കത്രീന കൈഫ്, വിക്കി കൗശൽ

വിക്കിയെ ഇപ്പോൾ ആരും ട്രോളില്ലല്ലോ; കത്രീനക്ക് മാത്രം എന്തുകൊണ്ട് വിമർശനം? ലണ്ടൻ ചിത്രത്തിന് പിന്നാലെ ചർച്ച

ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ലണ്ടനിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. കാഷ്വൽ ലുക്കിലുള്ള ഇരുവരുടെയും ചിത്രം പുറത്തുവന്നതോടെ താരങ്ങളുടെ രൂപത്തെ ചൊല്ലിയുള്ള ഇരട്ടത്താപ്പ് ചർച്ചയായി. തൊപ്പിയും ഗ്ലാസും താടിയുമായി നിൽക്കുന്ന വിക്കിയെയും കറുത്ത വസ്ത്രവും സൺഗ്ലാസും ധരിച്ച കത്രീനയെയുമാണ് ചിത്രത്തിലുള്ളത്. 

ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സോഷ്യൽമീഡിയ ചർച്ചയിൽ പങ്കാളിയാകുന്നത്. ചിലർ വിക്കിയുടെ ലുക്കിനെ കുറിച്ച് കമന്റ് ചെയ്തപ്പോൾ മറ്റു ചിലർ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ രൂപത്തിന് എങ്ങനെ വ്യത്യസ്തമായി വിധിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി. ഇപ്പോൾ ആരും വിക്കിയെ അവന്റെ ലുക്കിന്റെ പേരിൽ ട്രോളില്ലല്ലോ എന്ന് ഒരാൾ കുറിച്ചു.

ട്രോളിങ് അവന്റെ ഭാര്യക്ക് മാത്രമായി റിസർവ് ചെയ്തിരിക്കുകയാണല്ലേ?" എന്നായിരുന്നു മറ്റൊരു കമന്റ്. "ഇരട്ടത്താപ്പ്" എന്ന് മൂന്നാമതൊരാൾ കുറിച്ചു. കുറച്ച് ദിവസങ്ങളായി കത്രീന രൂക്ഷമായ ബോഡി ഷെയിമിങ്ങിന് ഇരയായിരുന്നു. വണ്ണം വെച്ചതിനെ ചൊല്ലി നിരവധി പേർ കത്രീനക്കെതിരെ വന്നിരുന്നു. 

സോഷ്യൽ മീഡിയയിലെ അനാവശ്യ വിമർശനങ്ങളും നിരന്തരമായ ട്രോളുകളും തന്റെ വ്യക്തിജീവിതത്തെയോ ആത്മവിശ്വാസത്തെയോ ഒരിക്കലും ബാധിക്കാൻ അനുവദിക്കില്ലെന്ന് കത്രീന വ്യക്തമാക്കി. എല്ലാവരുടെയും പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിച്ചാൽ അത് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ ഗുരുതരമായി ബാധിക്കുമെന്നും കത്രീന ചൂണ്ടിക്കാണിച്ചു.

തനിക്കെതിരെ ഉയരുന്ന ഓരോ വിമർശനവും തന്റെ ജീവിതത്തിലെടുത്തേക്കാവുന്ന തീരുമാനങ്ങളെ നിയന്ത്രിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഭയം മൂലം താൻ എപ്പോഴേ തളർന്നുപോയേനെ എന്നും കത്രീന ഓർത്തു. ലോകം നിങ്ങളെ അഭിനന്ദിക്കുന്ന സമയങ്ങളുണ്ടാകുമെന്നും എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പിന്തുണക്കാരാകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 14ന് മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയിൽ നടന്ന ഗണേശ ചതുർഥി ആഘോഷത്തിൽ  കത്രീനയും വിക്കി കൗശലും എത്തിയപ്പോൾ മുതലാണ് സംഭവവികാസങ്ങളുടെ തുടക്കം.  കുഞ്ഞിന്റെ ജനനത്തിന് ശേഷം ഇരുവരും ഒരുമിച്ച് ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. 

കത്രീനയുടെ ചിത്രം പങ്കുവെച്ച ഒരു പോസ്റ്റിൽ ‘അവൾ തീർന്നു’ എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. ഇതിന് പിന്നാലെ കത്രീനയുടെ പ്രായവും പ്രസവാനന്തര ശരീരമാറ്റവും ചൂണ്ടിക്കാട്ടിയുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. 40കളിലുള്ള ഒരു സ്ത്രീയെ അവരുടെ പ്രായത്തിന് അനുസരിച്ച് കാണപ്പെടുന്നു എന്ന കാരണത്താൽ പരിഹസിക്കുന്നത് എന്തിനാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങളെ പരിഹസിക്കരുതെന്നും അവർ പറഞ്ഞു.

Tags:    
News Summary - Vicky Katrina London Photo Sparks Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.