പോൾ സക്കറിയ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രതിഭയായി മാറിയ നരേന്ദ്രപ്രസാദ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലായിരുന്ന രാത്രിയുടെ ഓർമ പങ്കുവെച്ച് പ്രമുഖ എഴുത്തുകാരൻ പോൾ സക്കറിയ. നരേന്ദ്രപ്രസാദ് അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് തൊട്ടുമുമ്പ് 1991ൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് പകർത്തിയ ഒരു അപൂർവ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സക്കറിയ ആ രാത്രിയെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്.
‘1991ൽ ഏറ്റുമാനൂരിലെ അദ്ദേഹത്തിന്റെ വാടക വീട്ടിൽ വെച്ചാണ് ഞാൻ ഈ ചിത്രം പകർത്തിയത്. ഡൽഹിയിൽ നിന്ന് പാലായിലേക്ക് പോകുന്ന വഴിക്ക് പ്രസാദിനെ കാണാൻ എത്തിയതായിരുന്നു ഞാൻ. അന്നേദിവസം രാത്രിയിൽ ഞങ്ങൾ ദീർഘനേരം സംസാരിച്ചിരുന്നു. അപ്പോഴാണ് താൻ പിറ്റേന്ന് മദ്രാസിലേക്ക് പോകുകയാണെന്നും അഭിനയത്തിലേക്ക് പൂർണമായി മാറാൻ തീരുമാനിച്ചുവെന്നും പ്രസാദ് എന്നോട് പറഞ്ഞത്,’ സക്കറിയ കുറിച്ചു.
ഒരു സുഹൃത്തെന്ന നിലയിൽ ആ തീരുമാനത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് താൻ ചോദിച്ചുവെങ്കിലും, ‘എന്താണെന്ന് അപ്പോൾ നോക്കാം, എനിക്കൊരു മാറ്റം വേണം’ എന്ന മറുപടിയാണ് പ്രസാദിൽ നിന്ന് ലഭിച്ചതെന്നും സക്കറിയ ഓർത്തു. രാത്രിയിലെ സംഭാഷണത്തിനിടെ തന്റെ കൈരേഖ നോക്കി തന്റെ ജീവിതത്തിൽ ഒരു ഭൂചലനം ഉണ്ടാകാൻ പോകുന്നു എന്ന് പ്രസാദ് നടത്തിയ പ്രവചനം സക്കറിയ ഇന്നും അത്ഭുതത്തോടെയാണ് കാണുന്നത്.
സക്കറിയയുടെ ഫേസ്ബുക്കിന്റെ പൂർണ രൂപം-
‘‘നരേന്ദ്ര പ്രസാദിന്റെ ഷർട്ടില്ലാത്ത ഈ ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ ആദ്യം മടിച്ചു. പിന്നെയാണ് ഓർത്തത് പ്രസാദ് ഷർട്ട് ഇല്ലാത്ത പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ എന്ന്. ഈ ചിത്രത്തിനു ഒരു കഥയുണ്ട്. എന്റെ ഓർമ ശരിയാണെങ്കിൽ 1991ൽ എപ്പഴോ ആണ് ഞാൻ ഈ ചിത്രം എടുത്തത്. സ്ഥലം പ്രസാദിന്റെ അതിരമ്പുഴയിലെ വാടക വീട്.
ഞാൻ ഡൽഹിയിൽ നിന്ന് ബംഗളൂരു - മൈസൂരു കൂടി പാലായിലേക്ക് പോകുന്ന വഴിക്ക് കോട്ടയത്തെത്തിയതായിരുന്നു. പ്രസാദിനെ വിളിച്ചു.രാത്രി കൂട്ടുകൂടാൻ തീരുമാനിച്ചു. ഞങ്ങൾ പാനോപചാരങ്ങളിലേക്ക് കടന്നു. എന്തെല്ലാമോ കാര്യങ്ങളെപ്പറ്റി സംസാരിച്ചു. പാതിരയും കഴിഞ്ഞു സമയം നീങ്ങി. അങ്ങനെ ഇരിക്കുമ്പോൾ പ്രസാദ് പറഞ്ഞു, ഞാൻ നാളെ മദ്രാസിനു പോകുകയാണ്. മുഴുസമയ അഭിനയത്തിലേക്ക് കടക്കാൻ തീരുമാനിച്ചു.
സുഹൃത്തുക്കളിൽ നിന്ന് അപ്രതീക്ഷിത വാർത്തകൾ കേട്ട് ധാരാളം പരിചയമുണ്ടായിരുന്നെങ്കിലും ഇതൊരു പ്രധാന തീരുമാനമാണല്ലോ എന്ന് ഞാൻ അദ്ഭുതപ്പെട്ടു. അതിന്റെ വരുംവരായ്കകളെ പറ്റി ഞാൻ പ്രസാദിനോട് ചോദിച്ചു. പ്രസാദ് ഫിലോസഫിക്കൽ ആയാണ് അതിനെ കണ്ടത്. ‘എന്താണെന്ന് അപ്പൊൾ നോക്കാം’, പ്രസാദ് പറഞ്ഞു. എനിക്ക് ഒരു മാറ്റം വേണം. അഭിനയത്തിൽ ഉയരും എന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞു എന്നും പറഞ്ഞു. അതുകൊണ്ടല്ല പ്രസാദ് അഭിനയജീവിതത്തിലേക്ക് പോയത് എന്ന് എനിക്കറിയാമായിരുന്നു. പ്രസാദിന്റെ ആത്മവിശ്വാസത്തെ ജ്യോത്സ്യന്റെ വാക്കുകൾ ബലപ്പെടുത്തിരിക്കാം, ഇല്ലായിരിക്കാം.
അങ്ങനെയിരിക്കുമ്പോൾ പ്രസാദ് പറഞ്ഞു, കൈ കാണിക്കൂ. ഞാൻ കൈ നീട്ടി. പ്രസാദ് കൈ പരിശോധിച്ചിട്ട് പറഞ്ഞു, സക്കറിയയുടെ ജീവിതത്തിൽ ഒരു ഭൂചലനം ഉണ്ടാകാൻ പോകുന്നു. അതെന്താണ് എന്ന് ഞാൻ ചോദിച്ചു എന്നാണ് ഓർമ. പ്രസാദ് കൃത്യമായി പറഞ്ഞുമില്ല. പ്രസാദ് പറഞ്ഞതുപോലെയുള്ള ഒന്ന് പിന്നീട് സംഭവിച്ചു.
ഞങ്ങൾ ഉറങ്ങാതെയിരുന്നു വർത്തമാനം തുടർന്നു. വെളുപ്പാൻ കാലത്ത് ഞാൻ പാലായിലേക്കുളള ബസ് പിടിക്കാൻ ഏറ്റുമാനൂർക്ക് പോയി. പ്രസാദ് അന്നു മദ്രാസ് മെയിലിൽ കയറിയിട്ടുണ്ടാവണം. ഒരാൾ ഒരു ഭൂചലനത്തിലേക്കും മറ്റൊരാൾ ഒരു പുതു ജീവിതത്തിലേക്കും കടന്ന് പോയി. പ്രസാദിന്റെ വഴിത്തിരിവിലെടുത്ത ചിത്രമാണിത്.’’
ഈ ഓർമക്കുറിപ്പ് നരേന്ദ്രപ്രസാദിന്റെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെയും കലാജീവിതത്തിലെയും അപൂർവ്വമായ നിമിഷങ്ങളെക്കുറിച്ചുള്ള ഇത്തരം വെളിപ്പെടുത്തലുകൾ വലിയ പ്രാധാന്യത്തോടെയാണ് സിനിമാപ്രേമികൾ നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.