തന്റെ അടുത്ത ചിത്രമായ തഗ് ലൈഫിന്റെ റിലീസിനായി ഒരുങ്ങുകയാണ് കമൽഹാസൻ. മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂൺ അഞ്ചിന് തിയറ്ററിൽ എത്തും. എന്നാൽ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കമൽഹാസൻ അവകാശപ്പെട്ടത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടയിൽ, കമൽഹാസന്റെ ചിത്രം കത്തിച്ചതിന് ബംഗളൂരു സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ബംഗളൂരുവിലെ പവിത്ര പാരഡൈസ് സർക്കിളിന് സമീപം റോഡിൽ ഗതാഗത തടസമുണ്ടാക്കി പൊതുജനങ്ങളെ ശല്യം ചെയ്തതതിനാണ് അറസ്റ്റ്.
അതേസമയം, കമൽഹാസൻ മാപ്പ് പറയാത്തപക്ഷം ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് (എഫ്.കെ.സി.സി) പ്രസിഡന്റ് എം. നരസിംഹലു അറിയിച്ചിട്ടുണ്ട്. പല കന്നട ഗ്രൂപ്പുകളും കമലിന്റെ സിനിമക്ക് നിരോധനം ആവശ്യപ്പെടുന്നുണ്ട്. നിലവിലെ വിവാദത്തിൽ നടൻ മാപ്പു പറയണമെന്നാണ് തങ്ങളുടെയും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും സ്നേഹത്തോടെ പറഞ്ഞ വാക്കുകളിൽ ഖേദപ്രകടനമില്ലെന്നും കമൽ ഹാസൻ പ്രതികരിച്ചിരുന്നു. സിനിമ വിലക്കണം എന്ന ആവശ്യം ഉയർന്നതിന് ശേഷവും മാപ്പ് പറയില്ലെന്ന് താരം ആവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.