തൃഷ

'ടോക്സിക് മനുഷ്യരേ... നിങ്ങൾക്ക് എങ്ങനെയാണ് ഉറങ്ങാനാകുന്നത്?' ട്രോളന്മാർക്കെതിരെ തൃഷ

ചെന്നൈ: സമൂഹമാധ്യമത്തിൽ തന്നെ ട്രോളുന്നവർക്കെതിരെ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. ട്രോളുകൾ ശരിക്കും ഭയാനകമാണെന്ന് തൃഷ അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്നെ ട്രോളുന്നവർക്ക് ശക്തമായ മറുപടി നൽകിയത്.

'ടോക്സിക് മനുഷ്യരെ നിങ്ങൾ എങ്ങനെയാണ് ജീവിതം നയിക്കുന്നത്? എങ്ങനെയാണ് നന്നായി ഉറങ്ങുന്നത്? സാമൂഹമാധ്യമത്തിൽ ഇരുന്ന് മറ്റുള്ളവരെക്കുറിച്ച് അസംബന്ധം പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ ദിവസത്തെ ശരിക്കും മനോഹരമാക്കുമോ? നിങ്ങളെയും നിങ്ങളോടൊപ്പം താമസിക്കുന്നവരെയും ചുറ്റുപാടുമുള്ള ആളുകളെയും ഓർത്ത് ശരിക്കും വിഷമം തോന്നുന്നു. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ!' -തൃഷ കുറിച്ചു.

അജിത് കുമാറിനൊപ്പം തൃഷ അഭിനയിച്ച 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തു. അതിനിടയിലാണ് നടിയുടെ പ്രതികരണം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെങ്കിലും, ചിത്രത്തിലെ തൃഷയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനത്തെ നിരവധി പേർ പ്രശംസിച്ചു. അതേസമയം ചിലർ തൃഷയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല എന്നും അവകാശപ്പെടുന്നുണ്ട്.

അതേസമയം, ബോക്സ് ഓഫിസ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്.കോം റിപ്പോർട്ട് ചെയ്തതനുസരിച്ച് ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് ഏകദേശം 29.35 കോടി രൂപയുടെ മൊത്തം കളക്ഷൻ ചിത്രത്തിന് ലഭിച്ചു. അജിത്തിന്റെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Tags:    
News Summary - Trisha tells trolls: Really feel terrible for you guys!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.