വെട്രിമാരൻ
തമിഴ് സിനിമയിലെ മുൻ നിര സംവിധായകനും നിർമാതാവുമാണ് വെട്രിമാരൻ. കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങി തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ വെട്രിമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് നിര്‍മിച്ചത്. ഇപ്പോഴിതാ താൻ ഇനി സിനിമകൾ നിർമിക്കില്ലെന്ന് പറയുകയാണ് വെട്രിമാരൻ. വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ബാഡ് ഗേള്‍ എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ബാഡ് ഗേള്‍ എന്ന് വെട്രിമാരന്‍ അറിയിച്ചു. ബാഡ് ഗേളും അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത 'മാനുഷി'യും കാരണമുണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും വെട്രമാരന്‍ വ്യക്തമാക്കി.
'നിര്‍മാതാവായതിനാല്‍ ഞാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ടീസറിനേയും ട്രെയിലറിനേയും കുറിച്ചുള്ളത് ഉള്‍പ്പെടെ സിനിമയെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളേയും ജാഗ്രതയോടെ സമീപിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിനുമേലുള്ള അധിക സമ്മര്‍ദമാകും ഇത്. ഈ സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായി. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
'മാനുഷി' ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവര്‍ ഒരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനക്കും വിധേയമായതാണ്. നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.' വെട്രിമാരന്‍ പറഞ്ഞു.
കുട്ടികളേയും കൗമാരക്കാരേയും വളരെ മോശമായി ചിത്രീകരിച്ചു എന്ന വിമര്‍ശനമാണ് ബാഡ് ഗേളിനെതിരെ വലിയതോതില്‍ ഉയര്‍ന്നത്. സിനിമയിലെ ജാതിയുടെ ചിത്രീകരണം യുവതലമുറയെ മോശമായി സ്വാധീനിക്കുമെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ജൂലായില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ടീസര്‍ വീണ്ടും യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.