വിദ്യ ബാലൻ
ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന നിരവധി വ്യാജ വിഡിയോകളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകി നടി വിദ്യ ബാലൻ. എ.ഐ ഉപയോഗിച്ചാണ് വിഡിയോകൾ നിർമിച്ചതെന്ന് വിദ്യ ബാലൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അവ വിശ്വസിക്കരുതെന്നും നടി മുന്നറിയിപ്പ് നൽകി. എ.ഐ നിർമിത വിഡിയോ പങ്കുവെച്ചാണ് വിദ്യ ബാലൻ മുന്നറിയിപ്പ് നൽകിയത്.
വ്യാജ വിഡിയോയെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു പോസ്റ്റ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വിഡിയോകൾ പങ്കിടുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കാനും ജാഗ്രത പുലർത്താനും അഭ്യർഥിക്കുന്നതായും നടി പറഞ്ഞു. വിഡിയോകളിലെ ആശയം തന്‍റെ കാഴ്ചപാടല്ലെന്നും നടി വ്യക്തമാക്കി.
"ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ എന്‍റേതായി ഒന്നിലധികം വിഡിയോകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അവ എ.ഐ ജനറേറ്റുചെയ്‌തതും ആധികാരികമല്ലാത്തതുമാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അവയുടെ നിർമാണത്തിലോ പ്രചരിപ്പിക്കുന്നതിലോ എനിക്ക് യാതൊരു പങ്കാളിത്തവുമില്ല -വിദ്യ ബാലൻ കുറിച്ചു.
വ്യാജ എ.ഐ വിഡിയോ ഒരു താരത്തെ മോശമായി ചിത്രീകരിക്കുന്നത് ആദ്യമായല്ല. നേരത്തെ, ഡീപ്ഫേക്ക് വിഡിയോ വൈറലായതിനെ തുടർന്ന് രശ്മിക മന്ദാന വാർത്തകളിൽ നിറഞ്ഞിരുന്നു. ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കൈഫ്, രൺവീർ സിങ്, ആമിർ ഖാൻ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരും സമാനമായ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.