ജാനകിയമ്മ പേരക്കുട്ടികളോടൊപ്പം
സംഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് ഇതിഹാസ ഗായിക എസ്. ജാനകി വിടവാങ്ങിയത്. ശ്വസനസംബന്ധമായ അസുഖങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച വൈകിട്ട് കനിയനഹണ്ടിയിലെ സ്വന്തം ഫാം ഹൗസിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
എന്നാൽ, ഈ വേർപാടിന്റെ ദുഃഖത്തിനിടയിലും സമൂഹമാധ്യമങ്ങളിൽ മറ്റൊരു ചർച്ച കൂടി ഉയർന്നുവരികയുണ്ടായി. സംസ്കാര ചടങ്ങുകൾക്കിടെ കൊച്ചുമകൾ അപ്സര വൈദ്യുലയുടെ മുഖത്ത് ദുഃഖം പ്രകടമല്ലെന്നും കരയുന്നില്ലെന്നും ആരോപിച്ച് ചിലർ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി അപ്സര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
‘എൻ്റെ മുത്തശ്ശിയുടെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എൻ്റെ ചേച്ചി വർഷ ആയിരുന്നു. അവർ ഒരുപോലെയായിരുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത അത്രത്തോളം അവർ പരസ്പരം മനസ്സിലാക്കിയിരുന്നു. എല്ലാ അർത്ഥത്തിലും അവർ പരസ്പരം ചേർന്നവരായിരുന്നു.
ഞാൻ ഇന്ന് നിൽക്കുന്ന ഈ സ്ഥാനത്ത് നിൽക്കേണ്ടതും, മുത്തശ്ശിയെ ശുശ്രൂഷിക്കേണ്ടതും, ഇപ്പോൾ എൻ്റെ ചുമലിലുള്ള കാര്യങ്ങളെല്ലാം ചെയ്യേണ്ടതും വർഷയാണ് എന്ന് ഈ ലോകം മറക്കരുത്. 2023 ആഗസ്റ്റിൽ അവൾ നമ്മോട് വിടപറഞ്ഞു. ആ നഷ്ടത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഒരിക്കലും പൂർണ്ണമായി കരകയറുകയില്ല. ദുഃഖം ഒരിക്കലും മാഞ്ഞുപോകുന്നില്ല. അത് ജീവിതകാലം മുഴുവൻ നമ്മൾ കൊണ്ടുനടക്കാൻ പഠിക്കുന്ന ഒന്നായി മാറുന്നു. അവർ വീണ്ടും ഒന്നിച്ചു എന്ന അറിവാണ് എനിക്ക് കിട്ടുന്ന ഒരേയൊരു ആശ്വാസം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, എൻ്റെ കണ്ണുകളിൽ കണ്ണീർ കാണാത്തതുകൊണ്ട് മാത്രം എൻ്റെ ദുഃഖത്തെ ചോദ്യം ചെയ്യുന്നവരെ ഞാൻ കണ്ടു. ദയവായി, എൻ്റെ കണ്ണുകളിൽ കാണുന്ന അല്ലെങ്കിൽ കാണാത്ത കണ്ണീർ കൊണ്ട് മുത്തശ്ശിയോടുള്ള എൻ്റെ സ്നേഹത്തെ അളക്കരുത്. മരണത്തെ ഒരു ആത്മീയ തലത്തിൽ നിന്ന് മനസ്സിലാക്കാൻ ഞങ്ങൾ പഠിച്ചത്, പ്രത്യേകിച്ച് മുത്തശ്ശിയിൽ നിന്നാണ്.
ഒരു ജീവൻ അവസാനിക്കുമ്പോൾ സ്നേഹം അവസാനിക്കുന്നില്ലെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചു. എൻ്റെ ജീവിതാനുഭവങ്ങൾ എന്നെ, ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ ശക്തയാക്കിയിരിക്കുന്നു. ദുഃഖം എപ്പോഴും ശബ്ദമുണ്ടാക്കിക്കൊള്ളണമെന്നില്ല. ചിലപ്പോഴൊക്കെ അത് നിശബ്ദവും, സ്ഥിരവും, വളരെ വ്യക്തിപരവുമാണ്.
പൊതുസമൂഹത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരിക്കുക എന്നത് പലപ്പോഴും കിംവദന്തികളും ഊഹാപോഹങ്ങളും, മറ്റുള്ളവർ നമ്മുടെ ജീവിതത്തെക്കുറിച്ച് കെട്ടിച്ചമക്കുന്ന കഥകളും പേറി ജീവിക്കുക എന്നതാണ്. തങ്ങൾ ഒരിക്കലും ശരിക്കും അറിയാത്ത ഒരു കുടുംബത്തെക്കുറിച്ച് മറ്റുള്ളവർ അഭിപ്രായങ്ങൾ രൂപീകരിക്കുന്നത് കാണുന്നത് വേദനാജനകമാണ്.
എൻ്റെ മുത്തശ്ശി ആരായിരുന്നു എന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ശാന്തയും, ദയയുള്ളവളും, അങ്ങേയറ്റം വിനയമുള്ളവളും, ആരെയും വിധിക്കാത്തവളുമായിരുന്നു. എല്ലാവരിലും അവർ നന്മ മാത്രം കണ്ടു. വർഷയും അതുപോലെ തന്നെയായിരുന്നു. എന്തിനേക്കാളും ഉപരിയായി മറ്റുള്ളവരിലേക്ക് പകരുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയായിരുന്നു അവർ പങ്കുവെച്ചിരുന്നത്,
അവർ കടന്നുചെല്ലുന്ന ഇടങ്ങളിലെല്ലാം ഒരു അത്ഭുതം നിറക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. അവരെ കണ്ടുമുട്ടിയ മിക്കവാറും എല്ലാവർക്കും അവരെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അവർ ഇപ്പോൾ ഒന്നിച്ചാണ്. ആ ഒരൊറ്റ ചിന്ത എനിക്ക് എങ്ങനെയോ സമാധാനം നൽകുന്നു’ അപ്സര കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.