'ഹരിമുരളീരവം' ഗാനരംഗത്തിൽ ജഗന്നാഥന് പിടികൊടുക്കാതെ ഓടി മറയുന്ന ഒരു പെൺകുട്ടി. ഇടക്ക് മുഖം മറച്ച് ആ പെൺകുട്ടിയുടെ കണ്ണുകൾ മാത്രം കാണിക്കും. ആ ഗാനരംഗം ഇറങ്ങിയത് മുതൽ ആ പെൺകുട്ടി പ്രേക്ഷകരെ സംബന്ധിച്ചൊരു മിസ്റ്ററി ഗേളാണ്. ആരാണ് ആ പെൺകുട്ടി? ഉർവശിയുടെ കണ്ണുകൾ പോലെയുണ്ടല്ലോ എന്ന് സിനിമയിറങ്ങിയ കാലം മുതൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആറാം തമ്പുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയിൽ ഉർവശിയുടെ പേരുമുണ്ട്.
സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാൽ മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ആറാം തമ്പുരാനിൽ ഉർവശിയുണ്ടോ?
ഇപ്പോഴിതാ ഉർവശി തന്നെ ആ ചോദ്യത്തിന് ഉത്തരം പറയുകയാണ്. ആറാം തമ്പുരാനിൽ മധുമൊഴി രാധേ... എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ആ ഓടുന്നത് ചേച്ചിയല്ലേ? എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയയിരുന്നു ഉർവശി. ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്. എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല എന്നായിരുന്നു ഉർവശിയുടെ ഉത്തരം.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1997ൽ പ്രദർശനത്തിനിറങ്ങിയ ഹിറ്റ് ചിത്രമാണ് ആറാം തമ്പുരാൻ. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.