സൽമാൻ ഖാൻ
ഷോ ഓഫ് ചെയ്യാനല്ല, സിക്സ് പാക്ക് ഇല്ല എന്ന് കാണിക്കാനാണ് ഷർട്ട് ഊരിയത്, ഇപ്പോൾ ബോഡി അൺഫിറ്റാണെന്ന് സൽമാൻ ഖാൻ
ബിഗ് ബോസ് 20 ന്റെ കഴിഞ്ഞ ആഴ്ചത്തെ വീക്കെൻഡ് കാ വാർ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സൽമാൻ ഖാൻ വേദിയിൽ വെച്ച് ഷർട്ട് ഊരിയതാണ് ആരാധകരെ ഞെട്ടിച്ചത്. ഇപ്പോൾ ആ വൈറൽ മൊമെന്റിനെ കുറിച്ച് താരം തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
ബിഗ് ബോസ് ഹൗസിലെ മത്സരാർഥിയായ സ്കൗട്ട് മറ്റ് മത്സരാർഥികളെ ബോഡി ഷെയിം ചെയ്തതിനെ വിമർശിക്കുകയായിരുന്നു സൽമാൻ. അതിനിടെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ നേരിടുന്ന ക്രൂരമായ ട്രോളിങ്ങിനെ കുറിച്ചും സൽമാൻ സംസാരിച്ചു.
എന്തിനാണ് നിങ്ങൾ ട്രോൾ ചെയ്യുന്നത്? എന്താണ് നിങ്ങളുടെ മാനസികാവസ്ഥ? ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. 'ഭായ് മോട്ടാ ഹോ ഗയാ ഹെ' എന്നൊക്കെ പറയും. ഇതാ, ട്രോൾ ചെയ്തോ" എന്ന് വികാരഭരിതനായി പറഞ്ഞുകൊണ്ടാണ് സൽമാൻ ആദ്യം തൊപ്പി ഊരിയതും പിന്നീട് ജാക്കറ്റ് ഊരിയതും ഒടുവിൽ ഷർട്ട് ഊരി തന്റെ ശരീരം കാണിച്ചതും.
‘ആദ്യം നിങ്ങളെ തന്നെ നോക്കൂ. മറ്റുള്ളവരെ കമന്റ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം നോക്കൂ" എന്ന് സൽമാൻ ട്രോളന്മാർക്ക് മുന്നറിയിപ്പ് നൽകി. അപ്പോൾ ഹൗസിലെ മത്സരാർത്ഥികൾ മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സൽമാനെ പ്രോത്സാഹിപ്പിച്ചു. വിഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഈ സംഭവം വലിയ ചർച്ചയായതോടെ ഏറ്റവും പുതിയ വീക്കെൻഡ് കാ വാർ എപ്പിസോഡിൽ സൽമാൻ അതിന് മറുപടി നൽകി. താൻ സിക്സ് പാക്ക് കാണിക്കാൻ വേണ്ടിയല്ല ഷർട്ട് ഊരിയതെന്ന് സൽമാൻ വ്യക്തമാക്കി."ഞാൻ ഷർട്ട് ഊരിയത് സിക്സ് പാക്ക് ഇല്ല എന്ന് കാണിക്കാനാണ്. ഇപ്പോൾ സിക്സ് പാക്ക് ഒന്നുമില്ല. എന്തോ ആളുകൾക്ക് എന്റെ ബോഡി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഇപ്പോൾ ഒന്നുമായിട്ടില്ല. ഇനിയും സമയമുണ്ട്.
ഒന്നോ രണ്ടോ മാസമുണ്ട്. ഇത് വർക്ക് ഇൻ പ്രോഗ്രസ് ആണ്. ഫിറ്റ് ആയിട്ട് കാണിച്ചതല്ല, അൺഫിറ്റ് ആയിരിക്കുമ്പോൾ കാണിച്ചതാണ്" എന്നാണ് 59 കാരനായ സൽമാൻ തമാശരൂപേണ പറഞ്ഞത്. അടുത്ത സിനിമക്ക് വേണ്ടി താൻ കഠിനമായ വർക്ക്ഔട്ടിലാണെന്നും ഒന്നുരണ്ട് മാസത്തിനുള്ളിൽ പൂർണ ഫിറ്റ്നസിലേക്ക് എത്തുമെന്നും സൽമാൻ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 6 ന് ആരംഭിച്ച ബിഗ് ബോസ് 20 യിൽ അവതാരകനായി തുടരുകയാണ് സൽമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.