പ്രായമാകുന്നതിനെ ആളുകൾ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്? അത് വളരെ മനോഹരമാണ്; 30 കടന്നാലും ശക്തമായ റോളുകൾ നടിമാർക്ക് ലഭിക്കുന്നു -തമന്ന ഭാട്ടിയ

ബോളിവുഡിൽ നടിമാരുടെ കഥാപാത്രങ്ങൾക്ക് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള അതിർവരമ്പുകൾ ഇല്ലാതാവുന്നു എന്ന് തമന്ന ഭാട്ടിയ. 30 വയസ്സിനോടടുത്ത സ്ത്രീകൾക്ക് ഒടുവിൽ കരുത്തുറ്റ കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയിരിക്കുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും തമന്ന അഭിപ്രായപ്പെട്ടു. ചലച്ചിത്രമേഖലയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് തമന്ന അടുത്തിടെ സംസാരിച്ചിരുന്നു. മുമ്പ് 30 വയസ്സ് കഴിഞ്ഞാൽ നടിമാർക്ക് അമ്മ വേഷങ്ങളോ അല്ലെങ്കിൽ നായകന്റെ പ്രണയിനി എന്ന നിലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന റോളുകളോ ആണ് അധികവും ലഭിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം ഈ രീതിയെ മാറ്റിയിട്ടുണ്ട്.

‘ഇന്ന് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള യാതൊരു പരിമിതികളും ഞങ്ങളുടെ മുന്നിലില്ല. വിവാഹിതരായാലും പ്രായം 30 കടന്നാലും ശക്തമായ, കഥയുടെ കേന്ദ്രബിന്ദുവായ റോളുകൾ നടിമാർക്ക് ലഭിക്കുന്നു. ഞാൻ ഒരു നടിയായപ്പോൾ എനിക്കൊരു 10 വർഷത്തെ പദ്ധതിയുണ്ടായിരുന്നു. ഞാൻ അഭിനയം തുടങ്ങുമെന്നും, മുപ്പതുവരെ ജോലി ചെയ്യുമെന്നും, അതിനുശേഷം വിവാഹം കഴിച്ച് കുട്ടികളുണ്ടാകുമെന്നും കരുതി. ഭാഗ്യവശാൽ, എന്‍റെ ഇരുപതുകളുടെ അവസാനത്തിൽ തന്നെ എന്‍റേതായ ഒരിടം ഞാൻ കണ്ടെത്തി. അപ്പോഴേക്കും സിനിമാലോകം മികച്ച വേഷങ്ങൾ എഴുതാൻ തുടങ്ങിയിരുന്നു. ഇത് ഒരു പൊതുവായ മാറ്റമാണെന്ന് ഞാൻ കരുതുന്നു.

ഒരു നടി എന്ന നിലയിൽ ഉള്ളടക്കമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും തമന്ന കൂട്ടിച്ചേർത്തു. ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം പ്രേക്ഷകരുടെ കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ് എന്നാണ് തമന്നയുടെ വിലയിരുത്തൽ. സിനിമയുടെ വിജയത്തിനായി താരമൂല്യത്തെ മാത്രം ആശ്രയിക്കാതെ, കഥക്കും ഉള്ളടക്കത്തിനും പ്രാധാന്യം നൽകുന്ന പ്രവണത വർധിച്ചെന്നും താരം പറയുന്നു. പലരും പ്രായമാകുന്നതിനെ ഒരു രോഗം പോലെയാണ് കാണുന്നത്. പ്രായമാകുന്നത് വളരെ മനോഹരമാണ്. ആളുകൾ എന്തിനാണ് പ്രായമാകുന്നതിനെ ഇത്രയധികം ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല.

വൈവിധ്യമാർന്ന കഥകളും, ശക്തമായ വനിതാ കേന്ദ്രീകൃത കഥാപാത്രങ്ങളും അവതരിപ്പിക്കാൻ ഒ.ടി.ടി അവസരം നൽകി. കരിയറിന്റെ ഈ ഘട്ടത്തിൽ എനിക്ക് ലഭിക്കുന്ന മികച്ച റോളുകൾ, പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ കൂടുതൽ പ്രചോദനം നൽകുന്നു. ഭാവിയിൽ കൂടുതൽ ഉൾക്കൊള്ളുന്നതും ആരോഗ്യകരവുമായ ഒരു ചലച്ചിത്ര വ്യവസായമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാ നടിമാർക്കും അവരുടേതായ ഇടം നൽകുന്ന നിലവിലെ ട്രെൻഡ് തുടരുമെന്നും’ തമന്ന പറഞ്ഞു. 

Tags:    
News Summary - Tamannaah on how women in their 30s are finally getting juicy roles in Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.