മിൻഹ ഫാത്തിമ

മിൻഹ ഫാത്തിമയുടെ സ്വരമാധുര്യം; സരിഗമപ വേദിയിൽ നിറഞ്ഞ കൈയടി

കോഴിക്കോട്: രാജ്യത്തെ വളർന്നുവരുന്ന മികച്ച ഗായകരെ കണ്ടെത്തുകയും, പിന്നണി ഗായകരായി വളരാൻ അവർക്ക് വേദി ഒരുക്കുകയും ചെയ്യുന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ ‘സരിഗമപ 2026’ ൽ തിളങ്ങി മിൻഹ ഫാത്തിമ. മനോഹരമായ ആലാപനത്തിലൂടെ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയിരിക്കുകയാണ് ഈ വയനാട്ടുകാരി.

360 ഡിഗ്രി സ്റ്റേജ്, നൂറിലധികം സംഗീതജ്ഞർ, വിപുലമായ കോറസ് സംഘം എന്നിവ ഒരുക്കിയാണ് സീ ടിവിയുടെ (Zee TV) ‘സരിഗമപ 2026’ (Sa Re Ga Ma Pa 2026) ഷോ. വലിയ ലൈവ് ഓർക്കസ്ട്രയെ സാക്ഷിനിർത്തിയുള്ള മിൻഹയുടെ പാട്ടുകൾ വിധികർത്താക്കളെയും ആവേശംകൊള്ളിച്ചു. ഷോയിലെ മികച്ച മത്സരാർഥികളിൽ ഒരാളായി മുന്നേറുന്ന മലയാളി ഗായികക്ക് സമൂഹ മാധ്യമങ്ങളിലും വൻപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൽപറ്റ എമിലി സ്വദേശിയായ മിൻഹ, പാട്ടുകാരൻ കൂടിയായ പിതാവ് അഷ്റഫിന്റെ പിന്തുണയിലാണ് നാഷണൽ പ്ലാറ്റ്‌ഫോമിൽ വരെ മത്സരാർഥിയായി എത്താൻ കഴിഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച മിൻഹ, ഒട്ടേറെ ഗാനമേളകളിലും പാടിയിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാന തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

കെട്ടിട നിർമാണ തൊഴിലാളിയായ അഷ്റഫ്, തൊഴിലിടങ്ങളിൽ ആലപിക്കുന്ന പാട്ടുകേട്ടാണ് മിൻഹ ചെറുപ്പത്തിലേ പാടിത്തുടങ്ങിയത്. കുടുംബത്തിന്റെ ശക്തമായ പിന്തുണയോടെയാണ് സംഗീത ലോകത്തേക്കുള്ള വരവ്. മകളുടെ സംഗീതത്തോടുള്ള താൽപര്യം തിരിച്ചറിഞ്ഞ്, അഷ്റഫ് തണലായി ഒപ്പം നിന്നു. ഹിന്ദി ഭാഷ ശരിയായി കൈകാര്യം ചെയ്യാൻ അറിയാതിരുന്നിട്ടും സ്വരമാധുര്യം മിൻഹയെ ദേശീയ വേദിയിൽ വരെ എത്തിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9:30 ന് സീ ടിവിയിലും സീ5 ആപ്പിലുമാണ് ‘സരിഗമപ 2026’ ഷോ. പ്രശസ്ത സംഗീതജ്ഞരായ ശങ്കർ മഹാദേവൻ, കുമാർ സാനു, നീതി മോഹൻ, ജാവേദ് അലി എന്നിവരാണ് ഈ സീസണിലെ സംഗീത ഗുരുക്കന്മാർ. ശ്രേയസ് തൽപഡെയാണ് അവതാരക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.