ഒരു ചായ കുടിക്കാൻ പോയാലോ? നമ്മൾ പലരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. അത്തരത്തിൽ ഒരു ചായകുടിയുടെയും നടത്തത്തിന്‍റേയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ചായകുടിക്കാനായി ഒന്നിച്ച് നടക്കാനിറങ്ങിയത് തമിഴിലെ സൂപ്പർ താരങ്ങളാണ് എന്നതാണ് പ്രത്യേകത. ആദ്യ കാഴ്ചയിൽ യഥാർഥമെന്ന് തോന്നുമെങ്കിലും ചിത്രങ്ങൾ എ.ഐ നിർമിതമാണ്.
ഇരുട്ട് വീണുതുടങ്ങിയ ഒരു തെരുവിലൂടെ സിമ്പിൾ വേഷത്തിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ നടന്നു വരുന്നത് സങ്കൽപ്പിച്ചു നോക്കൂ. ആ കാഴ്ചയാണ് ഹൂ ഹൂ ക്രിയേഷൻസ് 80 എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച ചിത്രങ്ങളെ ജനപ്രിയമാക്കിയത്. കമൽഹാസൻ, രജനീകാന്ത്, അജിത് കുമാർ, സൂര്യ, വിജയ്, വിക്രം, ധനുഷ്, വിജയ് സേതുപതി, ശിവ കാർത്തികേയൻ എന്നിവരാണ് ആദ്യ ചിത്രത്തിലുള്ളത്.
രണ്ടാമത്തെ ചിത്രം രജനീകാന്തും കമൽഹാസനും വിജയ്യും അജിത്തും ഒന്നിച്ച് ചായകുടിക്കുന്നതാണ്. സൂര്യയും ധനുഷും വിക്രവും ചിമ്പുവും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ശിവ കാർത്തികേയനും വിജയ് സേതുപതിയും ഷോപ്പിങ് മാളിൽ സെൽഫി എടുക്കുന്ന ചിത്രം, പ്രഭുദേവയും വിശാലും വടിവേലുവും ബീച്ചിൽ ഡാൻസ് ചെയ്യുന്ന ചിത്രം, കാർത്തിയും ജീവയും രവി മോഹനും കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന ചിത്രം എന്നിവയും പേജിൽ പങ്കുവെച്ചിട്ടുണ്ട്.
കമൽഹാസൻ, രജനീകാന്ത്, അജിത് കുമാർ, സൂര്യ, വിജയ്, വിക്രം, വിശാൽ, വടിവേലു, ചിമ്പു എന്നിവർ ഒന്നിച്ച് ബീച്ചിൽ നിൽക്കുന്ന ചിത്രമാണ് അവസാനത്തേത്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷൻ. ചിത്രങ്ങൾ നാനോ ബനാന പ്രോ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഇൻസ്റ്റഗ്രാം പേജ് വ്യക്തമാക്കിയിട്ടുണ്ട്. നിരവധിപ്പേരാണ് ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങൾ അറിയിച്ചത്. തമിഴ് സിനിമ ഒറ്റ ഫ്രെയിമിലെന്നും ആർക്കും ഇത് എ.ഐ ആണെന്ന് പറയാനാവില്ലെന്നും അത്ര മനോഹരമാണെന്നുമുള്ള അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.