‘ഈ കാഴ്ച്ച ഹൃദയഭേദകം’; ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി അപർണ ബാലമുരളി

ഡൽഹിയില്‍ ഗുസ്തി താരങ്ങള്‍ക്കെതിരേ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതികരിച്ച് നടി അപർണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണയുടെ പ്രതികരണം. ‘ഈ കാഴ്ച്ച ഹൃദയഭേദകം’ആണെന്ന് നടി എഴുതി.

"നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്" എന്നാണ് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും ചേര്‍ത്തിട്ടുണ്ട്. അതേസമയം ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സമരത്തിന് നേതൃത്വം നൽകുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംങ് പൂനിയ എന്നിവരുൾപ്പെഝടെയുള്ള താരങ്ങൾക്കെതിരെയാണ് വിവിധ ഐ.പി.സി സെക്ഷനുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

ഗുസ്തി താരങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയതിന് കസ്റ്റഡിയിലായതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഒരു പുതിയ ചരിത്രം രചിക്കുന്നുവെന്നാണ് കേസ് രജിസ്റ്റർ ചെയ്തതിനെ കുറിച്ച് വിനേഷ് ഫോഗട്ട് പ്രതികരിച്ചത്.


ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് ഏഴു ദിവസങ്ങളെടുത്തു. എന്നാൽ സമാധാനപരമായി സമരം ചെയ്ത ഞങ്ങൾക്കെതിരെ കേസെടുക്കാർ ഏഴുമണിക്കൂർ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ? സർക്കാർ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവൻ കാണുന്നുണ്ട്. പുതിയ ചരിത്രം എഴുതപ്പെടുകയാണ്. -വിനേഷ് ​ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചതിന്റെ പേരിൽ ബജ്റംങ്പൂനിയ ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളുടെത് സമാധാനപരമായ സമരമാണെന്നും അതിന് തങ്ങൾക്ക് അവകാശമുണ്ടെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു.


​െപാലീസ് എന്നെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഒന്നും പറയുന്നില്ല. ഞാൻ എന്തെങ്കിലും കുറ്റം ചെയ്തോ? ബ്രിജ് ഭൂഷനെയാണ് ജയിലിലിടേണ്ടത്. ഞങ്ങളെ എന്തുകൊണ്ടാണ് ജയിലിലാക്കിയിരിക്കുന്നത്? - പൂനിയ ട്വിറ്ററിൽ കുറിച്ചു. ബജ്റംങ് പൂനിയയെ രാത്രി വൈകി ഒരു മണിക്ക് ശേഷമാണ് കസ്റ്റഡിയിൽ നിന്ന് വിട്ടത്.

വീണ്ടും സമരം ആരംഭിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. അതിനിടെ, ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ജന്തർ മന്തറിലെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് ഇനി പൊലീസ് അനുമതി നൽകിയേക്കില്ലെന്നാണ് സൂചന.

ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്.


Tags:    
News Summary - 'This sight is heartbreaking'; Actress Aparna Balamurali declared solidarity with wrestling stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.