സെയ്ഫ് അലി ഖാൻ
ഒടുവിൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി സെയ്ഫ് അലി ഖാൻ; ആദ്യം ഫോളോ ചെയ്തത് കരീനയെ
വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഒടുവിൽ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. ഭാര്യയും നടിയുമായ കരീന കപൂർ ഖാന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ഇതുവരെ ആരാധകർ സെയ്ഫിനെ കണ്ടിരുന്നത്. സ്വന്തമായി പബ്ലിക് അക്കൗണ്ട് ഇല്ലാതിരുന്ന താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവമായതോടെ ആരാധകർ ആവേശത്തിലാണ്.
@saifalikhan എന്ന പേരിലാണ് താരത്തിന്റെ വെരിഫൈഡ് അക്കൗണ്ട്. അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ആദ്യം ഫോളോ ചെയ്തത് ഭാര്യ കരീനയെ തന്നെയാണ്. കരീന ഉടൻ തന്നെ സെയ്ഫിനെ തിരികെ ഫോളോ ചെയ്യുകയും ചെയ്തു.
'പട്ടൗഡി ലൈബ്രറി...' എന്ന കുറിപ്പോടെയാണ് താരത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്റ്. പട്ടൗഡി കൊട്ടാരത്തിലെ തന്റെ പ്രിയപ്പെട്ട ലൈബ്രറിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സെയ്ഫ് പോസ്റ്റ് പങ്കുവെച്ചത്. പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയിൽ ഇരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ആദ്യ പോസ്റ്റിന് തന്നെ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. 2024ൽ എച്ച്.ടി സിറ്റിക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് ഒരു രഹസ്യ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്ന് സെയ്ഫ് വെളിപ്പെടുത്തിയിരുന്നു.
ഇടയ്ക്ക് ഉള്ളടക്കങ്ങൾ കാണാൻ വേണ്ടി മാത്രമാണ് അത് ഉപയോഗിക്കാറുള്ളതെന്നും സോഷ്യൽ മീഡിയ അഡിക്റ്റീവ് ആണെന്നും അതുകൊണ്ടാണ് പബ്ലിക് അക്കൗണ്ട് തുടങ്ങാത്തതെന്നും അന്ന് താരം പറഞ്ഞു. ‘എനിക്ക് ഇൻസ്റ്റഗ്രാം ആപ്പുണ്ട്, ഒരു രഹസ്യ അക്കൗണ്ടും ഉണ്ട്. ഞാൻ ചിലപ്പോൾ ബ്രൗസ് ചെയ്യാറുണ്ട്, പക്ഷേ അധികം ആസ്വദിക്കാറില്ല. ഓരോ തവണയും കുറച്ച് നേരം ബ്രൗസ് ചെയ്യുമ്പോൾ ഡിലീറ്റ് ചെയ്യുമെന്ന് വാക്ക് നൽകും, പക്ഷേ ഡിലീറ്റ് ചെയ്യാറില്ല’ എന്നായിരുന്നു അന്ന് സെയ്ഫിന്റെ വാക്കുകൾ.
മറ്റുള്ളവരുടെ കാര്യങ്ങൾ പോസ്റ്റ് ചെയ്യേണ്ട അവസ്ഥയിൽ കുടുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ സോഷ്യൽ മീഡിയയിലില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആരും എന്നോട് എന്തെങ്കിലും പ്രമോട്ട് ചെയ്യാൻ ആവശ്യപ്പെടാൻ താൽപര്യപ്പെടുന്നില്ല എന്നതിൽ ഞാൻ ശരിക്കും ആസ്വദിക്കുന്നു. അതുകൊണ്ട് എനിക്ക് ഒരുപാട് സമാധാനം കിട്ടുന്നു എന്നും താരം പറയുന്നു.
അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത 'ഹൈവാൻ' എന്ന ചിത്രത്തിലാണ് സെയ്ഫ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തിയ ചിത്രം 17 വർഷത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയായിരുന്നു. സെപ്റ്റംബറിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് എന്നാൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.