളായി ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്.അറിവുള്ള വളരെ മികച്ച മനുഷ്യനാണ്.അദ്ദേഹം എന്നോട് നോ പറയില്ലെന്ന് എനിക്കറിയാമായിരുന്നു.ഒരുപാട് സ്നേഹം... ലവ് യു അണ്ണാ..'- വിജയ് പറഞ്ഞു.
സൂര്യയോട് മാത്രമല്ല ജൂനിയർ എൻ.ടി.ആർ, രൺബീർ കപൂർ എന്നിവരോടും നടൻ നന്ദി അറിയിച്ചിട്ടുണ്ട്. വിഡി 12 താൽകാലികമായി പേര് നൽകിയിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രത്തിന് തമിഴ് ടീസറിന് സൂര്യ ശബ്ദം നൽകുമ്പോൾ ഹിന്ദിയിൽ രൺബീർ കപൂറും തെലുങ്കിൽ ജൂനിയർ എൻടിആറുമാണ് ശബ്ദം നൽകുന്നത്.
ജേഴ്‌സി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗൗതം തന്നൂരിയാണ് വിജയ് ദേവരകൊണ്ട ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12 ന് വൈകുന്നേരം ടീസർ പുറത്തിറങ്ങും. ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് എത്തുന്നതെന്ന് നിർമാതാവ് നാഗ വംശി നേരത്തെ പറഞ്ഞിരുന്നു.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് വിഡി 12. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയിൽ റിലീസാകും എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.