ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവും നടനുമായ കെ. രാജനെ (85) ചെന്നൈയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച ആയിരുന്നു സംഭവം. 'തങ്കമാന തങ്കച്ചി', 'ചിന്ന പൂവൈ കിള്ളാതെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ നിർമാതാവാണ്. മരണകാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്. നടൻ പ്രഭുകാന്താണ് മകൻ.
കെ. രാജന്റെ അപ്രതീക്ഷിത വിയോഗ വാർത്ത തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ് ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മുതിർന്ന വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ എക്‌സിൽ കുറിച്ചു.
നടനും നിർമാതാവുമായ വിശാലും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. "രാജൻ സാറിന്റെ മരണവാർത്ത ഇപ്പോഴാണ് അറിഞ്ഞത്. അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് കേൾക്കുന്നത് വലിയ ഞെട്ടലാണ്. ധീരമായി സംസാരിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഡിസ്ട്രിബ്യൂട്ടർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഈ വാർത്ത ഏറെ സങ്കടകരമാണ്," എന്ന് വിശാൽ കുറിച്ചു.
മുതിർന്ന നിർമാതാവിന്റെ വിയോഗം തമിഴ് സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് നടൻ ശരത് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 1980 മുതൽ തമിഴ് സിനിമയിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത അന്ത്യത്തിൽ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
1983ൽ പുറത്തിറങ്ങിയ 'ബ്രഹ്മചാരികൾ' എന്ന ചിത്രത്തിലൂടെയാണ് കെ. രാജൻ നിർമാണ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 'ഡബിൾസ്', 'അവൾ പാവം', 'നിനൈക്കാത നാളില്ലൈ' തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. നിർമാണത്തിന് പുറമെ മികച്ചൊരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം. 'മൈക്കിൾ രാജ്', 'സ്വന്തക്കാരൻ', 'വീട്ടോടാ മാപ്പിള്ളൈ', 'പാമ്പ് സട്ടൈ', 'തുനിവ്', 'ബകാസുരൻ' ഉൾപ്പെടെയുള്ള തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.