മലയാള സിനിമയിൽ അതുല്യരായ പ്രതിഭകളാണ് മുരളിയും ഉർവശിയുമെല്ലാം. ഇരുവരും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാളികളെ വിട്ട് മുരളി പോയെങ്കിലും അദ്ദേഹത്തിന് ഇന്നും ആളുകളുടെ ഇടയിൽ ഒരു വലിയ സ്ഥാനമുണ്ട്. ഇപ്പോഴിതാ മുരളിയെ കുറിച്ചും ഭരതം സിനിമയിലെ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് ഉർവശി.
'മുരളി ചേട്ടൻ എന്‍റ വളരെ അടുത്തൊരു ബന്ധുവാണ്. ഞാൻ 'കൊച്ചേട്ടാ' എന്നാണ് വിളിച്ചിരുന്നത്. ആ അധികാരവും സ്വാതന്ത്ര്യവും മുരളി ചേട്ടൻ എപ്പോഴും എന്റെ അടുത്ത് എടുത്തിരുന്നു. ഭരതം ഒക്കെ നടക്കുമ്പോൾ ഞാൻ എപ്പോഴും ഇങ്ങനെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു.
ലാലേട്ടനും എല്ലാവരും ഒപ്പം ഇരിക്കുന്നുണ്ടാകും. അത് കൊച്ചേട്ടന് ഇഷ്‌ടമാവില്ല, അപ്പോൾ 'മോളെ മതി' എന്ന് അദ്ദേഹം പറയും. അത് കേൾക്കുമ്പോൾ പിണങ്ങി ഞാൻ എണീറ്റ് മുരളി.. എന്ന് പറഞ്ഞ് ഗ്യാപ്പിട്ട് കൊച്ചേട്ടാ എന്ന് വിളിക്കും. ഇതൊരു തമാശയായിട്ട് പല ദിവസങ്ങളിലും പറഞ്ഞു. പുള്ളി എന്നെ അടിക്കുമെന്ന് പറഞ്ഞു, പുള്ളി അടിക്കുമെന്ന് പറഞ്ഞാൽ അടിക്കും. അതിപ്പോൾ ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും. വാത്സല്യത്തോടെ ഒരടി എന്നേ ഉള്ളു. എന്നെ അടിക്കില്ല എന്നൊരു വിശ്വാസത്തിലാണ് ഞാൻ നടന്നിരുന്നത്.
അങ്ങനെ ഒരു ദിവസം ഞാൻ 'ഡാ മുരളി..കൊച്ചേട്ടാ..' എന്ന് വിളിച്ച് ഓടി. പിന്നെ ഞാൻ കാണുന്നത് ഓടി എന്‍റെ മുന്നിൽ വന്ന് നിൽക്കുന്ന മുരളി ചേട്ടനെയാണ്. 'പ്രായത്തിന് മുതിർന്നവരെ പേരെടുത്ത് വിളിക്കുന്നോ' എന്ന് ചോദിച്ച് അദ്ദേഹം ഒരു വിരൽ കൊണ്ട് എന്റെ കയ്യിൽ അടിച്ചു. എന്‍റെ വളരെ സെൻസിറ്റീവ് സ്കിന്നാണ്. അതുകൊണ്ടുതന്നെ ചെറുതായി ഒന്ന് അടിച്ചാൽ പോലും തിണർത്ത് വരും. എനിക്ക് വേദനിച്ചോന്നും ഇല്ല.
കുറച്ചു കഴിഞ്ഞ് ഒരു സീരിയസ് ഷൂട്ട് ചെയ്യാൻ ലാലേട്ടനും ഞാനും കൂടി നിൽക്കുകയായിരുന്നു, ഇതിനിടെ ഞാൻ എന്തൊക്കെയോ തമാശയൊക്കെ പറഞ്ഞിരുന്നു. 'സീരിയസ് സീനാണ് മിണ്ടാതിരി കൊച്ചെ' എന്ന് ലാലേട്ടൻ പറഞ്ഞു. അവിടെ നിന്ന കൊച്ചേട്ടൻ ഇതു കണ്ട് പറഞ്ഞു, ഇതിനൊക്കെ ചേർത്ത് ഞാൻ ഒരടി കൊടുത്തിട്ടുണ്ടെന്ന്.
ലാലേട്ടൻ നോക്കുമ്പോൾ എന്‍റെ കൈ ചുവന്ന് കിടക്കുകയാണ്. 'നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ, അതൊരു പെൺകൊച്ചല്ലേ, ചെറുതല്ല, എന്തെങ്കിലും കളി പറഞ്ഞ് നടക്കും. മോശമായി പോയി' എന്നൊക്കെ പറഞ്ഞ് ലാലേട്ടൻ അത് സീരിയസായി എടുത്തു. പിന്നെ എന്റെ കയ്യിലേക്ക് നോക്കിയപ്പോൾ മുരളി ചേട്ടന് പാവം തോന്നി,' ഉർവശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.