ഓട്ടോറിക്ഷയിൽ ഷൂട്ടിങ് സെറ്റിലെത്തി രജനികാന്ത്; അമ്പരന്ന് ആരാധകർ
മൈസൂർ: തമിഴ് നടൻ രജനികാന്തിന്റെ പുതിയ ചിത്രമായ 'ധർമ്മൻ' ചിത്രീകരണത്തിനിടെയുണ്ടായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൈസൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലേക്ക് താരം സാധാരണ ഒരു ഓട്ടോറിക്ഷയിലാണ് എത്തിച്ചേർന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ തടിച്ചുകൂടിയ ആരാധകർക്ക് നടുവിലേക്ക് തികച്ചും അപ്രതീക്ഷിതമായി താരം ഓട്ടോയിൽ വന്നിറങ്ങിയത് ആരാധകരെ ഒരേസമയം അമ്പരപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്തു.
അശ്വത് മാരിമുത്ത് സംവിധാനം ചെയ്യുന്ന 'ധർമ്മൻ' എന്ന ചിത്രത്തിന്റെ ഔട്ട്ഡോർ ഷൂട്ടിങ് കാണാനായി നിരവധി ആരാധകരാണ് മൈസൂരിലെ ലൊക്കേഷനിൽ തടിച്ചുകൂടിയിരുന്നത്. രജനികാന്ത് സഞ്ചരിച്ച ഓട്ടോറിക്ഷക്ക് അകമ്പടിയായി സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കാത്തുനിന്ന ആരാധകർക്ക് നേരെ കൈവീശി ആശംസകൾ അർപ്പിച്ച ശേഷമാണ് താരം ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിച്ചത്. സെറ്റിന്റെ ഗേറ്റിന് പുറത്ത് ആരാധകരുടെ ആർപ്പുവിളികളുണ്ടായിരുന്നു. പുറത്തിറങ്ങിയ താരം തന്നെ കാണാൻ വേണ്ടി തടിച്ചുകൂടിയ ആരാധകരെ നേരിൽ കണ്ട് സ്നേഹം പങ്കിട്ടു.
കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. രജനികാന്ത് ഡോക്ടറുടെ വേഷത്തിൽ ചോരപുരണ്ട സർജിക്കൽ ബ്ലേഡുമായി നിൽക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ദി ഡെഡ്‌ലി ഡോക്ടർ' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. രജനികാന്തിനൊപ്പം സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇതിനിടയിൽ തെലുങ്ക് താരങ്ങളായ റാം പൊതിനേനിയും ശ്രീലീലയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന തരത്തിലുൽ ചിത്രങ്ങളും ലൊക്കേഷൻ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.