വിജയ് ദേവരകൊണ്ട
ആരാധകരോടുള്ള സ്നേഹവും കരുതലുമുള്ള നടൻ എന്ന നിലയിൽ ശ്രദ്ധേയനാണ് താരം വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ വെച്ച് അദ്ദേഹം നടത്തിയ ഒരു പ്രവർത്തിയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ടിജി20 (TG20) ലീഗ് ഫൈനൽ മത്സരത്തിനിടെ, തന്നെ കാണാനായി സ്റ്റേഡിയത്തിലെത്തിയ ഒരു യുവ ആരാധകൻ വൈകാരികമായി പൊട്ടിക്കരഞ്ഞപ്പോൾ, തിക്കിനും തിരക്കിനുമിടയിലും അതെല്ലാം അവഗണിച്ച് ആ യുവാവിനെ ചേർത്തുപിടിച്ച് സംസാരിക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിലാണ് ടിജി20 ലീഗ് ഫൈനൽ നടന്നത്. പരിപാടിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്റ്റേഡിയത്തിൽ സന്നിഹിതനായിരുന്നു വിജയ് ദേവരകൊണ്ട. വൻ ജനക്കൂട്ടത്തിനിടയിൽ നിന്ന് തന്റെ പ്രിയതാരത്തെ നേരിൽ കണ്ടതോടെയാണ് ഒരു യുവ ആരാധകൻ അമിതാവേശം കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങിയത്.
ആരാധകന്റെ കണ്ണീർ കണ്ട വിജയ് ദേവരകൊണ്ട, സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റുള്ളവരോ ഇടപെടും മുൻപേ തന്നെ അദ്ദേഹത്തിന്റെ അരികിലെത്തി. അവിടെ വെച്ച് ആ യുവാവ് തനിക്ക് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും, തന്റെ കായിക സ്വപ്നങ്ങൾക്ക് താരത്തിന്റെ പിന്തുണ വേണമെന്നും അഭ്യർത്ഥിച്ചു. ഒരു വലിയ താരത്തിന്റെ ജാഡയുമില്ലാതെ, ആ ആരാധകന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത വിജയുടെ പെരുമാറ്റം സ്റ്റേഡിയത്തിലുണ്ടായിരുന്നവരെയും കാഴ്ചക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
ഈ കൂടിക്കാഴ്ചയുടെ വിഡിയോ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരത്തിന്റെ ഈ എളിമയെയും കരുണയെയും പ്രശംസിച്ച് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. അഭിനയത്തിരക്കുകൾക്കിടയിലും ആരാധകർക്ക് നൽകുന്ന ഈ സ്നേഹം വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കുന്നു. സിനിമയിൽ ബോൾഡും മാസ്സ് ഇമേജുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് ദേവരകൊണ്ട, യഥാർത്ഥ ജീവിതത്തിൽ തികച്ചും ശാന്തനും സ്നേഹമുള്ളവനുമാണെന്ന് ആരാധകർ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഈ 'സോഫ്റ്റ് കോർണർ' സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകാറുണ്ട്.
2026ൽ വലിയ പ്രതീക്ഷകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. രാഹുൽ സാങ്കൃത്യൻ സംവിധാനം ചെയ്യുന്ന രണബാലി പീരിയഡ് ആക്ഷൻ ഡ്രാമയിൽ ഭാര്യയും നടിയുമായ രശ്മിക മന്ദാനയാണ് നായികയാകുന്നത്. സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിലെത്തും. രവി കിരൺ കോള സംവിധാനം ചെയ്യുന്ന റൂറൽ ആക്ഷൻ ഡ്രാമയാണ് റൗഡി ജനാർദ്ദന. കീർത്തി സുരേഷാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.