തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ കാണാൻ 42 കർശന നിയമങ്ങളുണ്ടെന്ന ആരോപണങ്ങൾ തള്ളി നടന്റെ ഔദ്യോഗിക സംഘം രംഗത്ത്. ഈ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി ആരംഭിച്ചതായും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി. പ്രമുഖ ബ്രാൻഡ് മാനേജരായ കാവേരി ബറുവ സ്വീകൃതി ടോക്സ് എന്ന പോഡ്‌കാസ്റ്റിൽ പങ്കുവെച്ച വെളിപ്പെടുത്തലുകളാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
റോയൽ എൻഫീൽഡിന്റെ ബ്രാൻഡ് സ്ട്രാറ്റജി ടീമിൽ പ്രവർത്തിച്ചിരുന്ന കാവേരി ബറുവ, അല്ലു അർജുനെ കണ്ടുമുട്ടിയ അനുഭവം വിവരിക്കവെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ‘അദ്ദേഹത്തെ കാണുന്നതിന് മുമ്പ് 42 ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ ഒരു കുറിപ്പ് ഞങ്ങൾക്ക് ലഭിച്ചു. സാറിന്റെ കണ്ണുകളിൽ നോക്കരുത്, ഹസ്തദാനം ചെയ്യരുത് തുടങ്ങിയവ ഇതിൽ ഉണ്ടായിരുന്നു. അവർക്ക് മാനേജർമാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. വളരെ കർശനമായ പ്രോട്ടോക്കോളുകളാണ് അവർ പിന്തുടരുന്നത്’ കാവേരി ബറുവ പോഡ്കാസ്റ്റിൽ പറഞ്ഞു. ഈ വിഡിയോ വൈറലായതോടെ അല്ലു അർജുന്റെ പെരുമാറ്റത്തെക്കുറിച്ചും വലിയ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടന്നു.
ഔദ്യോഗിക പ്രസ്താവനയിലൂടെ അല്ലു അർജുന്റെ പ്രതിനിധികൾ ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചു. ‘അല്ലു അർജുനെക്കുറിച്ച് അടുത്തിടെ ഉണ്ടായ പരാമർശങ്ങൾ തികച്ചും അടിസ്ഥാനരഹിതവും അസത്യവുമാണ്. അദ്ദേഹം എപ്പോഴും അന്തസ്സോടും ബഹുമാനത്തോടും കൂടിയാണ് പെരുമാറുന്നത്. ഈ വ്യാജ ആരോപണങ്ങളെ ഞങ്ങൾ ഗൗരവമായി കാണുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഞങ്ങളുടെ നിയമവിഭാഗം മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ അല്ലു അർജുന്റെ ടീം വ്യക്തമാക്കി.
പോഡ്‌കാസ്റ്റിൽ ഈ നിയമങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കാവേരി തയാറായില്ല എന്നതും സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. എനിക്കെങ്ങനെ അറിയാം? കൂടുതൽ ഒന്നും ഞാൻ പറയില്ല എന്നായിരുന്നു അവരുടെ മറുപടി. വിവാദത്തിന് പിന്നാലെ കാവേരി തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും അല്ലു അർജുനെപ്പോലെയുള്ള ഒരു താരത്തിന് ഇത്രയും കടുപ്പമേറിയ നിയമങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമപോരാട്ടത്തിന് തന്നെയാണ് താരം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.