അഭിനയ ലോകത്ത് ഉയരങ്ങളിൽ എത്തുക ഏതൊരു കലാകാരന്റെയും സ്വപ്നമാണ്. പോരാട്ടങ്ങൾ നിറഞ്ഞ ജീവിതത്തിലും അത്തരത്തിൽ ബോളിവുഡിലും ഹോളിവുഡിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നടനാണ് ഓം പുരി. സാമ്പത്തിക ബുദ്ധിമുട്ടുകൾ സാധാരണമായിരുന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ ബാല്യകാലം ദാരിദ്ര്യത്തിലാണ് ചെലവഴിച്ചത്. ആറാം വയസ്സിൽ തന്നെ കുടുംബം പോറ്റാൻ ചായക്കടയിൽ പാത്രങ്ങൾ കഴുകിയിരുന്നു ഓം പുരി.
1950 ഒക്ടോബറിൽ പഞ്ചാബിലെ പട്യാല ജില്ലയിലാണ് ഓം പുരി ജനിച്ചത്. കുടുംബത്തിലെ ആർക്കും അദ്ദേഹത്തിന്റെ കൃത്യമായ ജന്മദിനം അറിയില്ലായിരുന്നു. ചോദിച്ചാൽ, ദസറയിലാണ് അദ്ദേഹം ജനിച്ചതെന്ന് അമ്മ പറയും. അങ്ങനെ, ഒക്ടോബർ 18 ഓം പുരി തന്റെ ജന്മദിനമായി തീരുമാനിച്ചു. ജീവിതത്തിലെ ആദ്യത്തെ കുറച്ച് വർഷങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഒരിക്കൽ മോഷണക്കുറ്റത്തിന് ഓം പുരിയുടെ പിതാവ് ജയിലിലടക്കപ്പെട്ടു. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കി. ഈ സമയത്താണ് ആറ് വയസ്സുകാരൻ ഓം പുരി തന്റെ കുടുംബത്തെ സഹായിക്കാൻ ചായക്കടയിൽ പാത്രം കഴുകുന്ന ജോലി ചെയ്യാൻ തുടങ്ങിയത്.
പാത്രം കഴുകുന്ന ജോലിക്ക് പുറമേ, കുടുംബം പോറ്റാൻ ഓം പുരി വിവിധ ചെറിയ ജോലികൾ ചെയ്തു. ട്രെയിനുകളോട് അദ്ദേഹത്തിന് അഗാധമായ സ്നേഹമുണ്ടായിരുന്നു. ചില രാത്രികളിൽ ട്രെയിനിലായിരുന്നു ഉറക്കം. വളരുമ്പോൾ ലോക്കോ പൈലറ്റാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ വിധി അഭിനയ ലോകത്തേക്കാണ് എത്തിച്ചതെന്ന് മാത്രം. അദ്ദേഹം നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. ഓം പുരി തന്റെ അഭിനയത്തിലൂടെ ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ഹൃദയങ്ങൾ കീഴടക്കി.
1976ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ ഘാഷിരാം കോട്‌വലിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അമരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങിയ താരങ്ങളുടെ കൂടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം നിറഞ്ഞാടി. ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992) തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.
1990കളുടെ മധ്യത്തോടെയാണ് ഓം പുരി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങിയത്. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസ്സർ (2001) എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിൽ വേഷമിട്ടത് അതിനാലാണ്. ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.
വ്യക്തിജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടെങ്കിലും, തന്റെ സിനിമകളിലൂടെ അദ്ദേഹം എപ്പോഴും എല്ലാവരെയും ആകർഷിച്ചു. ഓം പുരി രണ്ടുതവണ വിവാഹം കഴിച്ചു. ആദ്യം സീമ കപൂറിനെയും പിന്നീട് പത്രപ്രവർത്തക നന്ദിത പുരിയെയും. 2017 ജനുവരി ആറിന് 66ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.