യശ്വന്ത് സര്‍ദേശ് പാണ്ഡെ
പ്രശസ്ത കന്നഡ നാടക-സിനിമാ-ടിവി കലാകാരൻ യശ്വന്ത് സര്‍ദേശ് പാണ്ഡെ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടകത്തില്‍ അഭിനയിക്കാനായി ഞായറാഴ്ച ധര്‍വാദിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെത്തിയത്. നാടക-സിനിമാ കലാകാരിയായ മാലതിയാണ് ഭാര്യ.
കര്‍ണാടകയിലെ ബീജാപുര്‍ ജില്ലയിലെ ബസവന ബാഗെവാദി താലൂക്കിലെ ഉക്കാളിയിലാണ് യശ്വന്ത് സര്‍ദേശ് പാണ്ഡെ ജനിച്ചത്. ഹെഗ്ഗോഡുവിലെ നിനാസം തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ ഡിപ്ലോമ നേടി. 1996ല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് സിനിമാ ആന്‍ഡ് ഡ്രാമാ റൈറ്റിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം 60ലേറെ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഓരോ നാടകവും 500ലേറെ തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വടക്കൻ കർണാടകയിലെ പ്രത്യേകിച്ച് ധാർവാഡ് ഭാഷയിലുള്ള കോമഡി നാടകങ്ങളിലൂടെയാണ് യശ്വന്ത് സര്‍ദേശ് പാണ്ഡെ പ്രശസ്തനായത്.
ഷിമോഗയിലെ നാടകപ്രേമികള്‍ക്കിടയില്‍ നാഗേയ സര്‍ദാര്‍ എന്നാണ് യശ്വന്ത് സര്‍ദേശ് പാണ്ഡെ അറിയപ്പെടുന്നത്. കഠിനാധ്വാനം കൈമുതലാക്കിയ അദ്ദേഹം ‘ഓള്‍ ദി ബെസ്റ്റ്’ എന്ന വന്‍ വിജയമായി മാറിയ നാടകം എഴുതുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍, റേഡിയോ പരിപാടികള്‍ സംവിധാനം ചെയ്ത അദ്ദേഹം സിനിമയിലും കൈവെച്ചിട്ടുണ്ട്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരം 2010ല്‍ അദ്ദേഹത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.