തൃഷ
‘സ്നേഹം എപ്പോഴും ഉച്ചത്തിലാണ്’; വിജയ്‌യുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ വൈറലായി തൃഷയുടെ പോസ്റ്റ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി നടി തൃഷ കൃഷ്ണൻ. ഞായറാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയ്‌യുടെ കുടുംബാംഗങ്ങൾക്കൊപ്പം മുൻനിരയിൽ തന്നെ തൃഷ ഇടംപിടിച്ചിരുന്നു. ചടങ്ങിന് പിന്നാലെ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ചിത്രങ്ങളും ഇപ്പോൾ തമിഴകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തൃഷ കുറിച്ച കാപ്ഷനാണ് ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയത്. “സ്നേഹത്തിന് എപ്പോഴും ശബ്ദമേറും”എന്നായിരുന്നു താരം കുറിച്ചത്. വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആ ഗോസിപ്പുകളെ ശരിവെക്കുന്നതാണോ ഈ കുറിപ്പൊന്ന് ആരാധകർ ചോദിക്കുന്നു. ഇതിന് പിന്നാലെ ‘Blah Blah Blah’ എന്നെഴുതിയ കാർട്ടൂൺ ചിത്രത്തിനൊപ്പം IYKYK (If You Know You Know - അറിയുന്നവർക്ക് അറിയാം) എന്ന സ്റ്റോറിയും തൃഷ പങ്കുവെച്ചു. തങ്ങളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾക്കുള്ള തൃഷയുടെ നിഗൂഢമായ മറുപടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം തമിഴ്‌നാടിന്റെ വികസനത്തെക്കുറിച്ചും ഭാവി പദ്ധതകളെക്കുറിച്ചും വിജയ് നടത്തിയ പ്രസംഗം വേദിയിലിരുന്ന തൃഷയെ വികാരാധീനയാക്കി. വിജയ്‌യുടെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് നടി കണ്ണുകൾ തുടയ്ക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചടങ്ങിനിടെ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറെ തൃഷ ചേർത്തുപിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഈ ചരിത്ര നിമിഷത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമായി. 2025ൽ വിജയ്‌യും സംഗീതയും വിവാഹമോചിതരാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന കാലത്തും തെരഞ്ഞെടുപ്പ് വിജയ വേളയിലും സംഗീതയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വിജയ്‌യുടെ വീട്ടിൽ നടന്ന ചടങ്ങുകളിൽ തൃഷ പങ്കെടുത്തതും ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234ൽ 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുത്തത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി സിനിമ ഉപേക്ഷിക്കുകയാണെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ജനനായകൻ’ മെയ് മാസാവസാനം തിയറ്ററുകളിൽ എത്താനിരിക്കുകയാണ്. അതേസമയം, സൂര്യയ്ക്കൊപ്പമുള്ള ‘കറുപ്പ്’ എന്ന സിനിമയുടെയും തെലുങ്ക് ചിത്രം ‘വിശ്വംഭര’യുടെയും തിരക്കുകളിലാണ് തൃഷ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.