വിവാഹ സമ്മാനമായി 44 സർക്കാർ സ്കൂളുകൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

ഹൈദരാബാദ്: രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ 44 സർക്കാർ സ്കൂളുകൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലുള്ള അച്ചംപേട്ട ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് താരം സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷം തന്റെ ഗ്രാമമായ തുമനപ്പേട്ട സന്ദർശിക്കവേയാണ് വിജയ്‌യുടെ പ്രഖ്യാപനം.

ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കാണ് 'ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ്' (DCT) വഴി സ്കോളർഷിപ്പ് നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുട്ടികളുടെ പഠനം മുടങ്ങരുത് എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. 


വ്യാഴാഴ്ചയായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഉദയ്പൂരിലുള്ള ഐ.ടി.സി മെമെന്റോസിൽ നടന്ന രാജകീയ വിവാഹത്തിൽ ഇരുവരുടയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം തന്റെ തറവാട് വീട്ടിൽ നടന്ന പൂജകളിൽ പങ്കെടുത്ത ശേഷമാണ് ഗ്രാമവാസികളെ സാക്ഷിയാക്കി താരം ഈ പ്രഖ്യാപനം നടത്തിയത്. നാളെ ഹൈദരാബാദിൽ വെച്ച് താരദമ്പതികളുടെ വിവാഹ സൽക്കാരം നടക്കാനിരിക്കുകയാണ്. 

തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ജനപ്രിയമായ ഓൺ-സ്‌ക്രീൻ ജോഡികളിലൊന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇവരുടെ പേരുകൾ ചേർത്തുവെച്ച് ആരാധകർ നൽകിയ 'വിരോഷ്' എന്ന പേരിലാണ് കല്യാണം നടന്നത്. വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരങ്ങളുടെ കല്യാണം. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു.  

 

Tags:    
News Summary - Vijay Deverakonda Announces Scholarships For Students In 44 Government Schools In Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.