കരൺ ജോഹർ

കോഫി മഗ് താഴെവെച്ച് കരൺ ജോഹർ; രണ്ട് പതിറ്റാണ്ടിന് ശേഷം 'കോഫി വിത്ത് കരൺ' അവസാനിക്കുന്നു

ബോളിവുഡ് താരങ്ങളുടെ സ്വകാര്യ രഹസ്യങ്ങൾ ചികഞ്ഞ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്ന ജനപ്രിയ ചാറ്റ് ഷോക്ക് ഇനി തിരശ്ശീല വീഴുകയാണ്. സംവിധായകനും അവതാരകനുമായ കരൺ ജോഹർ തന്നെയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഷോകളിലൊന്നായ കോഫി വിത്ത് കരൺ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഒക്ടോബർ 14 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന ഒൻപതാം സീസണായിരിക്കും അവസാനത്തേത്.

2004ൽ ആരംഭിച്ച ഈ പരിപാടി ഇതിനോടകം 8 സീസണുകൾ പിന്നിട്ട് 161 എപ്പിസോഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹിന്ദി സിനിമാ ലോകത്തെ മുൻനിര താരങ്ങളെല്ലാം ഈ കാലയളവിൽ അതിഥികളായി എത്തിയിരുന്നു. അവസാന സീസൺ പ്രേക്ഷകരോടുള്ള നന്ദി സൂചകമായാണ് ഒരുക്കുന്നതെന്ന് കരൺ ജോഹർ പറഞ്ഞു. ചില യാത്രകൾ അവസാനിപ്പിക്കാൻ നമ്മൾ നേരത്തെ തീരുമാനിക്കാറില്ല, പക്ഷെ എപ്പോഴാണ് അതിനോട് വിട പറയേണ്ടതെന്ന് ഉള്ളിൽ തോന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഷോ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഭാഗമായിരുന്നുവെന്നും കരൺ കൂട്ടിച്ചേർത്തു. തനിക്ക് സൗഹൃദങ്ങളും ഓർമകളും ഭ്രാന്തൻ നിമിഷങ്ങളും ഒരുപാട് സ്നേഹവും ഒപ്പം വിവാദങ്ങളും സമ്മാനിച്ചത് ഈ ഷോ ആണെന്ന് കരൺ ജോഹർ പറഞ്ഞു. എന്നാൽ ഇതിലെല്ലാം ഒരിക്കലും മാറാതെ നിന്നത് പ്രേക്ഷകർ നൽകിയ പിന്തുണ മാത്രമായിരുന്നു.

അവർ ഷോയ്‌ക്കൊപ്പം ചിരിക്കുകയും തർക്കിക്കുകയും വിമർശിക്കുകയും ആഘോഷിക്കുകയും ചെയ്തു. എല്ലാത്തിനും ഉപരിയായി അവർ ഓരോ എപ്പിസോഡിനായും കാത്തിരുന്നു. പരിപാടിയോട് വിട പറയുന്നത് വൈകാരികമാണെങ്കിലും അതാണ് ശരിയായ തീരുമാനമെന്ന് തോന്നുന്നതായി കരൺ പറഞ്ഞു. നന്ദിയോടെയും സ്നേഹത്തോടെയും അവസാനമായി കോഫി മഗ് ഉയർത്തുകയാണെന്നും ഷോയെ ഇന്നത്തെ നിലയിൽ എത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്റ്റാർ വേൾഡ് ചാനലിലൂടെയാണ് കോഫി വിത്ത് കരൺ ആദ്യം പ്രേക്ഷകരിലേക്ക് എത്തിയത്. താരങ്ങളുടെ തുറന്നുപറച്ചിലുകളും കരണിന്റെ റാപ്പിഡ് ഫയർ റൗണ്ടുമാണ് ഷോയെ പെട്ടെന്ന് ജനപ്രിയമാക്കിയത്. പലപ്പോഴും ഷോയിലെ പരാമർശങ്ങൾ വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. കങ്കണ റണാവത്ത് തുടങ്ങിവെച്ച നെപ്പോട്ടിസം വിവാദവും ഹാർദിക് പാണ്ഡ്യയും കെ എൽ രാഹുലും പങ്കെടുത്ത എപ്പിസോഡും ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

2022ലാണ് ഷോ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറിയത്. വളരെ കുറച്ച് പരിപാടികൾക്ക് മാത്രം ലഭിക്കുന്ന വലിയൊരു ആരാധകവൃന്ദത്തെ ഈ ടോക്ക് ഷോയ്ക്ക് സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് ജിയോസ്റ്റാർ ഹിന്ദി ആൻഡ് ഇംഗ്ലീഷ് എന്റർടെയ്ൻമെന്റ് ബിസിനസ് മേധാവി അലോക് ജെയിൻ അഭിപ്രായപ്പെട്ടു.

മികച്ച ഉള്ളടക്കം നൽകി പ്രേക്ഷകരുമായി ശാശ്വതമായ ബന്ധം സ്ഥാപിച്ച ഷോയുടെ അസാധാരണ പാരമ്പര്യത്തെയാണ് കരൺ അവസാനമായി കോഫി മഗ് ഉയർത്തുമ്പോൾ ആഘോഷിക്കുന്നതെന്ന് അലോക് ജെയിൻ കൂട്ടിച്ചേർത്തു. പ്രേക്ഷകർക്ക് മികച്ച വിനോദം നൽകാൻ ജിയോഹോട്ട്സ്റ്റാർ പ്രതിജ്ഞാബദ്ധമാണെന്നും കോഫി വിത്ത് കരണിന്റെ അവസാന അധ്യായം എത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Karan Johar Ends Koffee With Karan After 20 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.