അമിതാഭ് ബച്ചൻ
ഷൂട്ടിനിടെ തെന്നി വീണു, മുട്ടിന് പരിക്ക്; എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ടെന്ന് അമിതാഭ് ബച്ചൻ
കൗൻ ബനേഗാ കരോട്പതിയുടെ 18-ാം സീസണിന്റെ ഷൂട്ടിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. ബുധനാഴ്ചത്തെ എപ്പിസോഡിലാണ് താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ എപ്പിസോഡിന്റെയും തുടക്കത്തിൽ സ്റ്റേജിന്റെ മധ്യത്തിൽ നിന്ന് തന്റെ സിഗ്നേച്ചർ മോണോലോഗ് പറയാറുള്ള ബിഗ് ബി, ഇത്തവണ തന്റെ സീറ്റിൽ ഇരുന്നാണ് സംസാരിച്ചത്. ഇതിൽ ആരാധകർക്ക് ആശങ്ക തോന്നിയപ്പോഴാണ് താരം കാര്യം തുറന്നു പറഞ്ഞത്.
‘സാധാരണ ഞാൻ സ്റ്റേജിന്റെ നടുവിൽ നിന്നാണ് മോണോലോഗ് പറയാറ്. എന്നാൽ ഇന്ന് എനിക്ക് മുട്ടിന് പരിക്കുണ്ട്. ഇന്നലെ ഷൂട്ടിനിടെ ഞാൻ തെന്നി വീണു, മുട്ടിന് പരിക്കേറ്റു. എഴുന്നേറ്റ് നിൽക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നതെന്നും’ അമിതാഭ് ബച്ചൻ പറഞ്ഞു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും 82കാരനായ താരം ആരാധകർക്ക് ഉറപ്പ് നൽകി.
82-ാം വയസ്സിലും കെ.ബി.സിയിൽ സജീവമായ ബിഗ് ബിക്ക് പരിക്കേറ്റ വാർത്ത ആരാധകരെ ആശങ്കയിലാഴ്ത്തി. ഇടത് മുട്ടിനാണ് പരിക്കേറ്റതെന്ന് താരം തന്നെ വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ "Get Well Soon Big B" ഹാഷ്ടാഗ് വൈറലായി. പരിക്ക് ഗുരുതരമല്ലെന്നും ഉടൻ ഷൂട്ടിങ് തുടരുമെന്നും താരം ഉറപ്പ് നൽകിയെങ്കിലും, വിശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
അതേസമയം അടുത്തിടെ തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങൾക്കും ബിഗ് ബി മറുപടി നൽകിയിരുന്നു. ‘വൈകി, റിട്ടയർ ചെയ്യാൻ സമയമായി’ എന്ന് ബ്ലോഗിൽ എഴുതിയതാണ് വിരമിക്കൽ വാർത്തകൾക്ക് കാരണമായത്. ഇതിനെ പരിഹസിച്ചുകൊണ്ട് അമിതാഭ് ബച്ചൻ പിന്നീട് ബ്ലോഗിൽ കുറിച്ചു. ‘ഞാൻ ബ്ലോഗിൽ എഴുതിയത് 'വൈകി, ഉറങ്ങാൻ പോകാൻ സമയമായി' എന്നാണ്. നമ്മൾക്കെല്ലാം അറിയാം റിട്ടയർ ടു ബെഡ് എന്നാൽ ഉറങ്ങാൻ പോകുക എന്നാണ് അർത്ഥം. ഇതാണ് മാധ്യമങ്ങൾ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.