ശശികുമാറും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി തമിഴ് ബോക്സ് ഓഫിസിൽ വിജയകൊടി പാറിച്ച് മുന്നേറുകയാണ്. അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബജറ്റിന്റെ 100 ശതമാനവും തിരിച്ചുപിടിച്ചിട്ടുണ്ട്. 16 കോടിയായിരുന്നു ചിത്രത്തിന്‍റെ നിർമാണ ചെലവ്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എസ്. എസ് രാജമൗലി.
'സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ടൂറിസ്റ്റ് ഫാമിലിയെന്ന് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു. ടൂറിസ്റ്റ് ഫാമിലി എന്ന അതിമനോഹരമായ സിനിമ കണ്ടു. ഹൃദയസ്പർശിയായ നിരവധി നർമമുഹൂർത്തങ്ങൾ നിറഞ്ഞ സിനിമ. തുടക്കം മുതൽ അവസാനം വരെ സിനിമ എന്നെ കൗതുകപ്പെടുത്തി. അബിഷൻ ജീവിന്തിന്റെ മികച്ച രചനയും സംവിധാനവും. ചിത്രം ഒരിക്കലും മിസ് ചെയ്യരുത്'രാജമൗലി കുറിച്ചു.
സിനിമ ഇതുവരെ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറിയിരിക്കുകയാണ്. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.