ഉദയ്പൂരിലെ രാജകീയ വിസ്മയം, 10 മാസമെടുത്ത് ചെയ്ത സ്വർണ്ണാഭരണങ്ങൾ; വിജയ്‌യും രശ്മികയും അണിഞ്ഞത് കോടികളുടെ ആഭരണങ്ങൾ

ആരാധകർ സ്നേഹത്തോടെ വിരോഷ് എന്ന് വിളിക്കുന്ന രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം ഈ വർഷത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഉദയ്പൂരിൽ നടന്ന രാജകീയ വിവാഹ ചടങ്ങിലെ പ്രധാന ആകർഷണം രശ്മിക അണിഞ്ഞ കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടെമ്പിൾ സ്റ്റൈൽ സ്വർണ്ണാഭരണങ്ങൾക്ക് മാത്രം 4 കോടി മുതൽ 7 കോടി രൂപ വരെ വില വരും. ഏകദേശം 2 മുതൽ 3 കിലോഗ്രാം വരെ തൂക്കമുള്ള ഈ ആഭരണങ്ങൾ നിർമിക്കാൻ മാത്രം 10 മാസത്തോളം സമയമെടുത്തു. ഓരോ ചെറിയ ഭാഗവും അത്രമേൽ സൂക്ഷ്മതയോടെ കൈകൊണ്ട് പണിതീർത്തത്.

ഹൈദരാബാദിലെ പ്രശസ്തരായ ജ്വല്ലറി ഡിസൈനർമാരാണ് ഈ ആഭരണങ്ങൾ തയാറാക്കിയത്. ദക്ഷിണേന്ത്യൻ ക്ഷേത്രകലകളിൽ നിന്നും വാസ്തുവിദ്യയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ലെയർ ഹാരങ്ങൾ, അതിമനോഹരമായി കൊത്തുപണികൾ ചെയ്ത ഒഡ്യാണം (അരപ്പട്ട), കനത്ത വളകൾ, ജിമുക്കകൾ, നെറ്റിപ്പട്ടം എന്നിവയായിരുന്നു രശ്മിക വിവാഹത്തിനായി അണിഞ്ഞിരുന്നത്. പരമ്പരാഗത ദക്ഷിണേന്ത്യൻ ശൈലിയിലുള്ള കാശ് മാലയാണ് വിജയ് അണിഞ്ഞ പ്രധാന ആഭരണം.

രശ്മികയുടെ ആഭരണങ്ങളെപ്പോലെ തന്നെ ഹൈദരാബാദ് ആസ്ഥാനമായുള്ള ജ്വല്ലറിയിൽ നിന്ന് മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിർമിച്ചവയായിരുന്നു ഇവയും. രശ്മികയുടെ 'ടെമ്പിൾ ജ്വല്ലറി' ഡിസൈനുകളുമായി പൂർണ്ണമായും ഇണങ്ങിച്ചേരുന്ന രീതിയിലാണ് വിജയിന്റെ ആഭരണങ്ങളും തിരഞ്ഞെടുത്തിരുന്നത്. വെറും ആഡംബരം എന്നതിലുപരി, ഭാരതീയ പാരമ്പര്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ആഭരണങ്ങൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഏതാണ്ട് ഒരു വർഷത്തോളം നീണ്ട കഠിനാധ്വാനം ഈ ആഭരണങ്ങളുടെ പിന്നിലുണ്ട്. വിലയേക്കാളും അതിന്റെ നിർമാണത്തിലെ കൃത്യതയാണ് ഈ വിവാഹ ലുക്കിനെ വ്യത്യസ്തമാക്കുന്നത്.

വിവാഹം കഴിഞ്ഞതോടെ ഇവരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ജനപ്രിയമായ ഓൺ-സ്‌ക്രീൻ ജോഡികളിലൊന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇവരുടെ പേരുകൾ ചേർത്തുവെച്ച് ആരാധകർ നൽകിയ 'വിരോഷ്' എന്ന പേര് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. 

Tags:    
News Summary - Vijay and Rashmika wore jewellery worth crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.